ആർ.സി.സിയുടെ ആജീവനാന്ത കാൻസർ പരിരക്ഷ പദ്ധതി! വാസ്തവമെന്ത്? | Fact Check


ജിൻജു വേണുഗോപാൽ/ ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: വാട്‌സാപ്പ്

കാൻസർ ചികിത്സ വരുത്തി വെച്ചേക്കാവുന്ന ഭീമമായ സാമ്പത്തിക ബാധ്യത ഏവരെയും ആശങ്കയിലാഴ്ത്തുന്ന പ്രശ്‌നമാണ്. ഈ ആശങ്കയെ ഉന്നമിടുന്ന ഒരു സന്ദേശം ഇപ്പോൾ വാട്‌സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്. ഭീമമായ കാൻസർ ചികിത്സാ ചെലവിനു താങ്ങായി 'കാൻസർ കെയർ ഫോർ ലൈഫ്' എന്ന പേരിൽ ഒരു ആജീവനാന്ത കാൻസർ പരിരക്ഷാ പദ്ധതി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) നിലവിലുണ്ടെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഒരു നിശ്ചിത തുക ഫീസായി നൽകിയാൽ ഈ പദ്ധതിയിൽ ഭാഗമാകാമെന്നും ഇതിൽ പറയുന്നു.

അഞ്ഞൂറ് രൂപ മുതൽ പതിനായിരം രൂപ വരെയാണ് അംഗത്വ ഫീസ് എന്നാണ് സന്ദേശത്തിലുള്ളത്. അഞ്ഞൂറ് രൂപ അടയ്ക്കുന്നവർക്ക് അമ്പതിനായിരം രൂപയുടെയും ആയിരം രൂപ നൽകുന്നവർക്ക് ഒരു ലക്ഷത്തിന്റെയും ആജീവനാന്ത പരിരക്ഷ ലഭിക്കുമെന്നാണ് സന്ദേശത്തിലെ അവകാശവാദം. പതിനായിരം രൂപ നൽകിയാണ് പദ്ധതിയുടെ ഭാഗമാകുന്നതെങ്കിൽ, പത്തു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.

എന്താണ് ഇതിന്റെ വാസ്തവമെന്ന് അന്വേഷിക്കുന്നു.

വാട്‌സാപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: വാട്‌സാപ്പ്

അന്വേഷണം

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദത്തോടെയാണ് സന്ദേശം ആരംഭിക്കുന്നത്. 'കാൻസർ പരിശോധനയ്ക്ക് ചെലവ് കുറഞ്ഞ രീതികളുണ്ട്. ഇതിന് ഡോക്ടറും ആശുപത്രിയും വേണ്ട' എന്നാണ് തുടക്കത്തിൽ പറയുന്നത്. സന്ദേശത്തിന്റെ ആകെ ഉള്ളടക്കവുമായി ബന്ധമില്ലാത്ത ഈ വാദം തന്നെ അതിന്റെ ആധികാരികതയെ സംശയത്തിലാക്കുന്നതാണ്.

സുരക്ഷാ പദ്ധതിയെക്കുറിച്ചുള്ള വിശദമായ ഒരു കുറിപ്പാണ് ഇതിനു ശേഷം നൽകിയിരിക്കുന്നത്. ഇതുവരെയും കാൻസർ ബാധിക്കാത്തവർക്ക് മാത്രമേ പദ്ധതിയുടെ ഭാഗമാകാനാകൂവെന്നും നിശ്ചിത തുക ഫീസായി നൽകി പദ്ധതിയുടെ ഭാഗമായതിനു ശേഷം വാർഷിക പ്രീമിയം അടയ്‌ക്കേണ്ടതില്ല എന്നുമാണ് സന്ദേശത്തിലുള്ളത്. സംശയ നിവാരണത്തിനായി ബന്ധപ്പെടാനുള്ളതെന്ന തരത്തിൽ രണ്ട് ഫോൺ നമ്പറുകളും സന്ദേശത്തിന്റെ ആധികാരികത വർദ്ധിപ്പിക്കാനായി നൽകിയിട്ടുണ്ട്.

ഇത് സംബന്ധിച്ച വിവരങ്ങൾക്കായി ആർ.സി.സിയുടെ വെബ്‌സൈറ്റ് പരിശോധിച്ചു. രോഗികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സ്‌കീമുകളെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത്, കാൻസർ കെയർ ഫോർ ലൈഫ് (സി.സി.എൽ.) എന്ന പദ്ധതിയെ പറ്റി പരാമർശിക്കുന്നുണ്ട്. പക്ഷെ, 2014-ൽ ഈ പദ്ധതി നിർത്തലാക്കി എന്നാണ് ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് അറിയാൻ സാധിച്ചത്.

