.
ഓൺലൈൻ ഷോപ്പിങ് സ്ഥാപനമായ മീശോയുടെ പേരിൽ രാജ്യവ്യാപകമായി തട്ടിപ്പ് നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ സമ്മാന വാഗ്ദാനം നൽകിയാണിതെന്നും ആരോപണങ്ങളിൽ പറയുന്നു. എന്താണിതിന്റെ വാസ്തവമെന്ന് പരിശോധിക്കുന്നു.
.jpg?$p=e865ef1&&q=0.8)
അന്വേഷണം
ആപ്പ് ഉപഭോക്താക്കൾക്ക് ഒരു രജിസ്റ്റേഡ് കത്ത് ലഭിക്കുന്നിടത്താണ് തുടക്കം. മീശോയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ലക്കി ഡ്രോയിലൂടെ സമ്മാനങ്ങൾ നൽകുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ളതാണ് കത്ത്. ഇതിനോടൊപ്പം ഒരു സ്‌ക്രാച്ച് കാർഡും ഉണ്ടാകും. കത്തിൽ, മീശോയുടെ വാട്ടർമാർക്കും ഹെൽപ്പ്‌ലൈൻ നമ്പരെന്ന തരത്തിൽ ഒരു മൊബൈൽ നമ്പരുമുൾപ്പടെയുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്.വ ിശ്വാസ്യതക്കെന്നോണം ഫിനാൻസ് മാനേജറെന്ന പേരിൽ ഒരാളുടെ ഒപ്പും കത്തിലുണ്ട്.
സ്‌ക്രാച്ച് കാർഡ് ചുരണ്ടിയാൽ ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചുവെന്ന് കാണും. സമ്മാനത്തുകയുടെ കേന്ദ്ര-സംസ്ഥാന നികുതികൾ മുൻകൂറായി അടച്ചാൽ മാത്രമേ ഉപഭോക്താവിന് പണം ലഭിക്കുകയുള്ളൂ എന്ന നിബന്ധനയും കത്തിലുണ്ട്. ഇതോടൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാൻ കാർഡ്, ആധാർ എന്നിവയുടെ നമ്പറുകളും നൽകണം. ഇവ പൂരിപ്പിക്കാനുള്ള ഒരു ഫോമും കത്തിൽ നൽകിയിട്ടുണ്ട്. ഇത് പൂരിപ്പിച്ച ശേഷം ചിത്രമെടുത്ത് കത്തിലെ ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്തു നൽകാനാണ് പറഞ്ഞിരിക്കുന്നത്.
.jpg?$p=f6b3a61&&q=0.8)
നിരവധി പേർ തങ്ങൾക്ക് ലഭിച്ച സമാന കത്തുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഈ കത്തുകളിൽ മീശോയുടെതെന്ന പേരിൽ നൽകിയിരിക്കുന്ന നമ്പറുകളും വിലാസവും വ്യത്യസ്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി, കത്തിൽ നൽകിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവ സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന്, മീശോ അധികൃതരുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും മീശോ ഇത്തരത്തിൽ സ്‌ക്രാച്ച് കാർഡുകൾ അയക്കുകയോ വ്യക്തിവിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അവർ പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തുന്നതായും അധികൃതർ വ്യക്തമാക്കി. ഓൺലൈനിലും അല്ലാതെയും കമ്പനിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ആപ്പിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റ്‌റിലൂടെയും മീശോ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
.jpg?$p=331a5ad&&q=0.8)
മീശോ സൈറ്റിലെ ജാഗ്രതാ നിർദ്ദേശത്തിന്റെ ലിങ്ക്:
https://www.meesho.com/legal/anti-phishing-alert
വാസ്തവം
വാർഷികാഘോഷങ്ങളുടെ ഭാഗമായി മീശോ തിരെഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നൽകുന്നുവെന്ന പ്രചാരണം തട്ടിപ്പാണ്. ഇത്തരത്തിലുള്ള ഒരു സമ്മാനവിതരണവും നടത്തുന്നില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Meesho App, Scratch Card, Celebration, Online Business, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..