പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് (ഇടത്) മറീന ബീച്ചിന്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ (വലത്) രണ്ടിലും ഒരേ കെട്ടിടവും മരവും കാണാം . കടപ്പാട്: ഫെയ്‌സ്ബുക്, ഗൂഗിൾ എർത്ത്
മാന്‍ഡോസ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ചെന്നൈയിലെ മറീന ബീച്ച് വെള്ളത്തിനടിയിലായി എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബീച്ചും പരിസരത്തെ കടകളും
വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് ദൃശ്യങ്ങളിലുള്ളത്. മാന്‍ഡോസ് ചുഴലിക്കാറ്റ് മൂലം തമിഴ്നാട്ടില്‍ അതി ശക്തമായ മഴ പെയ്ത സാഹചര്യത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ദൃശ്യങ്ങളുടെ വാസ്തവമെന്തെന്ന് പരിശോധിക്കുന്നു.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയിലുള്ള സ്ഥലം മറീന ബീച്ച് പരിസരം തന്നെയാണോ എന്നാണ് ആദ്യം അന്വേഷിച്ചത്. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍, വീഡിയോയിലുള്ളത് മറീന
ബീച്ച് തന്നെയെന്ന് ഉറപ്പിച്ചു.
ദൃശ്യങ്ങളുടെ വാസ്തവമെന്തെന്ന് പരിശോധിക്കുന്നു

ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ മുന്‍പും പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നാണ് അടുത്തതായി പരിശോധിച്ചത്. അങ്ങനെ, 2021 ല്‍ ഇതേ വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. അന്ന് ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ വീഡിയോ ആണിതെന്നാണ് വിവരണങ്ങളില്‍ പറഞ്ഞിട്ടുള്ളത്. ഇതേ വര്‍ഷം യൂട്യുബിലും പ്രസ്തുത വീഡിയോ ചിലര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമാന വിവരങ്ങളാണ് അവയിലും നല്‍കിയിട്ടുള്ളത്.
അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ സ്ഥിരീകരണത്തിനായി 2021 ലെ ചെന്നൈ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരിശോധിച്ചു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ മറീനയിലെ ഈ വെള്ളക്കെട്ടിനെക്കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു.2021 ലുണ്ടായ അതിതീവ്ര മഴയില്‍ ചെന്നൈയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മറീന ബീച്ചിന്റെ ചില ഭാഗങ്ങളിലും ഇത്തരത്തില്‍ വെള്ളം കയറി. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തീവ്രമായ മഴയില്‍ മറീന ബീച്ചില്‍ പലപ്പോഴും വെള്ളക്കെട്ടുണ്ടാകാറുണ്ട്. മാന്‍ഡോസ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴയിലും അവിടെ ഇത്തരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പക്ഷെ, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് മാന്‍ഡോസുമായി ബന്ധമില്ല.
വാസ്തവം
മാന്‍ഡോസ് ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴയില്‍ ചെന്നൈയിലെ മറീന ബീച്ച് വെള്ളത്തിനടിയിലായി എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ ഇപ്പോഴത്തേതല്ല. 2021 ലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യമാണിത്.
Content Highlights: Old video of Marina Beach Falsely Linked to Cyclone Mandous
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..