കടപ്പാട്: ഫേസ്ബുക്ക്, ട്വിറ്റർ (twitter.com/cartoonistrrs/status/1598534744379379712, facebook.com/santosh.mukhi.927/videos/1120837931965533)
ബി.ജെ.പി. നേതാവ് സാംബിത് പത്ര എൻ.ഡി.ടി.വിയിൽ വാർത്ത അവതാരകനായി എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എൻ.ഡി.ടി.വി. ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിൻറെ നീക്കങ്ങൾക്കിടെ, ചാനലിന്റെ പ്രമോട്ടർ കമ്പനിയായ ആർ.ആർ.പി.ആർ. കമ്പനിയിൽനിന്നു ചാനൽ മേധാവികളായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ മുതിർന്ന മാധ്യമ പ്രവർത്തകനായ രവീഷ് കുമാറും ചാനലിൽനിന്ന് പടിയിറങ്ങി. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഇതിന്റെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
ബി.ജെ.പി. ദേശീയ വക്താവ് സാംബിത് പത്ര ടു ദി പോയിൻറ് എന്ന പരിപാടി അവതരിപ്പിക്കുന്നതായാണ് ദൃശ്യങ്ങളിൽ ഉള്ളത്. 29 സെക്കന്റുള്ള വീഡിയോയുടെ തുടക്കത്തിൽ അദ്ദേഹം പറയുന്നത്- ' ടു ദി പോയിൻറിന്റെ വാരാന്ത്യ പ്രത്യേക പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം. പക്ഷെ, ഇന്നത്തെ സംവാദം തുടങ്ങുന്നതിനു മുന്നോടിയായി ഞാൻ ഒരു പ്രതിജ്ഞ എടുക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ചർച്ചയിലുടനീളം നിക്ഷ്പക്ഷനായിരിക്കുമെന്നും പക്ഷം ചേരില്ലെന്നും ഏവർക്കും വാക്ക് നൽകുകയാണ്' എന്നാണ്. ദൃശ്യങ്ങളിലുള്ള ചാനൽ ഐ.ഡി. എൻ.ഡി.ടി.വിയുടേതാണ്. ഗുജറാത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും ഒപ്പം രാഹുൽ ഗാന്ധി, നരേന്ദ്രമോദി, അരവിന്ദ് കെജ്‌രിവാൾ എന്നിവരുടെ ചിത്രങ്ങളും വീഡിയോയിലെ സ്‌ക്രീനിൽ കാണാം.
എൻ.ഡി.ടി.വിക്ക് 'ടു ദി പോയിൻറ് ' എന്ന പേരിൽ പരിപാടികളൊന്നുമില്ല. അതേസമയം, ഇന്ത്യ ടുഡേ ചാനലിലെ ഒരു വാർത്ത പരിപാടിയുടെ പേര് 'ടു ദി പോയിന്റ്' എന്നാണ്. ഇതിൽ സാംബിത് പത്ര അവതാരകനായി എത്തിയിരുന്നോ എന്നാണ് തുടർന്ന് പരിശോധിച്ചത്. കീ വേർഡുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്തി.
2018 ജൂൺ മൂന്നിന് സംപ്രേഷണം ചെയ്ത് ഇന്ത്യ ടുഡേയുടെ ടു ദി പോയിൻറിൽ സാംബിത് ആയിരുന്നു അവതാരകൻ. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസത്തെ പ്രത്യേക ചർച്ചാ പരിപാടിയായിരുന്നു അത്.
പ്രസ്തുത പരിപാടിയുടെ വീഡിയോ ഇന്ത്യ ടുഡേ അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള ദൃശ്യങ്ങളാണ് എൻ.ഡി.ടി.വിയുടെ ലോഗോ എഡിറ്റ് ചെയ്ത് ചേർത്തതിന് ശേഷം തെറ്റായി പ്രചരിപ്പിക്കുന്നത്.
ഇന്ത്യ ടുഡേ ടി.വിയിൽ സാംബിത് പത്ര അവതരിപ്പിച്ച സംവാദ പരിപാടിയുടെ ലിങ്ക്: https://www.youtube.com/watch?v=ohwfzf9tQHI&ab_channel=IndiaToday

വാസ്തവം
സാംബിത് പത്ര എൻ.ഡി.ടി.വിയുടെ അവതാരകനായി എന്ന പ്രചാരണം വ്യാജമാണ്. 2018 ജൂൺ മൂന്നിന് ഇന്ത്യ ടുഡേ ചാനലിൽ സംപ്രേഷണം ചെയ്ത ടു ദി പോയിൻറ് എന്ന പരിപാടി സാംബിത് പത്രയാണ് അവതരിപ്പിച്ചത്. ഇതിൽ നിന്നുള്ള ദൃശ്യങ്ങളാണ് എൻ.ഡി.ടി.വിയുടെ ലോഗോ എഡിറ്റ് ചെയ്ത് ചേർത്ത ശേഷം പ്രചരിപ്പിക്കുന്നത്.
Content Highlights: Sambit Patra, NDTV, News Presenter, Anchor, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..