.
ഏതാനും ദിവസങ്ങൾക്ക് മുൻപ് അരുണാചൽ പ്രദേശിലെ കിഴക്കൻ തവാങിലുള്ള യാങ്‌സെയിൽ ഇന്ത്യ-ചൈനീസ് സൈന്യം ഏറ്റുമുട്ടിയിരുന്നു. ഇന്ത്യയുടെ സൈനിക പോസ്റ്റ് പിടിച്ചെടുക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യൻ സൈനികർ തടഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ഇതിന് പിന്നാലെ 67 ചൈനീസ് സൈനികരെ ഇന്ത്യ പിടികൂടി എന്ന തരത്തിൽ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതിന്റെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
ഇക്കഴിഞ്ഞ ഡിസംബർ ഒമ്പതിനായിരുന്നു അരുണാചൽ പ്രദേശിലെ തവാങ് മേഖലയിലെ എൽ.എ.സി. അതിർത്തിയുള്ള യാങ്സെയിൽ സ്ഥിതി ചെയുന്ന ഇന്ത്യൻ സൈനിക പോസ്റ്റ് ചൈനീസ് സൈന്യം പിടിച്ചെടുക്കാൻ ശ്രമിച്ചത്. മുന്നൂറോളം വരുന്ന ചൈനീസ് സൈനികർ പുലർച്ചെ മൂന്ന് മണിയോടെ പ്രദേശത്തെത്തുകയായിരുന്നു. എന്നാൽ ഇന്ത്യൻ സൈനികരുടെ ചെറുത്തുനിൽപ്പ് കാരണം ചൈനീസ് സൈന്യത്തിന് പിൻവാങ്ങേണ്ടി വന്നു. പ്രതിരോധമന്ത്രി രാജ്യസഭയിൽ ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയതോടെ മാധ്യമങ്ങളിലും ഇത് വാർത്തയായി.
ഇന്ത്യ 67 ചൈനീസ് സൈനികരെ പിടികൂടിയ വിവരം സ്ഥിരീകരിച്ചു എന്ന തരത്തിലാണ് ട്വീറ്റ്. സംഭവത്തിൽ ചൈനീസ് സർക്കാർ പ്രതികരിച്ചിട്ടില്ലെന്നും ട്വീറ്റിൽ പറയുന്നുണ്ട്. വിശ്വാസ്യതയ്ക്കെന്നോണം വാഹനത്തിനകത്തിരുന്ന് കരയുന്ന ചൈനീസ് സൈനികരുടെ ചിത്രവും ട്വീറ്റിലുണ്ട്.
തവാങിലെ സൈനിക നടപടിയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളിൽ ഇന്ത്യ ചൈനീസ് പട്ടാളക്കാരെ പിടികൂടിയതായി പറയുന്നില്ല. ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാജ്യസഭയിൽ നടത്തിയ പരാമർശങ്ങൾ പരിശോധിച്ചു. യാങ്‌സെയിൽ ഇന്ത്യയുടെ മിലിറ്ററി പോസ്റ്റ് പിടിച്ചെടുക്കാനുള്ള ചൈനയുടെ ഏകപക്ഷീയ ശ്രമം ഇന്ത്യൻ ജവാന്മാർ ചെറുത്തു തോൽപ്പിച്ചു. സംഭവത്തിൽ ഇരു ഭാഗത്തെയും ഏതാനും സൈനികർക്ക് ചെറിയ പരിക്കുകൾ പറ്റിയതൊഴിച്ചാൽ സംഘർഷം അക്രമാസക്തമായില്ലെന്നാണ് രാജ്‌നാഥ് സിംഗ് സഭയിൽ പറഞ്ഞത്.
