.
വെള്ള റേഷൻ കാർഡുകൾ കൈവശമുള്ളവർ മാർച്ച് 31-നകം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാക്കുമെന്ന തരത്തിൽ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നുണ്ട്. ഒരു വാട്‌സ്ആപ് സ്റ്റാറ്റസിന്റെ സ്‌ക്രീൻഷോട്ടാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. ഏപ്രിൽ ഒന്നാം തീയതി മുതൽ റേഷൻ സംവിധാനം കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നതിനാലാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നതെന്നാണ് അവകാശവാദം.
ഇതിലെ വാസ്തവമെന്തെന്ന് മാതൃഭൂമി പരിശോധിക്കുന്നു.

അന്വേഷണം
അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റ് പരിശോധിച്ചു. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന വിധമുള്ള അറിയിപ്പുകളൊന്നും സൈറ്റിൽ നൽകിയിട്ടില്ല. തുടർന്നുള്ള പരിശോധനയിൽ, ഈ പ്രചാരണം വ്യാജമാണെന്ന് അറിയിച്ചുകൊണ്ട് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ തന്നെ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടുണ്ടെന്ന് കണ്ടെത്തി.
വെള്ള കാർഡ് കൈവശമുള്ളവർ മാർച്ച് 31-നകം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് അസാധുവാകുമെന്ന പ്രചാരണവും വ്യാജമാണെന്നാണ് ഫേസ്ബുക്കിലൂടെ മന്ത്രി വ്യക്തമാക്കിയത്. മാത്രമല്ല, ഏപ്രിൽ ഒന്ന് മുതൽ റേഷൻ സംവിധാനം പൂർണ്ണമായും കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ട്.
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013 പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് ഇന്ത്യയിലെ പൊതുവിതരണ സംവിധാനം നടപ്പിലാക്കുന്നത്. ഈ പ്രവർത്തനരീതിയിൽ മാറ്റം വരുത്താനുള്ള അധികാരം പാർലമെന്റിനു മാത്രമാണ്. നിലവിൽ അത്തരത്തിലുള്ള ബില്ലുകൾ ഒന്നും തന്നെ പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം:
https://nfsa.gov.in/portal/PDS_page#:~:text=
റേഷൻ കാർഡുകൾ റദ്ദാക്കുന്നില്ലെങ്കിലും, അനർഹർ ആനുകൂല്യങ്ങൾ കൈക്കലാക്കുന്നതിനെതിരെ സിവിൽ സപ്ലൈസ് വകുപ്പ് നടപടികൾ കൈക്കൊള്ളുന്നുണ്ട്. ഇതിന്റെ ഭാഗമായി, ഒരംഗം മാത്രമുള്ള മഞ്ഞക്കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റാനാണ് വകുപ്പിന്റെ തീരുമാനം. ഒരാൾ മാത്രമുള്ള മഞ്ഞക്കാർഡുകൾ ഉപയോഗിച്ച് വ്യാപക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.

എ.എ.വൈ. മുൻഗണനാ പട്ടികയിൽനിന്നു പുറത്താക്കിയവരുടെ വിവരങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനർഹർ എന്ന് കണ്ടെത്തിയ 55,637 കാർഡുടമകളെയാണ് എ.എ.വൈ. പട്ടികയിൽനിന്ന് ഇതുവരെ പുറത്താക്കിയത്.
മുൻഗണനാ വിഭാഗത്തിൽ നിന്നും പുറത്താക്കിയവരുടെ വിവരങ്ങൾക്കായി സന്ദർശിക്കാം:
https://civilsupplieskerala.gov.in/eReport/
വാസ്തവം
വെള്ള റേഷൻ കാർഡ് കൈവശമുള്ളവർ ഈ മാസം 31-നകം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകുമെന്ന പ്രചാരണം വ്യാജമാണ്. ഇതുമാത്രമല്ല, കേന്ദ്ര സർക്കാർ സംസ്ഥാനത്തെ റേഷൻ സംവിധാനം ഏറ്റെടുക്കുമെന്ന വാദത്തിനും അടിസ്ഥാനമില്ല. സംസ്ഥാന വിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി തന്നെ ഇക്കാര്യം നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: White Ration Cards, Cancelled, Ration Shops, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..