.
ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി. നിർമ്മിച്ച ഇന്ത്യ: ദി മോദി ക്വസറ്റിയൻ എന്ന ഡോക്യുമെന്ററി രാജ്യത്ത് വലിയ വിവാദങ്ങൾക്കു തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യ ജി20-ക്ക് ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ഡോക്യൂമെന്ററിയെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്താകമാനം പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്.
ഈ പശ്ചാത്തലത്തിൽ ബി.ബി.സിയുടെ 'ഇന്ത്യാ വിരുദ്ധ' ഡോക്യൂമെന്ററിക്കെതിരെ ബ്രിട്ടീഷ് ജനത ലണ്ടനിലെ തെരുവുകളിൽ പ്രതിഷേധിക്കുന്നു എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രസ്തുത ദൃശ്യങ്ങളുടെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
40 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒരു കെട്ടിടസമുച്ചയത്തിന് മുന്നിൽ തടിച്ചുകൂടിയ ജനാവലി 'ഷെയിം ഓൺ യു' എന്ന മുദ്രാവാക്യം വിളിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. തുടർന്ന് സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്ന വലിയ സ്‌ക്രീനിൽ ഒരു സ്ത്രീ പ്രസംഗിക്കുന്നതും കാണാം. ബി.ബി.സി. നിർത്തലാക്കണമെന്ന് ഇവർ ജനങ്ങളോട് പറയുന്നതും അവരത് മുദ്രാവാക്യമായി ഉയർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദൃശ്യങ്ങളുടെ വലതുവശത്തായി 'ഒറാക്കിൾ ഫിലിംസ്' എന്ന വാട്ടർമാർക്ക് നൽകിയിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സിനിമ നിർമ്മാണ കമ്പനിയാണിത്. പ്രചരിക്കുന്ന ദൃശ്യങ്ങൾ ഒറാക്കിൾ ഫിലിംസ് അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ജനുവരി 24-ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, വാക്‌സിൻ വിരുദ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയാണിത്.
ലണ്ടനിലെ ബി.ബി.സി. ആസ്ഥാനമായ പോർട്‌ലാൻഡ് ഓഫീസിനു മുന്നിൽ ജനുവരി 21-നായിരുന്നു ഇത്. ട്രൂത് ബി ടോൾഡ് എന്ന കൂട്ടായ്മയാണ് പ്രതിഷേധ പ്രകടനത്തിന് പിറകിൽ. ബി.ബി.സി. ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാക്സിന്റെ പാർശ്വഫലങ്ങളെ തുടർന്നുണ്ടാകുന്ന മരണങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന ആരോപണം ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ഈ പ്രതിഷേധ പരിപാടിയുടെ ഏതാനും ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായ അവകാശവാദങ്ങളോടെ പ്രചരിക്കുന്നത്.
https://twitter.com/OracleFilmsUK/status/1617475480357306369
https://twitter.com/CoviLeaksCVVAM/status/1617484731137904640
വാസ്തവം
ബി.ബി.സിയുടെ വിവാദ ഡോക്യൂമെന്ററിക്കെതിരെ പ്രതിഷേധിക്കുന്ന ബ്രിട്ടീഷ് ജനത എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബി.ബി.സിയുടെ ലണ്ടനിലെ ആസ്ഥാനത്ത് വാക്സിൻ വിരുദ്ധർ നടത്തിയ പ്രതിഷേധ പരിപാടിയുടെ ദൃശ്യങ്ങളാണ് തെറ്റായ അവകാശവാദങ്ങളോടെ പ്രചരിക്കുന്നത്.
Content Highlights: Documentary on Gujarat Violence, Narendra Modi, India The Modi Question, Protest, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..