ഇത് സംബന്ധിച്ച വാർത്തകൾ:
India and China troops clash on Arunachal Pradesh mountain border - BBC News
https://timesofindia.indiatimes.com/india/india-china-clash-in-arunachal-all-you-need-to-know/articleshow/96202332.cms
https://www.ndtv.com/india-news/winter-session-live-blog-india-china-clash-in-arunachal-in-focus-3601517
ട്വീറ്റിൽ നൽകിയിരിക്കുന്ന ചിത്രം പഴയതാണെന്നു വിശദമായ അന്വേഷണത്തിൽ കണ്ടെത്തി. രണ്ടു വർഷം മുൻപ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയിൽ നിന്നെടുത്തതാണ് ഈ ചിത്രം. ചൈനയിലെ ഫുയാങ് സിറ്റി വീക്കിലി എന്ന ഓൺലൈൻ മാധ്യമമാണ് വി ചാറ്റിൽ (ചൈനീസ് സമൂഹ മാധ്യമം) ഈ ദൃശ്യങ്ങൾ ആദ്യമായി പോസ്റ്റ് ചെയ്തത്.
ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഫുയാങ് സിറ്റിയിൽ നിന്നുള്ള 10 കോളേജ് വിദ്യാർഥികൾ ചൈനീസ് മിലിറ്ററിയിൽ ചേർന്നിരുന്നു. ഫുയാങ് സിറ്റിയിൽനിന്നു ഹെബെയ് പ്രവശ്യയിലുള്ള മിലിറ്ററി ക്യാമ്പിലേക്കുള്ള ഇവരുടെ യാത്രക്കിടെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് വൈറൽ ആയത്. എന്നാൽ പിന്നീട് ഈ ദൃശ്യങ്ങൾ വി ചാറ്റിൽ നിന്ന് നീക്കം ചെയ്തു. യൂറേഷ്യൻ ടൈംസ് എന്ന ഓൺലൈൻ മാധ്യമം ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേ വീഡിയോ വ്യത്യസ്ത അവകാശവാദങ്ങളോടെ പലപ്പോഴായി സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. പാകിസ്താനിലെ ഹാസ്യതാരമായ സായിദ് ഹമീദ് 2022 സെപ്റ്റംബറിൽ ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ദൃശ്യങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്, 'ലഡാക്കിൽ പോസ്റ്റിങ്ങ് കിട്ടിയ ചൈനീസ് സൈനികർ ഇന്ത്യൻ ആർമിയെ നേരിടേണ്ടിവരുമെന്നോർത്ത് കരയുന്നു. ചൈനയുടെ ഒറ്റ കുട്ടി നയം നമ്മുടെ ചൈനീസ് സഹോദരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുകയാണെന്നാണ്.'
സമാനമായ അവകാശവാദങ്ങളോടെ ഹോംഗ് കോങ്ങ്, തായവാൻ എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമങ്ങളിലും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു.
വിദേശമാധ്യമങ്ങളിൽ പ്രസ്തുത വീഡിയോ തെറ്റായി പ്രചരിച്ചതോടെ ചൈനയിൽ ഇത് വിവാദമായി. തുടർന്ന്, ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് വിശദീകരണവുമായി രംഗത്തെത്തി. പുതുതായി സൈന്യത്തിൽ ചേർന്നവർ മാതാപിതാക്കളെ വേർപിരിയുന്ന വേദനയിൽ, ചൈനീസ് സൈന്യത്തിന്റെ (PLA) ഔദ്യോഗിക ഗാനം പാടുകയായിരുന്നുവെന്നാണ് അവരുടെ വിശദീകരണം. .
വാസ്തവം
ഇന്ത്യൻ ആർമി അരുണാചലിൽനിന്ന് 67 ചൈനീസ് സൈനികരെ പിടികൂടി എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. ഇന്ത്യയുടെ പിടിയിലായ ചൈനീസ് സൈനികരുടേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം പഴയതാണ്. 2020-ൽ ചൈനയിൽ നിന്നുള്ള ഒരു വിഡിയോയുടെ സ്‌ക്രീൻഷോട്ടാണ് പ്രചരിക്കുന്ന ചിത്രം.
Content Highlights: Chinese Soldiers, Arunachal Pradesh, Indian Army, Captured, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..