.
മാറിമറിഞ്ഞ ഫേസ്ബുക്ക് അൽഗൊരിതമാണ് സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാവിഷയം. പുതുവർഷത്തിൽ ഫേസ്ബുക്ക് അൽഗൊരിതത്തിൽ വമ്പൻ മാറ്റങ്ങൾ വന്നതായാണ് ചിലരുടെ കണ്ടെത്തൽ. ഇതുമൂലം ഫേസ്ബുക്ക് പോസ്റ്റുകൾ കാണുന്നവരുടെ എണ്ണം കുറയുമെന്നാണ് പ്രധാന വാദം. പരിഹാര മാർഗ്ഗങ്ങൾ അവർ തന്നെ നിർദ്ദേശിക്കുന്നുമുണ്ട്. മറ്റൊന്നുമല്ല, കമന്റുകളിടുക എന്നതാണ് ഇതിനുളള ഇവരുടെ മറുമരുന്ന്. തങ്ങളുടെ പോസ്റ്റുകൾ സ്ഥിരമായി കാണാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും കമൻറുകൾ വേണമെന്നും കമൻറായി കുത്തോ കോമയോ ഇട്ടാൽ മതിയെന്നുമുള്ള അപേക്ഷയുമായി ഇറങ്ങിയിരിക്കുകയാണ് പലരും.
ഇക്കാര്യങ്ങൾ കണ്ട് വേവലാതിപൂണ്ട ചിലർ അൽഗൊരിതത്തിന് എങ്ങനെ കടിഞ്ഞാണിടാമെന്ന വിവരങ്ങൾ വാട്സ്ആപ്പിൽ ഉൾപ്പടെ പങ്കുവെച്ച് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു.

ഇത്ര ആശങ്കപ്പെടാൻ മാത്രം എന്ത് വലിയ മാറ്റമാണ് ഫേസ്ബുക്ക് കൊണ്ടുവന്നത് എന്ന ചോദ്യത്തിന് ഒരു മാറ്റവുമില്ല എന്നതാണ് ഉത്തരം. കുറച്ച് വർഷങ്ങളായി നമ്മുടെ സൈബർ ഇടങ്ങളിൽ പ്രചരിക്കുന്ന ഒരു വ്യാജവിവരമാണിത്. 2020-ലും ഇത്തരം പ്രചാരണങ്ങൾ വൻതോതിൽ നടന്നിരുന്നു. അന്ന് കേരള പോലീസും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഫേസ്ബുക്കിലൂടെ തന്നെ യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ, ഈ വ്യാജ പ്രചാരണത്തിന് ലഭിച്ച അത്രയും വ്യാപ്തി വസ്തുതകൾക്ക് ലഭിച്ചില്ല എന്നതാണ് വിഷമകരമായ കാര്യം. അതുകൊണ്ടാണല്ലോ വർഷങ്ങൾക്കിപ്പുറവും അതേ വിവരങ്ങൾ പൂർവാധികം ശക്തിയോടെ പ്രചരിക്കുന്നത്.
https://www.facebook.com/keralapolice/photos/a.135262556569242/2593422087419931/
എങ്ങനെയാണ് ഫേസ്ബുക് അൽഗൊരിതം പ്രവർത്തിക്കുന്നത്?
ഓരോ യൂസറിന്റെയും ഫീഡിൽ ഏതൊക്കെ പോസ്റ്റുകൾ ദൃശ്യമാകണം അയാൾക്ക് എന്തൊക്കെ തരം വിവരങ്ങൾ നൽകണം എന്നിവ തീരുമാനിക്കുന്ന ഒരു സാങ്കേതിക സംവിധാനമാണ് ഫേസ്ബുക്ക് അൽഗൊരിതം. ഒരു തരം നിയമസംഹിത എന്ന് അതിനെ വിളിക്കാം. ഇതിന് അനുസൃതമായിട്ടാണ് ഫേസ്ബുക്കിന്റെ സാങ്കേതിക സംവിധാനം പ്രവർത്തിക്കുന്നത്.
ഓരോ യൂസറിന്റെയും ഫേസ്ബുക്കിലെ സെർച്ചുകൾ, മറ്റ് എൻഗേജ്മെന്റുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ, ഓരോരുത്തരുടെയും താൽപ്പര്യങ്ങൾ എന്തൊക്കെയാണെന്ന് ഇതുവഴി മനസ്സിലാക്കും. ഇതനുസരിച്ചാണ് നമ്മുടെ ഫീഡിൽ പോസ്റ്റുകൾ വരുന്നത്.
പ്രധാനമായും മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അൽഗൊരിതം പ്രവർത്തിക്കുക.
1. ആരാണ് പോസ്റ്റ് ചെയ്തത്
നമ്മൾ കൂടുതൽ ഇന്ററാക്റ്റ് ചെയ്യുന്ന വ്യക്തികളുടെ പോസ്റ്റുകളായിരിക്കും നമ്മുടെ ഫീഡിൽ കാണാൻ സാധിക്കുക. ഏതെങ്കിലും വ്യക്തിയുടെയോ പേജിന്റെയോ പോസ്റ്റുകൾക്ക് കൂടുതലായി കമന്റോ ലൈക്കോ ചെയ്യുന്നുണ്ടെങ്കിൽ ആ പ്രൊഫൈലുകളിൽ നിന്നുമുള്ള പോസ്റ്റുകൾ നമ്മുടെ ഫീഡിൽ കൃത്യമായി വരും.
