.
ഇക്കഴിഞ്ഞ കർണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചത്. ഇതിനിടെ കോൺഗ്രസിനെതിരായി സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണങ്ങൾ നടക്കുന്നുണ്ട്. കോൺഗ്രസിന്റെ വിജയത്തോടെ കർണാടകത്തിൽ പാകിസ്താന്റെ കൊടി ഉയർന്നു തുടങ്ങി എന്നതാണ് ദൃശ്യങ്ങൾ സഹിതം പ്രചരിപ്പിക്കുന്നത്. ഈ ദൃശ്യങ്ങളുടെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഒരു റോഡിന്റെ സമീപത്തായുള്ള നിർമ്മിതിക്ക് മുകളിൽ പതാകകളും കയ്യിലേന്തി നിൽക്കുന്ന ഏതാനും യുവാക്കളെ കാണാം. ഇതിൽ ഒരു യുവാവിന്റെ പക്കൽ ചന്ദ്രക്കലയും നക്ഷത്രവും അടങ്ങിയ പച്ചനിറത്തിലുള്ള പതാകയാണ് ഉള്ളത്. ഈ കൊടിയാണ് വിവാദപ്രചാരണങ്ങൾക്ക് ആധാരം. ദൃശ്യങ്ങളിൽ കാണുന്ന മറ്റുള്ളവർ അംബേദ്കറുടെ ചിത്രം പതിഞ്ഞ നീല പതാകയും കോൺഗ്രസിന്റെ പതാകയും ഉയർത്തുന്നത് കാണാം.
ഇവ കൂടാതെ ഒരു കാവി കൊടി നിർമ്മിതിയുടെ മുകളിൽ കെട്ടിവെച്ചിട്ടുമുണ്ട്.
അന്വേഷണത്തിൽ ബി.ജെ.പിയുടെ ഐ.ടി. സെൽ തലവനായ അമിത് മാളവ്യയും പ്രസ്തുത ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തതായി കണ്ടെത്തി.
കോൺഗ്രസിന്റെ വിജയത്തിന് ശേഷം, ഭട്കലിൽ നിന്നുള്ള ദൃശ്യങ്ങൾ! എന്ന അവകാശവാദത്തോടെയാണ് അമിത് മാളവ്യ ഇവ ട്വീറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയായി ഇതേ ആഘോഷങ്ങളുടെ രാത്രിദൃശ്യങ്ങൾ പലരും പങ്ക് വെച്ചിരുന്നു. അവയിലെല്ലാം കോൺഗ്രസ് പതാക ഉൾപ്പെടെ മറ്റു പല കൊടികളും കാണാൻ സാധിക്കും.
പ്രചാരണങ്ങളിൽ അവകാശപ്പെടുന്നതുപോലെ ദൃശ്യങ്ങളിലുള്ളത് പാകിസ്താന്റെ കൊടിയല്ല.
%20(1).jpg?$p=309e9c1&&q=0.8)
പാകിസ്താന്റെ കൊടിയിൽ പച്ചനിറത്തോടൊപ്പം, ഇടതുവശത്തായി തൂവെള്ള നിറവുമുണ്ട്. അതിനാൽ പ്രചരിക്കുന്ന ദൃശ്യത്തിലുള്ള കൊടിയും പാകിസ്താന്റെ പതാകയും രണ്ടും രണ്ടാണ്.
വിശദമായ പരിശോധനയിൽ ഈ വീഡിയോ ഉത്തര കന്നഡ ജില്ലയിലെ തീരദേശ പട്ടണമായ ഭട്കലിൽ നിന്നാണെന്നു സ്ഥിരീകരിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായ മങ്കൽ വൈദ്യ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഭട്കൽ നിയമസഭാ മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് കോൺഗ്രസിന്റെ വിജയമാഘോഷിക്കാൻ ഭട്കൽ നഗരത്തിലെ ഷംസുദ്ദീൻ സർക്കിളിൽ പ്രദേശത്തെ ഹിന്ദു-മുസ്ലിം ദളിത് അംബേദ്കറൈറ്റ് സംഘടനകളുടെ പ്രവർത്തകർ എത്തിയിരുന്നു.
ഭട്കലിലെ പ്രാദേശിക മുസ്ലിം സംഘടനയായ ബാസ്മേ ഫൈസുർ റസൂലിന്റെ കൊടിയാണ് പ്രസ്തുത ദൃശ്യങ്ങളിലുള്ളത്. ഷംസുദ്ദീൻ സർക്കിളിലെ വിജയാഘോഷം സംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
പാക്കിസ്താൻ പതാക ഉയർത്തി എന്ന പ്രചാരണം വ്യാപകമായതിനെ തുടർന്ന് ഉത്തര കന്നഡ ജില്ലാ പോലീസ് സൂപ്രണ്ട് എൻ. വിഷ്ണുവർദ്ധന ഇതിലെ വസ്തുത വ്യക്തമാക്കിയിരുന്നു. 'സംഭവസ്ഥലത്തു ഉപയോഗിച്ചത് പാകിസ്താന്റെ കൊടിയല്ല. പ്രകടനത്തിൽ പങ്കെടുത്ത പ്രാദേശിക മുസ്ലിം സംഘടനയിലെ പ്രവർത്തകർ ഉപയോഗിച്ച കൊടിയാണത്. ഞങ്ങൾ അത് സ്ഥിരീകരിച്ചിരുന്നു' എന്നാണ് പ്രാദേശിക മാധ്യമമായ വാർത്ത ഭാരതിയോട് അദ്ദേഹം പ്രതികരിച്ചത്. സാമൂദായിക കലഹം ഉണ്ടാക്കുന്ന തരത്തിൽ പ്രസ്തുത വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
വാസ്തവം
കോൺഗ്രസിന്റെ വിജയാഘോഷത്തിനിടെ പാകിസ്താന്റെ പതാക ഉയർത്തി എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് പാകിസ്താന്റെ പതാകയല്ല, മറിച്ച് ഭട്കലിലെ പ്രാദേശിക മുസ്ലിം സംഘടനയുടെ കൊടിയാണ്.
Content Highlights: Karnataka Congress Win, Pakistan Flag, Fake News, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..