കടപ്പാട്: Youtube
തമിഴ്നാട്ടിൽനിന്ന് അപൂർവ്വയിനം പക്ഷിയെ കണ്ടെത്തിയെന്ന തരത്തിലുള്ള ഒരു വാർത്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'വോയിസ് ഓവർ' എന്ന തെലുങ്ക് ടിവി ചാനലിന്റെ വാർത്ത എന്ന തരത്തിലാണ് പ്രചാരണം. വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് ഇപ്രകാരമാണ്: 'ഈ പക്ഷിയുടെ അന്താരാഷ്ട്ര മൂല്യം 25 ലക്ഷം രൂപയാണ്. 15 പത്രപ്രവർത്തകർ 62 ദിവസമെടുത്താണ് ഈ പക്ഷി അനുകരിക്കുന്ന അനേകം ശബ്ദങ്ങൾ റെക്കോർഡു ചെയ്തത്'.
ഇതിലെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
'വോയിസ് ഓവർ' എന്ന തെലുങ്ക് ടിവി ചാനലിന്റെ വീഡിയോ എന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. എന്നാൽ 'മന തെലുഗു ടിവി ന്യൂസ്' എന്ന ഒരു തെലുങ്ക് ന്യൂസ് ചാനലിന്റെ ലോഗോയും വിവരങ്ങളുമാണ് വീഡിയോയിൽ കാണാൻ സാധിക്കുക. 'മന തെലുഗു ടിവി ന്യൂസ്' ചാനലിന്റെ യൂട്യൂബ് ചാനൽ പരിശോധിച്ചെങ്കിലും പ്രസ്തുത വീഡിയോ ഇപ്പോൾ ലഭ്യമല്ല.

തുടർന്നുള്ള പരിശോധനയിൽ, 2019 മുതൽ സമാനമായ അവകാശവാദങ്ങളോടെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നതായി കണ്ടെത്തി. അന്ന് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായിരുന്ന കിരൺ ബേദി അടക്കം പലരും ഇതേ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.
കിരൺ ബേദിയുടെ ട്വീറ്റിന് ചുവടെ, 'ഫോർ ഫിംഗർ' എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ളൊരു കമന്റ് ശ്രദ്ധയിൽപ്പെട്ടു. കുറച്ച് മാസങ്ങൾക്ക് മുമ്പ് അഡ്ലൈഡ് വെച്ച് താൻ ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നാണ് കമന്റ്.

ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറുടെ ട്വിറ്റർ പ്രൊഫൈലാണ് ഫോർ ഫിംഗർ. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയുടെ ലിങ്ക് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 2019 ഒക്ടോബര്‍ ഒന്നിനാണ് അദ്ദേഹം ഈ വീഡിയോ യൂട്യൂബിൽ പ്രസിദ്ധീകരിച്ചത്. കൂടാതെ, അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ 2019 സെപ്റ്റംബർ 30-ന് ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി.
അഡ്ലൈഡ് മൃഗശാല എന്നാണ് ഫേസ്ബുക്കിൽ വീഡിയോയുടെ ലൊക്കേഷനായി നൽകിയിരിക്കുന്നത്. അതിനോടൊപ്പം, മൃഗശാലയിലുള്ള ലയർബേർഡ് (Lyrebird) എന്ന പക്ഷിയാണ് ദൃശ്യങ്ങളിലുള്ളതെന്നും ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനയിൽ, അഡ്ലൈഡ് മൃഗശാലയാണ് ദൃശ്യങ്ങളിലുള്ളതെന്ന് സ്ഥിരീകരിച്ചു.
യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോകളിൽ ഒന്ന്- https://www.youtube.com/watch?v=5CJE939JgHo
'സൂപ്പർബ് ലയർബേർഡ്' എന്ന പക്ഷിയാണ് ദൃശ്യങ്ങളിലുള്ളത്. മെനുറ എന്ന ജനുസ്സിൽപ്പെടുന്ന ഈ പക്ഷികൾ, മറ്റ് പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങൾ അനുകരിക്കുന്നതിൽ അഗ്രഗണ്യരാണ്. മാത്രമല്ല, മനുഷ്യരുടെ ശബ്ദവും ചില മനുഷ്യ നിർമ്മിത വസ്തുക്കളുടെ ശബ്ദങ്ങളും ഇവ അനുകരിക്കുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. തെക്ക് കിഴക്കൻ ഓസ്ട്രേലിയയിലെ വനമേഖലയാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രം.
ലയർബേർഡുകളെ കുറിച്ച് എ.ബി.സി. ന്യൂസ് എന്ന ഓസ്ട്രേലിയൻ മാധ്യമം പ്രസിദ്ധീകരിച്ച ലേഖനം:
https://www.abc.net.au/news/science/2019-07-28/lyrebird-myths-busted-bird-calls/11342208
ബി.ബി.സിയുടെ ഒരു നേച്ചർ ഡോക്യുമെന്ററി സീരീസിലും ലയർബേർഡിനെ കുറിച്ചുള്ള പരാമർശമുണ്ട്. പ്രശസ്ത ജീവശാസ്ത്രജ്ഞനും പ്രകൃതി ചരിത്രകാരനുമായ ഡേവിഡ് ആറ്റൻബറോ ആണ് ബി.ബി.സിക്ക് വേണ്ടി ഈ ഡോക്യുമെന്ററി തയ്യാറാക്കിയത്.
വാസ്തവം
തമിഴ്നാട്ടിൽനിന്ന് അപൂർവ്വയിനം പക്ഷിയെ കണ്ടെത്തിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. ഓസ്ട്രേലിയയിലെ അഡ്ലൈഡിലുള്ള ഒരു മൃഗശാലയിൽനിന്നു പകർത്തിയ സൂപ്പർബ് ലയർബേർഡ് എന്ന പക്ഷിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മെനുറ എന്ന ജനുസ്സിൽപ്പെടുന്ന ഈ പക്ഷികൾ ശബ്ദങ്ങൾ അനുകരിക്കുന്നതിൽ അഗ്രഗണ്യരാണ്. തെക്ക് കിഴക്കൻ ഓസ്ട്രേലിയയിലെ വനമേഖലയാണ് ഇവയുടെ ആവാസകേന്ദ്രം.
Content Highlights: Rare Bird, Tamilnadu, Viral Visuals, Imitating Bird, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..