Photo: twitter@susantananda3
സമൂഹമാധ്യമങ്ങളായ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന വീഡിയോയാണ് പിങ്ക് നിറത്തിലുള്ള ഡോള്‍ഫിനുകളുടേത്. രണ്ട് പിങ്ക് ഡോള്‍ഫിനും ഒപ്പം സാധാരണ കണ്ടുവരുന്ന ഡോള്‍ഫിനും ജലോപരിതലത്തില്‍ നീന്തിത്തുടിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്.
ഒഡീഷ കേഡറിലുള്ള ഐഎഫ്എസ് ഓഫീസറായ സുസാന്ത നന്ദ ട്വീറ്റ് ചെയ്ത വീഡിയോയ്ക്ക് 5300 ലൈക്കുകളും ആയിരത്തോളം റീട്വീറ്റുകളും ഇതിനോടകം തന്നെ ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 19-ന് അപ്ലോഡ് ചെയ്തിരിക്കുന്ന ഈ ദൃശ്യങ്ങളുടെ വസ്തുതാ പരിശോധനയാണ് നടത്തുന്നത്. നന്ദയുടെ പോസ്റ്റ് ആര്‍ക്കൈവ് ചെയ്തിരിക്കുന്നത് ഇവിടെ കാണാം
ഈ ദൃശ്യം ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത് Solo para curiiosos @solocuriosos എന്ന ഐ.ഡിയില്‍ നിന്നാണ്. ദൃശ്യങ്ങളില്‍ അത് വാട്ടര്‍മാര്‍ക്കായി ചേര്‍ത്തിട്ടുമുണ്ട്, എന്നാല്‍ ദൃശ്യങ്ങള്‍ എവിടെ നിന്നതാണെന്നടക്കമുള്ള വിവരങ്ങള്‍ ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കിയിട്ടില്ല.
ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഇതേ ദൃശ്യങ്ങള്‍ നേരത്തെ അപ്ലോഡ് ചെയ്യപ്പെട്ടിട്ടില്ല. ഗൂഗിള്‍ റിവേഴ്സ് ഇമേജ് പരിശോധിച്ചതില്‍ നിന്ന് പിങ്ക് ഡോള്‍ഫിനുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. അമസോണ്‍, ഒറീനോകോ നദികളിലായി ബ്രസീല്‍ ബൊളീവിയ, കൊളംബിയ, ഇക്വഡോര്‍, ഗയാന, പെറു, വെനിസ്വേല എന്നിവിടങ്ങളില്‍ ഇവ കണ്ടുവരാരുണ്ട്.
പിങ്ക് ഡോള്‍ഫിന്‍
പിങ്ക് ഡോള്‍ഫിന്‍ അഥവാ ബോട്ടോ,ബഫിയോ ഡോള്‍ഫിന് എന്നും അറിയപ്പെടുന്ന ഇവ ശുദ്ധജലത്തിലാണ് അതിവസിക്കുന്നത്. ഡോള്‍ഫിനുകളില്‍ ഏറ്റവും വലുപ്പം കൂടിയവയാണ് ആമസോണ്‍ നദികളില്‍ കണ്ടുവരുന്ന ഡോള്‍ഫിനുകള്‍. പ്രായപൂര്‍ത്തിയായ ഡോള്‍ഫിനുകളിലാണ് പിങ്ക് നിറം കൂടുതലായുമുള്ളത്.
2020 ഓക്ടോബര്‍ 20ന് ഹോംഗ്കോങിലും പിങ്ക് ഡോള്‍ഫിനുകളെത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി ഇവയുടെ എണ്ണത്തില്‍ 70-80 ശതമാനം കുറവു വന്നിരുന്നു, എന്നാല്‍ കോവിഡ് മാനദണ്ഡങ്ങളെ തുടര്‍ന്ന് ഹൈസ്പീഡ് ഫെറികളും കപ്പല്‍ ചരക്ക് നീക്കവും കുറഞ്ഞത് മൂലം പ്രദേശത്ത് പിങ്ക് ഡോള്‍ഫിനുകളുടെ വരവിനും പ്രജനനത്തിനും വഴിവച്ചതായി പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
വസ്തുത
വസ്തുതാ പരിശോധനയില്‍ നിന്നും ദൃശ്യങ്ങളില്‍ കാണിച്ചിരിക്കുന്ന പിങ്ക് ഡോള്‍ഫിനുകള്‍ യഥാര്‍ത്ഥമാണെന്ന് കണ്ടെത്തി. പ്രായമാകുന്നതിനനുസരിച്ചാണ് ഇവയ്ക്ക് നിറം കൂടുതലായി ലഭിക്കുന്നത്. പെണ്‍ ഡോള്‍ഫിനുകളെ അപേക്ഷിച്ച് ആണ്‍ ഡോള്‍ഫിനുകള്‍ക്ക് പിങ്ക് നിറം കൂടുതലായിരിക്കും. വൈറല്‍ വീഡിയോയിലെ ദൃശ്യം കണ്ട പലരും മ്യൂട്ടേഷന്‍ സംഭവിച്ചതാണോ ഇവയ്ക്ക്, അസുഖ ബാധിതതാരാണോ എന്ന തരത്തിലുള്ള സംശയങ്ങള്‍ ഉന്നയിച്ചിരുന്നു എന്നാല്‍ പ്രകൃതിയുടെ മനോഹര സൃഷ്ടിയാണ് ഇവ എന്നതാണ് യാഥാര്‍ത്ഥ്യം.
Content Highlights: pink dolphin video fact check
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..