.
പാരസെറ്റമോളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന തരത്തിൽ വ്യാപക പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പി 500 എന്ന ബ്രാൻഡ് നെയിമിലുള്ള പാരസെറ്റമോൾ ഗുളികയിൽ മച്ചുപോ എന്ന ഒരു വൈറസിന്റെ സാന്നിധ്യമുള്ളതായാണ് പ്രചാരണം. കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഈ പ്രചാരണത്തിന്റെ വാസ്തവമെന്തെന്ന് പരിശോധിക്കുന്നു.

അന്വേഷണം
ഇംഗ്ലീഷിലുള്ള ഒരു ഫേസ്ബുക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടാണ് പ്രചാരണത്തിന്റെ ആധാരം. 'പി 500 എന്ന പുതിയ പാരസെറ്റമോൾ ഗുളികയിൽ മച്ചുപോ എന്ന മാരക വൈറസ് അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു' എന്നാണ് സ്‌ക്രീൻഷോട്ടിലുള്ള വിവരണം. ലോകത്ത് ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായ മച്ചുപോ അടങ്ങിയ ഗുളിക ആരും ഉപയോഗിക്കരുതെന്നും ഇത് പരമാവധി ഷെയർ ചെയ്യണമെന്നും നിർദേശിച്ചുകൊണ്ടാണ് സ്‌ക്രീൻഷോട്ടിലെ ജാഗ്രതാ സന്ദേശം അവസാനിക്കുന്നത്. പി 500 ഗുളികയുടെ കവറിന്റെ പിൻവശത്തിന്റെ ചിത്രവും മേൽപ്പറഞ്ഞ വിവരണങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്.
മരുന്നുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ് .സി.ഒ.) മുന്നറിയിപ്പ് നൽകേണ്ടതാണ്. എന്നാൽ, അത്തരം ഔദ്യോഗിക മുന്നറിയിപ്പൊന്നും തന്നെ സി.ഡി.എസ്.സി.ഒ. നൽകിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. അതുമാത്രമല്ല, മച്ചുപോ എന്ന പേരിലറിയപ്പെടുന്ന വൈറസ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ബൊളീവിയ എന്ന രാജ്യത്താണ് മച്ചുപോ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ബൊളീവിയക്ക് പുറമെ സമീപ രാജ്യങ്ങളായ പരാഗ്വെയിലെയും ബ്രസീലിലെയും ചില പ്രദേശങ്ങളിലല്ലാതെ മറ്റെവിടെയും മച്ചുപോ വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. ബൊളീവിയൻ ഹെമറേജ് ഫീവർ എന്ന രോഗമാണ് ഈ വൈറസ് പരത്തുന്നത്. ബൊളീവിയയിലും സമീപ പ്രദേശങ്ങളിലും മാത്രം കണ്ടുവരുന്ന ലാർജ് വെസ്പർ മൗസ് എന്ന ഇനം എലികളാണ് ഈ വൈറസിന്റെ വാഹകർ. മനുഷ്യനിൽനിന്നു മനുഷ്യനിലേക്ക് ഇത് പടരാനുള്ള സാധ്യത പോലും വളരെ അപൂർവ്വമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
മച്ചുപോ വൈറസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം:
https://www.ncbi.nlm.nih.gov/pmc/articles/PMC2626873/pdf/8903174.pdf
https://www.canada.ca/en/public-health/services/laboratory-biosafety-biosecurity/pathogen-safety-data-sheets-risk-assessment/machupo-virus.html
കൂടുതൽ വിവരങ്ങൾക്കായി ആരോഗ്യ വിദഗ്ദ്ധരായ ഡോ. ഷിംന അസീസ്, ഡോ. ടി.എസ്. അനീഷ് എന്നിവരുമായി ബന്ധപ്പെട്ടു. ഇരുവരും ഇത് ഒരു വ്യാജസന്ദേശമാണെന്ന് സ്ഥിരീകരിച്ചു. വൈറസുകൾക്ക് നിലനിൽക്കാൻ ജീവനുള്ള വസ്തു മാധ്യമമായി വേണം. ഗുളിക പോലെയുള്ള ഒരു വരണ്ടുണങ്ങിയ രാസവസ്തുവിൽ അധികനേരം വൈറസിന് നിലനിൽക്കാനാകില്ലെന്ന് ഡോ ഷിംന പറഞ്ഞു. മുൻപും ഇതേ വ്യാജസന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. അന്ന് താൻ ഇതുമായി ബന്ധപ്പെട്ട ഒരു വിശദീകരണക്കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർ വിശദമാക്കി.
നമ്മുടെ നാട്ടിലില്ലാത്ത ഒരു വൈറസിനെ കുറിച്ചാണ് ഈ സന്ദേശത്തിൽ പറയുന്നത്. ഇത്തരം സന്ദേശങ്ങൾ ആർക്കുവേണമെങ്കിലും പടച്ചുവിടാൻ സാധിക്കുമെന്നും ജനങ്ങളെ ഭീതിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളവയാണിതെന്നും ഡോ. അനീഷ് പറഞ്ഞു.
2018-ലും സമാനപ്രചാരണം വ്യാപകമായിരുന്നു. അന്ന് ഈ വിഷയം മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2018-ലെ മാതൃഭൂമിയുടെ റിപ്പോർട്ട് വായിക്കാൻ സന്ദർശിക്കാം:
https://archives.mathrubhumi.com/health/my-post/paracetamol-machupo-virus-1.2634377
വാസ്തവം
പി 500 എന്ന പാരസെറ്റമോൾ ഗുളികയിൽ മച്ചുപോ എന്ന മാരക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന പ്രചാരണം വ്യാജമാണ്. ഗുളിക പോലെയുള്ള വരണ്ടുണങ്ങിയ രാസവസ്തുക്കളിൽ വൈറസുകൾക്ക് ദീർഘനേരം നിലനിൽക്കാനാകില്ല. അവയുടെ നിലനിൽപ്പിന് ഒരു ജീവനുള്ള മാധ്യമം ആവശ്യമാണ്. മാത്രമല്ല, ഇന്ത്യയിൽ മച്ചുപോ വൈറസ് സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല.
Content Highlights: Paracetamol Tablets, P 500, Machupo Virus, Fake News, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..