കടപ്പാട്: ഫേസ്ബുക്ക് & വാട്‌സാപ്പ് (www.facebook.com/nrc.nair.90/posts/pfbid0Qf4t5TwaVWyEej9vvk5MZkhETsDLfgPyLhLn2noefZqGGCc66WgRXdybtgwvWdj7l, www.facebook.com/firosmuhammed1985/posts/pfbid02FGDYMu2hb56Hr8uavHeJWzsVNWYwoKCeDjMNCjqSWffszk1MZC9xvkeZocUXfqC2l)
ഫുട്‌ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ചിത്രങ്ങളും പോസ്റ്റുകളും പങ്കുവയ്ക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് ഈ രീതിയിലുള്ള പ്രചാരണം.
വാസ്തവമെന്തെന്ന് പരിശോധിക്കാം.
അന്വേഷണം
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശ്വാസകോശ അണുബാധയെ തുടർന്ന് പെലെയെ ബ്രസീലിലെ സാവോപോളോയിലുള്ള ഇസ്രയേലിറ്റ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേശീയ, അന്തർദേശീയ മാധ്യമങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട വാർത്തകളും നൽകുന്നുണ്ട്. ഇതിനിടെ ഇദ്ദേഹം മരണപ്പെട്ടു എന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിച്ച് തുടങ്ങി.
സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളൊഴികെ വാർത്താ മാധ്യമങ്ങളിലൊന്നും തന്നെ അദ്ദേഹത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർന്നുള്ള അന്വേഷണത്തിൽ, പെലെയുടെ ആരോഗ്യനില സംബന്ധിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമടങ്ങിയ വാർത്തകൾ ലഭിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായാണ് ഈ റിപ്പോർട്ടുകളിലുള്ളത്.

ഇത് സംബന്ധിച്ച വാർത്തകൾ:
ഡിസംബർ മൂന്നിന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. പെലെയുടെ ഇൻസ്റ്റഗ്രാമിലും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചികിത്സ പുരോഗമിക്കുന്നതായും താൻ ഏറെ പ്രതീക്ഷയിലാണെന്നും പോസ്റ്റിൽ പറയുന്നു. അതോടൊപ്പം, എല്ലാവരുടെയും സ്‌നേഹത്തിന് അദ്ദേഹം നന്ദി അറിയിക്കുന്നുമുണ്ട്.
മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം കാൻസർ രോഗബാധിതനായ പെലെയെ കീമോതെറാപ്പിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന് ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ചികിത്സകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആരോഗ്യസ്ഥിതി വഷളായിട്ടില്ല എന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
മറ്റ് വാർത്തകൾ
വാസ്തവം
ഫുട്‌ബോൾ ഇതിഹാസം പെലെ അന്തരിച്ചു എന്നത് തെറ്റായ പ്രചാരണമാണ്. കാൻസർ രോഗബാധിതനായ പെലെ കീമോതെറാപ്പിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഒപ്പം ശ്വാസകോശ അണുബാധയും പിടിപെട്ട അദ്ദേഹം സാവോപോളോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights: Pele, Football Legend, Died, Fake News, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..