.
മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യാ ടുഡേ ടിവിയുടെ കൺസൾട്ടിങ് എഡിറ്ററുമായ രാജ്ദീപ് സർദേസായിക്കെതിരെ സമാനതകളില്ലാത്ത സൈബർ ആക്രമണങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി നടക്കുന്നത്. അദ്ദേഹം പൊതുനിരത്തിൽവച്ച് ഒരാളെ ആക്രമിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. 'രാജ്ദീപിന്റെ മോശം പെരുമാറ്റം തുറന്നുകാട്ടുന്നു' എന്ന തരത്തിലാണ് പ്രചാരണം. ഇതിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം
18 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരുകൂട്ടം ആൾക്കാർക്കിടയിൽ നിന്ന് സംസാരിച്ച ശേഷം രാജ്ദീപ് തിരിഞ്ഞു നടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്.
ഇതിനിടെ ഒരാൾ അദ്ദേഹത്തെ അസഭ്യം പറയുന്നുണ്ട്. തുടർന്ന് രാജീവ് സർദേസായി ആളോട് കയർക്കുന്നതും പിടിവലി നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇതേ വീഡിയോ ഏതാനും വർഷങ്ങൾക്ക് മുൻപും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 2014-ൽ അമേരിക്കയിലെ മാഡിസൺ സ്ക്വയർ ഗാർഡനിലാണ് സംഭവം നടന്നത്. പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് മാഡിസൺ സ്ക്വയർ ഗാർഡനിൽ മോദിക്കായി സ്വീകരണ പരിപാടി സംഘടിപ്പിച്ചു. ഇതിന് പുറത്തുവെച്ചാണ് വിവാദ ദൃശ്യങ്ങൾക്ക് ആസ്പദമായ സംഭവം നടന്നത്.
അന്വേഷണത്തിൽ ഈ സംഭവത്തിന്റെ വിശദമായ വീഡിയോ കണ്ടെത്തി. ഇതിൽ മാഡിസൺ സ്ക്വയറിൽ മോദിയെ കാണാനെത്തിയവരുമായി രാജ്ദീപ് സംവദിക്കുന്നത് കാണാം. എന്നാൽ ചിലർ അദ്ദേഹത്തിനെതിരെ 'രാജ്ദീപ് മുർദാബാദ്' എന്ന മുദ്രാവാക്യം ഉയർത്തുന്നുണ്ട്. വാർത്താ പരിപാടിയുടെ ഭാഗമായി അദ്ദേഹം ജനങ്ങളോട് സംസാരിക്കുന്നുണ്ടെങ്കിലും അനുകൂല പ്രതികരണങ്ങൾ ലഭിച്ചില്ല. ഇതിനിടെ ചിലർ ബഹളം വയ്ക്കുകയും തുടർന്ന് അദ്ദേഹത്തിന് പരിപാടി അവസാനിപ്പിക്കേണ്ടതായും വന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം മടങ്ങിപ്പോകുന്നതിനിടെ ചിലർ അസഭ്യം പറയാൻ തുടങ്ങി. ഇത് അദ്ദേഹവും അവരുമായുള്ള വാക്കേറ്റത്തിലും തുടർന്ന് പിടിവലിയിലും അവസാനിക്കുകയായിരുന്നു.
മാഡിസൺ സ്ക്വയറിൽ നടന്ന സംഭവം പല ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മാഡിസൺ സ്ക്വറയിൽ രാജ്ദീപ് സർദേസായിയെ ആൾകൂട്ടം കൈയേറ്റം ചെയ്തു എന്നതായിരുന്നു മാധ്യമ വാർത്തകൾ.
അന്നും പ്രസ്തുത സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തെറ്റായ അവകാശ വാദങ്ങളോടെ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
വാസ്തവം
മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേസായിക്കെതിരായ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2014-ൽ മോദിയുടെ അമേരിക്കൻ സന്ദർശനത്തോട് അനുബന്ധിച്ച് മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്. ഇതിന്റെ ഒരു വശം മാത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. മോദിയെ കാണാൻ എത്തിയ ജനക്കൂട്ടത്തിൽ ചിലർ രാജ്ദീപ് സർദേസായിയെ അസഭ്യം പറഞ്ഞു. ഇവരിലൊരാളുമായി അദ്ദേഹം വാക്കേറ്റത്തിലേർപ്പെടുകയും പിന്നീടത് പിടിവലിയിൽ കലാശിക്കുകയുമായിരുന്നു.
Content Highlights: Rajdeep Sardesai, America, Madison Square, Narendra Modi, US Visit, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..