കടപ്പാട്: സാമൂഹ്യമാധ്യമങ്ങൾ
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ കോൺഗ്രസിന് ആശംസകൾ അറിയിച്ച് കൊണ്ട് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് നടത്തിയ ട്വീറ്റിന്റെതെന്ന തരത്തിൽ ഒരു ചിത്രം സാമൂഹ്യമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. വൻഭൂരിപക്ഷത്തോടെ കോൺഗ്രസിനെ ഭരണത്തിൽ തിരിച്ചെത്തിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് ട്വീറ്റ്. എസ്.ഡി.പി.ഐയുമായി ചേർന്ന് ഇന്ത്യയിൽ ഇസ്ലാം മതവും, കർണാടകയുടെ പരമാധികാരവും ശക്തിപ്പെടുത്താൻ കോൺഗ്രസിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇതിൽ കുറിച്ചിട്ടുണ്ട്. ഉറുദുവിലാണ് പ്രസ്തുത ട്വീറ്റുള്ളത്. ഇതിന്റെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
പ്രചരിക്കുന്ന ചിത്രത്തിന്റെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ച് ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യ സ്വാമിയും ഈ ചിത്രം ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്. വിശദമായ പരിശോധനയിൽ, കർണാടക തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഏതാണ്ട് അവസാനഘട്ടത്തിലാകുകയും കോൺഗ്രസ് പാർട്ടിയുടെ വിജയം ഉറപ്പിക്കുകയും ചെയ്ത സമയം മുതലാണ് ഈ ചിത്രം പ്രചരിച്ച് തുടങ്ങിയതെന്ന് കണ്ടെത്തി.
സോഷ്യൽ ബ്ലേഡ് എന്ന അനലിറ്റിക്കൽ ടൂൾ ഉപയോഗിച്ച് ഷഹബാസ് ശരീഫിന്റെ ട്വിറ്റർ ഹാൻഡിൽ വിശദമായി പരിശോധിച്ചു. അന്വേഷണത്തിൽ, കർണാടക വോട്ടെണ്ണൽ ദിനമായ 2023 മെയ് 13-ന് ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകളൊന്നും അദ്ദേഹം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.

പാകിസ്താൻ സൈനിക മേധാവിക്കെതിരായ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോപണങ്ങളെ എതിർത്തും ബലൂചിസ്ഥാനിൽ നടന്ന തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ടുമാണ് അന്നേ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുള്ളത്.

വിശദമായ പരിശോധനയിൽ, കർണാടക തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും പാക് പ്രധാനമന്ത്രിയുടെ പേരിൽ മറ്റൊരു ട്വീറ്റിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോൺഗ്രസിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന ഷഹബാസ് ശരീഫ് എന്ന തരത്തിലാണ് അന്ന് ആ ചിത്രം പ്രചരിച്ചത്. പി.എഫ്.ഐക്ക് മേൽ ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ നിരോധനം നീക്കി സംസ്ഥാനത്ത് ഇസ്ലാം മതം ശക്തിപ്പെടുത്തുവാൻ കോൺഗ്രസിന് മാത്രമേ കഴിയുവെന്നും അതിലൂടെ, 2047-ഓടെ ഇന്ത്യ കീഴടക്കുക എന്ന സ്വപ്നം നിറവേറ്റാനാവുമെന്നുമാണ് ഈ ട്വീറ്റിൽ കുറിച്ചിരുന്നത്. എന്നാൽ, പരിശോധനയിൽ ഈ ചിത്രവും വ്യാജമാണെന്ന് കണ്ടെത്തി.

വാസ്തവം
കോൺഗ്രസിനെ വിജയിപ്പിച്ച കർണാടകയിലെ ജനങ്ങൾക്ക് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നന്ദി പറഞ്ഞു എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. ഷഹബാസിന്റെ ട്വീറ്റ് എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. നേരത്തെ കർണാടക തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ഷഹ്ബാസ് ഷെരീഫിന്റെ ട്വീറ്റ് എന്ന വാദത്തോടെ മറ്റൊരു ചിത്രവും പ്രചരിച്ചിരുന്നു.എന്നാൽ കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം ട്വീറ്റുകൾ ഒന്നും തന്നെ നടത്തിയിട്ടില്ല എന്നതാണ് വാസ്തവം.
Content Highlights: Karnataka Assembly Election Result 2023,Pakistan PM Tweet, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..