പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട് | കടപ്പാട്: www.facebook.com/nasar.np.33/posts/pfbid02zAu41zrCnwbsbYahwoo6DLAqYGFd577vEgwLcez3SjJdH1TGyZDzFaiKsRtrEoxFl
സംസ്ഥാനത്തെ റേഷൻ കടകളുടെ പുതുക്കിയ സമയക്രമത്തിന്റേതെന്ന തരത്തിൽ അറിയിപ്പിന്റെ രൂപത്തിലുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡിസംബർ മാസത്തേക്കുള്ള സമയക്രമമാണിതെന്നാണ് സന്ദേശത്തിൽ പറയുന്നത്. എന്താണ് വാസ്തവമെന്ന് പരിശോധിക്കാം.

അന്വേഷണം
അന്വേഷണത്തിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പരിശോധനയ്ക്ക് വിധേയമാക്കി. അങ്ങനെ, ഡിസംബർ മാസത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ചില മാറ്റങ്ങൾ വരുത്തിയതുമായി ബന്ധപ്പെട്ട ഒരു അറിയിപ്പ് കണ്ടെത്തി.
ഡിസംബർ 3 മുതൽ 31 വരെ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി അറിയിപ്പിൽ പറയുന്നുണ്ട്. രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റിലായിരിക്കും ഈ മാസം റേഷൻ കടകൾ പ്രവർത്തിക്കുക. സംസ്ഥാനത്തെ ജില്ലകളെ ഏഴ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ഒന്നാമത്തെ ഗ്രൂപ്പിലുള്ള ജില്ലകളിലെ കടകൾ രാവിലത്തെ ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന ദിവസം, രണ്ടാമത്തെ ഗ്രൂപ്പിലെ കടകൾ വൈകുന്നേരത്തെ ഷിഫ്റ്റിലായിരിക്കും പ്രവർത്തിക്കുക. ഓരോ ആഴ്ചയിലും ഈ ഷിഫ്റ്റുകൾ യഥാക്രമം മാറുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇതിൽ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി എന്നീ ജില്ലകളടങ്ങുന്ന ഗ്രൂപ്പിന്റെ സമയക്രമമാണ് സംസ്ഥാനത്താകെ ബാധകമാകുന്നതെന്ന തരത്തിൽ പ്രചരിക്കുന്നത്.
പ്രവർത്തന സമയത്തിലുള്ള മാറ്റത്തിന്റെ കാരണം അറിയാൻ സിവിൽ സപ്ലൈസ് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. ആധാർ സെർവറിലേക്ക് വെരിഫിക്കേഷന് വേണ്ട വിവരങ്ങൾ കൈമാറുന്ന നെറ്റ്വർക്കിലെ സാങ്കേതിക തകരാർ മൂലമാണ് ഇത്തരത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തിയതെന്ന് അവർ അറിയിച്ചു. ബി.എസ്.എൻ.എല്ലിനാണ് ഇതുമായി ബന്ധപ്പെട്ട ചുമതലയെന്നും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
വാസ്തവം
ഡിസംബർ 3 മുതൽ 31 വരെ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലകളെ ഏഴ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രവർത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി എന്നീ ജില്ലകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലെ റേഷൻ കടകൾക്ക് മാത്രം ബാധകമായിട്ടുള്ള സമയക്രമമാണ് സംസ്ഥാനത്തിന് ആകെ ബാധകമാണെന്ന തരത്തിൽ പ്രചരിക്കുന്നത്.
Content Highlights: Ration Shop, Timing, Change in Time, Kerala, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..