വിവാദ ബി.ബി.സി. ഡോക്യുമെന്ററി നിർമ്മാതാവിനൊപ്പം രാഹുൽ ഗാന്ധി? പ്രചാരണം വ്യാജം | Fact Check


സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക് 

.

'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ബി.ബി.സി. ഡോക്യുമെൻററി ഉയർത്തിവിട്ട പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി പടരുകയാണ്. ഗുജറാത്ത് കലാപവും കശ്മീർ, സി.എ.എ. വിഷയങ്ങളും പറയുന്ന ഡോക്യുമെൻററിക്ക് നിരോധം ഏർപ്പെടുത്തിയ സർക്കാർ നിലപാട് വിഷയം കലുഷിതമാക്കി. ഇതിനിടെ, വിവാദ ഡോക്യുമെന്ററി പണം നൽകി നിർമ്മിച്ചതാണെന്ന ആരോപണങ്ങളും ഉയർന്നു. പ്രതിസ്ഥാനത്ത് നിർത്തിയത് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെയും.

പ്രസ്തുത ഡോക്യൂമെന്ററി പ്രസിദ്ധീകരിക്കുന്നതിന് ആറു മാസം മുൻപ് രാഹുൽ ബ്രിട്ടനിലെത്തി ഇതിന്റെ നിർമാതാവിനെ കണ്ടുവെന്നാണ് അവകാശവാദം. ഇതിനു തെളിവായി ഒരു ഫോട്ടോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. എന്താണ് വാസ്തവമെന്ന് അന്വേഷിക്കുന്നു.

പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ

അന്വേഷണം

രാഹുൽ ഗാന്ധിയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ചെയർമാൻ സാം പിത്രോദയും മറ്റൊരു വ്യക്തിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഇയാളാണ് വിവാദ ഡോക്യൂമെന്ററിയുടെ നിർമ്മാതാവെന്നാണ് അവകാശവാദം. 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' റിലീസ് ചെയ്യുന്നതിന് ആറു മാസം മുൻപ് രാഹുൽ ഗാന്ധി ബ്രിട്ടനിലെത്തി ഇദ്ദേഹത്തെ കണ്ടുവെന്നും ഇന്ത്യയിലൊരു പ്രശ്‌നം ഉണ്ടാക്കാനുള്ള സാഹചര്യം ഒരുക്കിയതായി അറിയിച്ചുവെന്നുമാണ് ചിത്രത്തോടൊപ്പം പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്.

രാഹുൽ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചവർക്ക് പക്ഷെ തെറ്റി. പ്രചരിക്കുന്ന ചിത്രത്തിലൂള്ള ആ മൂന്നാമൻ ആളത്ര ചില്ലറക്കാരനല്ല. ബ്രിട്ടന്റെ മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി എം.പിയുമായ ജെർമി കോർബിനാണിത്. ബ്രിട്ടീഷ് സർക്കാറിന് കീഴിലുള്ള ഒരു സ്വതന്ത്ര കോർപ്പറേഷനാണ് ബി.ബി.സി. ബ്രിട്ടീഷ് പ്രതിപക്ഷനിരയിലെ അതികായനായ കോർബിന് ബി.ബി.സിയുമായി ഒരു ബന്ധവുമില്ലെന്നതാണ് വസ്തുത.

2022 മെയ് 23-നാണ് രാഹുൽ ഗാന്ധിയും ജെർമി കോർബിനും കൂടിക്കാഴ്ച നടത്തിയത്. രാഹുൽ ഗാന്ധിയുടെ ലണ്ടൻ സന്ദർശനത്തിനിടെയായിരുന്നു ഇത്. കശ്മീർ വിഷയത്തിലും മറ്റുമുള്ള ജെർമിയുടെ അഭിപ്രായങ്ങൾ ഇന്ത്യയ്ക്കെതിരാണെന്ന കാരണത്താൽ അന്നത്തെ ഈ കൂടിക്കാഴ്ച്ച ഏറെ വിവാദമായിരുന്നു.

ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത

വാർത്താ ലിങ്കുകൾ:
https://www.hindustantimes.com/india-news/rahul-gandhi-meets-uk-mp-jeremy-corbyn-in-london-bjp-congress-begin-war-of-words-in-india-101653409907483.html

https://thewire.in/politics/rahul-gandhi-jeremy-corbyn-photo-sparks-online-row-between-congress-and-bjp

ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ട് സാം പിത്രോദയും സത്യാവസ്ഥ വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട് . രാഹുൽ ഗാന്ധിക്കും തനിക്കുമൊപ്പം നിൽക്കുന്നത് സുഹൃത്തായ ജെർമി കോർബിനാണെന്നും 2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും പിത്രോദയുടെ ട്വീറ്റിൽ പറയുന്നു. മോദിയും ജെർമിയും ഒരുമിച്ചുള്ള ചിത്രം ഉൾപ്പടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

രണ്ടു ഭാഗങ്ങളായി ഇറങ്ങിയ ഡോക്യൂമെന്ററിയുടെ നിർമാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റിച്ചാർഡ് കുക്ക്‌സൺ ആണ്. ബി.ബി.സി. കറൻറ് അഫയേഴ്‌സ് നിർമ്മിക്കുന്ന ഡോക്യൂമെന്ററികളുടെ എക്്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മൈക്ക് റാഡ്ഫോർഡ് ആണ്. ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷവും മുസ്ലീം ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷങ്ങളുടെ പരിശോധനയും ഇതിന്റെ അടിസ്ഥാനത്തിൽ മോദിയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള സമഗ്ര പഠനവുമാണ് ഈ ഡോക്യുമെന്ററി എന്നാണ് ബി.ബി.സി. പ്രസ്താവനയിലൂടെ അറിയിച്ചത്.

ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട ബി.ബി.സിയുടെ വാർത്ത:
https://www.bbc.com/news/world-asia-india-64342679

വാസ്തവം

വിവാദ ബി.ബി.സി. ഡോക്യുമെന്ററിയുടെ നിർമാതാവിനൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബ്രിട്ടന്റെ മുൻ പ്രതിപക്ഷ നേതാവും പാർലമെന്റിലെ ലേബർ പാർട്ടി എം.പിയുമായ ജെർമി കോർബിനൊപ്പമുള്ള ചിത്രമാണ് തെറ്റായ അവകാശവാദങ്ങളോടെ പ്രചരിപ്പിക്കുന്നത്.

Content Highlights: BBC Documentary, Producer with Rahul Gandhi, Narendra Modi, Fact Check

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented