Factcheck Desk
അഫ്ഗാനില്‍ താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചതിന് തൊട്ടടുത്ത ദിവസം 'അഫ്ഗാനിസ്താന്‍ റെസിസ്റ്റന്‍സ് പഞ്ചശീര്‍വാലി' എന്ന ട്വിറ്റര്‍ അകൗണ്ടില്‍ രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരപീഡനം നടക്കുന്നതായി കാണിച്ച് ദൃശ്യം പോസ്റ്റ് ചെയ്തു. താലിബാന്‍ ഭരണത്തിന് കീഴില്‍ രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥയെന്ന ക്യാപ്ഷനോടെയാണ് ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
സ്വയം നടക്കാന്‍ പോലുമാകാത്ത തരത്തില്‍ ഭീകരര്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചതായാണ് പോസ്റ്റില്‍ പറയുന്നത്. ദൃശ്യങ്ങളില്‍ രണ്ടു പേര്‍ ചേര്‍ന്ന് ഒരു യുവാവിനെ താങ്ങിയെടുത്തിട്ടുണ്ട്. ഇവരുടെ സഹായത്തോടെയാണ് അയാള്‍ നടക്കുന്നത്. മുഖത്തും പരിക്കേറ്റ പാടുകളുമുണ്ട്. ദൃശ്യത്തിന്റെ ആധികാരികത ഉറപ്പാക്കേണ്ടതുണ്ട്.
അന്വേഷണം
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗത്തായി നടക്കുന്ന പ്രക്ഷേഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് താലിബാന്‍ ഭീകരര്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. 2021 സെപ്തംബര്‍ എട്ടിനു വൈകീട്ടാണ് വീഡിയോ പോസ്റ്റ ചെയ്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചതില്‍നിന്ന് അഫ്ഗാനിലെ മാധ്യമസ്ഥാപനമായ എതിലാത്രേസിലെ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായി ട്വീറ്റുകള്‍ ലഭിച്ചു. മാധ്യമസ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ സൈറ്റും അതില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത് സംബന്ധിച്ച വാര്‍ത്തയും ലഭിച്ചു.
മാധ്യമസ്ഥാപനം നല്‍കിയ വാര്‍ത്തയില്‍ താഖി ദര്യാബി, നെമത്തുള്ള നഖ്ദി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പുതിയ താലിബാന്‍ സര്‍ക്കാരില്‍ സ്ത്രീ പ്രാതിനിധ്യം ഇല്ലാത്തതിനെതിരെ അഫ്ഗാന്‍ വനിതകള്‍ സെപ്തംബര്‍ ഏഴിന് പശ്ചിമ കാബൂളിലെ കാര്‍ത്തെ ചാര്‍ പ്രദേശത്ത് പ്രതിഷേധിച്ചിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെയാണ് താലിബാന്‍ ഭീകരര്‍ പിടിച്ചുകൊണ്ടുപോവുകയും മുറിയില്‍ പൂട്ടിയിട്ട് വയറുപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിച്ചത് എന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്.
നാല് മണിക്കൂര്‍ തടഞ്ഞവച്ചശേഷം ഇരുവരെയും വിട്ടയച്ചു. ഇവരെക്കൂടാതെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകരെയും തടഞ്ഞു വയ്ക്കുകയും പിന്നീട് വിട്ടയച്ചതായും റിപ്പോര്‍ട്ടിലുണ്ട്. സെപ്തംബര്‍ ഏഴിന് അഫ്ഗാനിലെ ടോളോ ന്യൂസ് ഫോട്ടോ ജേര്‍ണലിസ്റ്റ് വാഹിദ് അഹ്‌മദിയെയും തടഞ്ഞു വയ്ക്കുകയും ക്യാമറ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ താഖിയെയും നെമത്തുള്ളയെയും ശാരീരികമായി ഉപദ്രവിച്ചത് എന്തിനെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുവരുടെയും മുതുകിലും നടുവിനുമായി മര്‍ദനമേറ്റതിന്റെ ചിത്രങ്ങളാണ് വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നത്. വാര്‍ത്താചിത്രത്തില്‍ മുഖം വ്യക്തമാകാത്തതിനാല്‍ ദൃശ്യത്തില്‍ കാണുന്ന വ്യക്തി എതിലാത്രസിലെ മാധ്യമപ്രവര്‍ത്തകനാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. വാര്‍ത്തയില്‍നിന്നു ലഭിച്ച പേരുകള്‍ സമൂഹ മാധ്യമങ്ങളില്‍ തിരഞ്ഞതില്‍നിന്നു താഖി ദര്യാബിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലഭിച്ചു, അദ്ദേഹം എതിലാത്രോസിലാണ് ജോലി ചെയ്യുന്നതെന്ന് ഇന്‍സ്റ്റയില്‍ നല്‍കിയിട്ടുണ്ട്. ഇതിലെ ചിത്രത്തിലും ട്വീറ്റ് ചെയ്ത വീഡിയോയിലുമുള്ളത് ഒരാള്‍ തന്നെയെന്ന് ഉറപ്പായി.

നെമത്തുള്ള നഖ്ദിയെ പക്ഷെ സമൂഹമാധ്യമങ്ങളില്‍ കണ്ടെത്താനായില്ല. ട്വിറ്ററില്‍ ഇതേ വീഡിയോ മറ്റെവിടെയെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു. നിരവധി പോസ്റ്റുകളില്‍നിന്നു സാക്കി ദര്യാബി @ZDaryabi എന്ന ഹാന്‍ഡിലില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട അതിക്രമം വിവരിച്ചുകൊണ്ടുള്ള ട്വീറ്റ് ലഭിച്ചു. ഇദ്ദേഹം പ്രസ്തുത മാധ്യമത്തിന്റെ പത്രാധിപരാണ്. താഖിക്കൊപ്പം താലിബാന്‍ ക്രൂരത നേരിട്ട രണ്ടാമന്റെ ചിത്രങ്ങളും സാക്കി ദര്യാബിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നു ലഭിച്ചു.
എതിലാത്രസിന് കാബുള്‍ നൗ എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലും ഉണ്ട്.

താലിബാനെതിരായ അഫ്ഗാന്‍ വനിതകളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരാണ് തട്ടിക്കൊണ്ടുപോകലിനും ക്രൂരപീഡനത്തിനും ഇരയായത്. ഇവരില്‍ ഒരാളുടേതെന്ന തരത്തില്‍ ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥമാണ്.
ഓഗസ്റ്റ് 17-ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് രാജ്യത്ത് മാധ്യമസ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നും അതോടൊപ്പം താലിബാന്റെ നടപടികളെ വിമര്‍ശനാത്മകമായി വിലയിരുത്താമെന്നും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇവ വെറും വാക്കു മാത്രമാണെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നു.
Content Highlights: taliban punishment to journalists reports fact check


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..