Photo: Fact Check Team
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ ആര്‍മിയുടെ സിഖ് റെജിമെന്റ് ഒരു ഗുരുദ്വാര (ക്ഷേത്രം) സ്ഥാപിച്ച്, കൊടി നാട്ടി എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തണുപ്പുള്ള ഭൂപ്രദേശത്ത്, ഉയരമുള്ള ഒരു കൊടിമരത്തിന് നേരെ ഫോണുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരും ഉള്‍പ്പെടുന്ന ഒരു ജനക്കൂട്ടത്തെ വീഡിയോയില്‍ കാണാം. വാദ്യോപകരണമായ ഡോല്‍ കൊട്ടുന്നതും, 'ബോലെ സോ നിഹാല്‍, സത് ശ്രീ അകാല്‍' എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
2022 ജനുവരി 18ന്, ഉത്തര്‍പ്രദേശ് ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ (BJYM-UP) സോഷ്യല്‍ മീഡിയ ഹെഡ് ആയ ഡോ.റിച്ചാ രാജ്പൂത്ത് പങ്കുവച്ച ട്വീറ്റിന്റെ തലക്കെട്ട് ഇപ്രകാരമാണ്,
'സിഖ് റെജിമെന്റ് ചൈന അതിര്‍ത്തിയില്‍ ഒരു ഗുരുദ്വാര നിര്‍മ്മിച്ച് അടയാളം ഇട്ടു, ഇത് മോദി സര്‍ക്കാരിന്റെ സമ്മാനമാണ്. ജയ് ഹിന്ദ്' (പരിഭാഷ)
എന്താണ് ഈ ട്വീറ്റിന്റെ വാസ്തവം?
അന്വേഷണം
പ്രസ്തുത വീഡിയോയില്‍ കേള്‍ക്കുന്ന ശബ്ദം, സിഖ് റെജിമെന്റിന്റെയും സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രിയുടെയും 'ബോലെ സോ നിഹാല്‍, സത് ശ്രീ അകാല്‍' എന്ന പോര്‍വിളിയാണ്. സിഖുകാരുടെ ത്രികോണാകൃതിയില്‍ കാവി നിറത്തിലുള്ള നിഷാന്‍ സാഹേബും (കൊടി) ദൃശ്യത്തില്‍ കാണാം. ട്വീറ്റില്‍ പരാമര്‍ശിക്കുന്ന പോലെ സിഖ് റെജിമെന്റ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഗുരുദ്വാര നിര്‍മ്മിച്ചതിന്റെ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു. പക്ഷേ അത്തരത്തില്‍ ഒരു നീക്കം ഇന്ത്യന്‍ ആര്‍മിയുടെ ഭാഗത്ത് നിന്നുണ്ടായതായി റിപ്പോര്‍ട്ട് ഇല്ല.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ ദൃശ്യത്തിന്റെ വേറെയും പകര്‍പ്പുകള്‍ ലഭിച്ചു. ''ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന അനധികൃതമായി അധിനിവേശമുള്ള അക്സായ്ചിന്‍ അതിര്‍ത്തിയില്‍ പ്രധാനമന്ത്രി മോദിയുടെ കര്‍ക്കശമായ നിലപാട് കാരണം, ഇന്ത്യന്‍ ആര്‍മിയുടെ സിഖ് റെജിമെന്റ് ഒരു ഗുരുദ്വാരയും മൈലുകളില്‍ നിന്ന് ദൃശ്യമാകുന്ന കൂറ്റന്‍ 'നിശാന്‍_സാഹിബും' നിര്‍മ്മിച്ചു.' എന്ന തലക്കെട്ടിലും വീഡിയോ പ്രചരിക്കുന്നുണ്ട്. പഞ്ചാബ് കേസരി എന്ന വാര്‍ത്താ മാധ്യമ പോര്‍ട്ടലില്‍ വാര്‍ത്തയും നല്‍കിയിട്ടുള്ളതായി കണ്ടെത്തി.
ലിങ്ക്
എന്നാല്‍ 7STAR PUNJAB TV LIVE എന്ന യൂട്യൂബ് ചാനലില്‍ 80 feet Nishan sahib installed at Gurudwara Pathar sahib Leh എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന വീഡിയോയുടെ മറ്റൊരു പകര്‍പ്പ് ലഭിച്ചു. 2021 ഒക്ടോബര്‍ 26നാണ് പ്രസ്തുത യൂട്യൂബ് ചാനലില്‍ ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിനാല്‍ പ്രചരിക്കുന്ന വീഡിയോ 2022ലെ അല്ല, 2021ലെയാണ്. ഇതുമായി ബന്ധപ്പെട്ട കീവേര്‍ഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍, ലേയിലെ പഥര്‍ സാഹിബ് ഗുരുദ്വാരയില്‍ 80 അടിയുള്ള നിശാന്‍ സാഹിബ് (കൊടിമരം) സ്ഥാപിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി.
2021 ഒക്ടോബര്‍ 24നാണ് ഈ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തതായി കണ്ടെത്തിയത്. ഇ-ന്യൂസ് ജമ്മു പ്രസിദ്ധീകരിച്ച വീഡിയോ
വാസ്തവം
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ ആര്‍മിയുടെ സിഖ് റെജിമെന്റ് ഗുരുദ്വാര (ക്ഷേത്രം) സ്ഥാപിച്ച്, കൊടി നാട്ടി എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണ്. പ്രചരിക്കുന്നത് 2021ല്‍ ലേയിലെ പഥര്‍ സാഹിബ് ഗുരുദ്വാരയില്‍ കൊടിമരം സ്ഥാപിക്കുന്ന ചടങ്ങിന്റെ വീഡിയോയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..