2. പോസ്റ്റുകളുടെ ഉള്ളടക്കം
വീഡിയോകൾ കൂടുതലായി കാണുന്ന വ്യക്തിക്ക് കൂടുതൽ വീഡിയോ പോസ്റ്റുകൾ ലഭിക്കും. സമാനമായി, എഴുത്തുകളും ഫോട്ടോകളും കാണുന്നവർക്ക് അതാവും ലഭിക്കുക. മാത്രമല്ല, ഒരു യൂസർ ഓരോ പോസ്റ്റിലും ചെലവഴിക്കുന്ന സമയവും അൽഗൊരിതം കണക്കിലെടുക്കും. ഉപയോക്താവ് കൂടുതൽ സമയം വീക്ഷിക്കുന്ന പോസ്റ്റുകളിലുള്ള ഉള്ളടക്കത്തിന് സമാനമായ മറ്റ് പോസ്റ്റുകൾ ഫീഡിൽ വന്നുകൊണ്ടേയിരിക്കും.
3. ഓരോ പോസ്റ്റിനും ലഭിക്കുന്ന ഇന്ററാക്ഷൻസ്
ഓൺലൈനിൽ ഒരുപാട് ശ്രദ്ധിക്കപ്പെടുന്ന പോസ്റ്റുകൾ, അതായത് എൻഗേജ്മെന്റ്സ് കൂടുതലുള്ള പോസ്റ്റുകൾക്ക്, ഫേസ്ബുക്ക് മുൻഗണന നൽകും. അതിൽ നമ്മൾ കൂടുതൽ ഇന്ററാക്റ്റ് ചെയ്യുന്ന വ്യക്തികളുടെയോ പേജുകളുടെയോ ഗ്രൂപ്പുകളുടെയോ പോസ്റ്റുകൾ ഉണ്ടെങ്കിൽ അവയ്ക്കാകും ഫീഡിൽ പ്രാധാന്യം ലഭിക്കുക. ഈ വസ്തുതയെ വക്രീകരിച്ചതാണ് ഇപ്പോഴത്തെ പ്രചാരണം.
(ഓരോ പോസ്റ്റുകൾക്കും ഇടുന്ന കമന്റുകൾ, അവയ്ക്ക് നൽകുന്ന റിയാക്ഷനുകൾ, ഷെയറുകൾ എന്നിവയെ ഒക്കെയാണ് എൻഗേജ്മെന്റ്സ് എന്നോ ഇന്റെറാക്ഷൻ എന്നോ പ്രധാനമായും പറയുന്നത്.)
മേൽപ്പറഞ്ഞവയുടെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കിലെ പരസ്യങ്ങളും പ്രവർത്തിക്കുന്നത്.
വിദഗ്ധാഭിപ്രായത്തിനായി ഗൂഗിൾ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ടെക്ക് അനലിസ്റ്റ് അഖിലുമായി ബന്ധപ്പെട്ടു. ഇപ്പോഴുള്ള പ്രചാരണം ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ''ഫേസ്ബുക്കിൽ കൂടുതൽ ആക്റ്റീവ് ആയ, കൂടുതൽ പോസ്റ്റുകൾ ഇടുന്ന വ്യക്തികളുടെ പോസ്റ്റുകൾക്ക് അൽഗൊരിതം മുൻഗണന നൽകും. ഇത് പുതിയ ഒരു സംഭവമല്ല. പണ്ട് മുതലേ ഇങ്ങനെയാണ് ഫേസ്ബുക് അൽഗൊരിതം പ്രവർത്തിക്കുന്നത്. നല്ല ഉള്ളടക്കമുള്ള പോസ്റ്റുകൾ സ്ഥിരമായി ഇട്ടാൽ ഫേസ്ബുക്കിൽ റീച്ച് കൂടും. അതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു പോസ്റ്റിന് കുറച്ച് കമന്റുകൾ ലഭിച്ചുവെന്നുവെച്ച് വലിയ വ്യത്യാസങ്ങൾ ഉണ്ടാകില്ല.''
ഫേസ്ബുക് ഫീഡിൽ അടുത്ത സുഹൃത്തുക്കളുടെ പോസ്റ്റുകൾ കൃത്യമായി എങ്ങനെ വരുത്താം?
ഏതെങ്കിലും ചില ഫേസ്ബുക് കൂട്ടുകാരുടെയോ പ്രത്യേക പേജുകളുടെയോ പോസ്റ്റുകൾ കൃത്യമായി ലഭിക്കാനായി ഫേസ്ബുക്കിൽ മാർഗ്ഗങ്ങളുണ്ട്. ആരുടെയൊക്കെ പോസ്റ്റുകൾക്കാണോ ഫീഡിൽ മുൻഗണന നൽകേണ്ടത്, അവരെ നിങ്ങളുടെ 'ഫേവറൈറ്സ്' ആക്കി മാറ്റിയാൽ മതിയാകും. അതിനായി, ഫേവറൈറ്റ് ആയിട്ട് ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ഫേസ്ബുക് ഫ്രണ്ടിന്റെ പ്രൊഫൈലിൽ കയറിയ ശേഷം ഫ്രണ്ട് എന്ന് കാണുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യണം. അപ്പോൾ favourites എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്താൽ മതി. പേജുകളാണെങ്കിലും സമാനമായ പ്രവൃത്തി തന്നെയാണ്. കൂടാതെ, സെറ്റിങ്സിൽ കയറിയും ആളുകളെ ഫേവറൈറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനും നീക്കം ചെയ്യാനും സാധിക്കും.
References:
Content Highlights: Facebook, Social Media, Algorithm, Reach, Comment, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..