.
കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ തമ്മിൽത്തല്ല് വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും വൈറലാണ്. ഇത്തരം വീഡിയോകൾ ഇടയ്ക്ക് വലിയ വാർത്താപ്രാധാന്യവും നേടിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു അക്രമ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ മിന്നുംതാരം. മുൻപ് സ്‌കൂളിന് പുറത്തായിരുന്നു 'തല്ലുമാല' എങ്കിൽ, ഇത്തവണ അത് സ്‌കൂളിനകത്തെത്തിയെന്ന് മാത്രം. ഇപ്പോഴത്തെ വൈറൽ വീഡിയോയിൽ കുട്ടികൾ പരസ്പരം അടിയുണ്ടാക്കുകയല്ല പകരം സകലതും അടിച്ചുതകർക്കുകയാണ്. ക്ലാസ്സ് മുറിയിലെ ബെഞ്ചും ഡെസ്‌കും ഉൾപ്പടെയുള്ളവ വടി ഉപയോഗിച്ച് അടിച്ചു തകർക്കുന്ന സ്‌കൂൾ കുട്ടികളാണ് വീഡിയോയിലുള്ളത്.
എവിടെയാണ് സംഭവമുണ്ടായതെന്ന് പറയാതെയാണ് ഇത് പലരും ഷെയർ ചെയ്തിട്ടുള്ളത്. പക്ഷെ, വീഡിയോ കണ്ടവരിൽ ഭൂരിഭാഗവും സംഭവം നടന്നത് കേരളത്തിലാണ് എന്ന് സ്വയമങ്ങ് ഉറപ്പിച്ചിരിക്കുകയാണ്. അതിന്റെ പ്രതിഫലനം കമന്റ് സെക്ഷനിൽ കാണാനാകും. ചിലരാകട്ടെ ഇതിൽ രാഷ്ട്രീയം കലർത്താനും മറന്നിട്ടില്ല. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെയും എസ്.എഫ്.ഐയെയും കുറ്റപ്പെടുത്തിയും കളിയാക്കിയും ഉള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം. എന്താണ് ഈ വീഡിയോയുടെ വാസ്തവമെന്ന് മാതൃഭൂമി അന്വേഷിക്കുന്നു.
അന്വേഷണം
യൂണിഫോം ധരിച്ച ഏതാനും കുട്ടികൾ ക്ലാസ് മുറിയിൽ നടത്തുന്ന അക്രമമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. വടികളുമായി ക്ലാസ്സിലെ ഡെസ്‌ക്കുകളും ബെഞ്ചുകളും അടിച്ചു തകർക്കുന്നതും വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം.മാത്രമല്ല, ക്ലാസ്സിന്റെ നിലത്ത് മുഴുവൻ കടലാസ്സ് കഷണങ്ങൾ കീറിയെറിഞ്ഞുട്ടുള്ളതും ദൃശ്യമാണ്.
.jpg?$p=400289c&&q=0.8)
സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇതേ വീഡിയോയിൽനിന്നുള്ള ചിത്രങ്ങൾ ചില മാധ്യമ വാർത്തകളിൽ കണ്ടെത്തി. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്, തമിഴ്നാട്ടിൽനിന്നുള്ള ഡി ടി നെക്സ്റ്റ് എന്നീ മാധ്യമങ്ങളുടെ വാർത്തകളാണ് കണ്ടെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലാണ് സംഭവമുണ്ടായത്. ധർമപുരിയിലെ മല്ലാപുരം എന്ന സ്ഥലത്തെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളാണ് അക്രമത്തിലേർപ്പെട്ടത് എന്നാണ് ഇതിൽ പറയുന്നത്.
വാർത്താ ലിങ്കുകൾ:
https://www.newindianexpress.com/states/tamil-nadu/2023/mar/09/students-in-dharmapuri-break-benches-after-revision-exams-2554400.html
തുടർന്നുള്ള അന്വേഷണത്തിൽ, ദിനതന്തി, മലൈ മലർ, ന്യൂസ് തമിഴ് 24X7 എന്നീ തമിഴ് മാധ്യമങ്ങളും ഇതിന്റെ വാർത്ത നൽകിയിട്ടുണ്ടെന്ന് കണ്ടെത്തി. മേൽപ്പറഞ്ഞ വിവരങ്ങൾ തന്നെയാണ് ഈ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുമുള്ളത്.
ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ ചിലർ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ശേഷം ക്ലാസ് മുറിയിൽ കയറി അവിടെ ഇരുന്ന പുസ്തകങ്ങൾ കീറിയെറിയുകയും ഡെസ്‌ക്ക്, ബെഞ്ച് തുടങ്ങിയവ അടിച്ച് തകർക്കുകയുമായിരുന്നു. ക്ലാസ്സിലെ ഒരു സീലിംഗ് ഫാനും സ്വിച്ച് ബോർഡുകളും ഇവർ അടിച്ചു തകർത്തതായി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. അക്രമം നടത്തിയ കുട്ടികളെ ബന്ധപ്പെട്ട അധികൃതർ അഞ്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതായും വാർത്തയിലുണ്ട്.
തമിഴ് വാർത്താ ലിങ്കുകൾ:
https://www.maalaimalar.com/news/state/education-department-officials-investigation-students-who-smashed-tables-and-fans-in-school-581116
വാസ്തവം
ക്ലാസ്സ് മുറി അടിച്ചു തകർക്കുന്ന കുട്ടികളുടെ വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ മല്ലാപുരം എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ആക്രമ വീഡിയോ വൈറലായതോടെ കാരണക്കാരായ വിദ്യാർത്ഥികളെ അഞ്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Content Highlights: Students Attacking, Demolishing Classrooms, Viral Video, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..