സൈറ്റിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് | കടപ്പാട്: https://rcctvm.gov.in/patient-welfare.php

കാൻസർ ബാധിതരല്ലാത്തവർക്കുള്ള സുരക്ഷാ പദ്ധതി എന്ന നിലയ്ക്ക് 1986-ലാണ് കാൻസർ കെയർ ഫോർ ലൈഫ് ആർ.സി.സി. ആരംഭിച്ചത്. 101 രൂപയായിരുന്നു തുടക്കകാലത്തെ അംഗത്വ ഫീസ്. 1993.ൽ ഇത് 500 രൂപയായി വർധിപ്പിച്ചു.

തുടർന്നുള്ള അന്വേഷണത്തിൽ, 2017.ൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ സംസ്ഥാന നിയമസഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് നൽകിയ മറുപടിയിൽനിന്നു പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി. വാമനപുരം എം.എൽ.എ. ഡി.കെ. മുരളിയാണ് ക്യാൻസർ കെയർ ഫോർ പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപെട്ട ചോദ്യം സഭയിൽ ഉന്നയിച്ചത്.

1986.ൽ 101 രൂപയുടെ അംഗത്വ ഫീസോടുകൂടിയാണ് പദ്ധതി തുടങ്ങിയതെന്നാണ് മന്ത്രി നൽകിയ മറുപടിയിൽ പറയുന്നത്. 1991.ൽ ഒന്നാം ഘട്ടം അവസാനിക്കുകയും 1992.ൽ 500 രൂപ അംഗത്വ ഫീസോടുകൂടി രണ്ടാം ഘട്ടം ആരംഭിക്കുകയും ചെയ്തു. എന്നാൽ, 1996.ൽ രണ്ടാം ഘട്ടം നിർത്തലാക്കി. ശേഷം, രണ്ടു തരം അംഗത്വ ഫീസോടുകൂടി 1997.ൽ മൂന്നാം ഘട്ടം ആരംഭിച്ചു. 500, പതിനായിരം എന്നിങ്ങനെയായിരുന്നു മൂന്നാം ഘട്ട അംഗത്വ ഫീസ്.

നാലാം ഘട്ട പദ്ധതി തുടങ്ങുന്നതിനായാണ് നിലവിലുള്ള പദ്ധതി 2014-ൽ നിർത്തലാക്കിയതെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. പദ്ധതിയിലേക്ക് പുതിയതായി ആളുകളെ ചേർക്കുന്നില്ലെങ്കിലും നിലവിലുള്ള അംഗങ്ങൾക്ക് നിബന്ധനപ്രകാരമുള്ള ആജീവനാന്തകാല ആനുകൂല്യം ലഭിക്കുമെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ | കടപ്പാട്: http://www.niyamasabha.org/codes/14kla/session_5/ans/u04372-170517-892000000000-05-14.pdf

കൂടുതൽ വിവരങ്ങൾക്കായി തിരുവനന്തപുരം ആർ.സി.സിയുടെ പി.ആർ.ഒയുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ആർ.സി.സി. 2014-ൽ നിർത്തലാക്കിയ പദ്ധതിയാണ് ക്യാൻസർ കെയർ ഫോർ ലൈഫ് എന്നും ഈ പദ്ധതി നിലവിലുണ്ടായിരുന്നപ്പോൾ നൽകിയിരുന്ന ഫോൺ നമ്പറുകളാണ് സന്ദേശത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വാസ്തവം

ചികിത്സാ സഹായത്തിനായി തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ 'കാൻസർ കെയർ ഫോർ ലൈഫ്' എന്നൊരു പദ്ധതിയുണ്ടെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്നതിന് സമാനമായ ഒരു പദ്ധതി മുൻപ് ആർ.സി.സിയിൽ ലഭ്യമായിരുന്നു. പക്ഷെ, 2014-ൽ ഈ പദ്ധതിയിലേക്ക് പുതിയതായി ആളുകളെ ചേർക്കുന്നത് നിർത്തി. 1986-ലാണ് പ്രസ്തുത പദ്ധതി തിരുവനന്തപുരം ആർ.സി.സിയിൽ ആരംഭിച്ചത്.

Content Highlights: Lifetime Cancer Protection, RCC, Regional Cancer Center, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented