.
വേനലവധി കഴിഞ്ഞ് പുത്തൻ പാഠപുസ്തകങ്ങളും കൈകളിലേന്തി കുരുന്നുകൾ സ്‌കൂളുകളിലെത്തി. കേരളത്തിൽ ഇപ്പോൾ സ്‌കൂൾ തുറക്കലിന്റെ ആവേശഭരിതമായ അന്തരീക്ഷമാണെങ്കിൽ ദേശീയതലത്തിൽ സ്‌കൂൾ കുട്ടികളുടെ സിലബസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചുട്ടുപൊള്ളുകയാണ്. ഗുജറാത്ത് കലാപം, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ തുടങ്ങി സുപ്രധാനമായ ചില പാഠഭാഗങ്ങൾ പുസ്തകങ്ങളിൽനിന്ന് ഒഴിവാക്കാനായി കേന്ദ്ര സർക്കാരിന് കീഴിലുള്ള എൻ.സി.ഇ.ആർ.ടി. തീരുമാനം എടുത്തിരിക്കുകയാണ്. ഈ നടപടിക്കെതിരെ കേരള സർക്കാർ ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്.
ഇതിനിടെയാണ് കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന പാഠഭാഗത്തിന്റേതെന്ന തരത്തിലുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇസ്ലാം മതവിശ്വാസവുമായി ബന്ധപ്പെട്ടുള്ള ഒരു പാഠഭാഗത്തിന്റേതാണ് ഈ വൈറൽ ചിത്രം. സംസ്ഥാന സർക്കാർ അച്ചടിച്ച ടെക്സ്റ്റ്ബുക്കിലേതെന്ന തരത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ യാഥാർഥ്യമെന്തെന്ന് അന്വേഷിക്കുന്നു.
.jpg?$p=8130b6d&&q=0.8)
അന്വേഷണം
മഴയെ കുറിച്ചുള്ള ഒരു പാഠഭാഗമാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. ഒരു ഉമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണമാണ് ഇതിൽ. മഴയുമായി ബന്ധപ്പെട്ട മതപരമായ വിശ്വാസത്തെ ഉമ്മ തന്റെ മകന് പറഞ്ഞുകൊടുക്കുന്നതാണ് ഈ പാഠത്തിന്റെ ഉള്ളടക്കം. എത്രാമത്തെ ക്ലാസ്സിലെ കുട്ടികൾക്കുള്ള പുസ്തകത്തിലാണ് ഇങ്ങനെയൊരു പാഠമുള്ളതെന്ന പ്രചാരണങ്ങളിൽ വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സർക്കാരിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി. പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകങ്ങളാണ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ഉപയോഗിക്കുന്നത്. എന്നാൽ, എസ്.സി.ഇ.ആർ.ടി.യുടെ പുസ്തകങ്ങളിലൊന്നും ഇത്തരത്തിലൊരു പാഠഭാഗമില്ല എന്നത് അന്വേഷണത്തിൽ വ്യകതമായി.
എസ്.സി.ഇ.ആർ.ടി. പുസ്തകങ്ങൾക്കായി സന്ദർശിക്കാം: https://samagra.kite.kerala.gov.in/#/textbook/page
തുടർന്നുള്ള പരിശോധനയിൽ, 2022-ലും ഇതേ ചിത്രം വിവിധ അവകാശവാദങ്ങളോടെ പ്രചരിച്ചിരുന്നതായി കണ്ടെത്തി. കേരള നദ്വത്തുൽ മുജാഹിദീൻ എന്ന ഇസ്ലാമിക സംഘടനയുടെ മദ്രസകളിൽ പഠിപ്പിക്കുന്ന പുസ്തകത്തിലുള്ള പാഠഭാഗമാണിതെന്നാണ് അന്നത്തെ ചില ട്വീറ്റുകളിൽ അവകാശപ്പെടുന്നത്.
തുടർന്ന്, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള നദ്വത്തുൽ മുജാഹിദീന്റെ അധികൃതരുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന ചിത്രത്തിലെ പാഠഭാഗം തങ്ങളുടെ മദ്രസകളിൽ പഠിപ്പിക്കുന്ന പുസ്തകത്തിൽ നിന്നുള്ളതാണെന്ന് അവർ സ്ഥിരീകരിച്ചു. മദ്രസ്സകളിലെ ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള 'ഇസ്ലാമിക ബാലപാഠാവലി' എന്ന പുസ്തകത്തിലാണ് ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിൽ കാണുന്ന ഭാഗമുള്ളത്. നദ്വത്തുൽ മുജാഹിദീന്റെ യൂട്യൂബ് ചാനലായ 'റെനൈ ടിവി'യിൽ ഈ പാഠം പഠിപ്പിക്കുന്ന വീഡിയോ ലഭ്യമാണ്. 2020 ജൂൺ 20-ന് പ്രസിദ്ധീകരിച്ച വീഡിയോയിൽ, വൈറലായ പാഠഭാഗത്തിന്റെ ചിത്രവും കാണാം.
വാസ്തവം
സംസ്ഥാന സർക്കാർ തയാറാക്കുന്ന പാഠപുസ്തകങ്ങളിൽ ഇസ്ലാം മതവിശ്വാസ പ്രകാരമുള്ള ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. കേരള നദ്വത്തുൽ മുജാഹിദീൻ എന്ന ഇസ്ലാമിക സംഘടനയുടെ മദ്രസകളിൽ പഠിപ്പിക്കുന്ന പുസ്തകത്തിൽ നിന്നുള്ള ചിത്രമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Text Book, Religious References, Islamic, KNM, Fact Check


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..