പ്രചരിക്കുന്ന ചിത്രം
ദുരന്തത്തിൻറെ വക്കിലാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ്. പുതുവർഷാരംഭം മുതൽ ഇവിടെ പലയിടങ്ങളിലും ഭൂമി ഇടിഞ്ഞു താഴുകയാണ്. അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളാണ് ഇത്തരത്തിൽ ഭൂമി പിളരാൻ കാരണമെന്ന ആരോപണങ്ങളും പല കോണിൽ നിന്നായി ഉയരുന്നുണ്ട്.
ഇതിനിടെ, ജോഷിമഠുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും വലിയ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇവിടെ കുന്ന് ഇടിഞ്ഞു താഴുന്നതിന്റേതെന്ന തരത്തിൽ ഒരു ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ ഇപ്രകാരമാണ്- ''ജോഷിമഠിലെ ദുരന്ത മേഖലയിൽനിന്നു 600 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും, ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.''
ഇതിലെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
ഉത്തരാഖണ്ഡിൽ ഇപ്പോൾ അതിശൈത്യമാണ്. പർവ്വതപ്രദേശമായ ജോഷിമഠിലെ കുന്നുകളും മലയോര പ്രദേശങ്ങളും മഞ്ഞുമൂടി കിടക്കുകയാണ്. എന്നാൽ പ്രചരിക്കുന്ന ചിത്രം പച്ച പുതച്ച കുന്നിൻ പ്രദേശത്തിന്റേതാണ്. അതിനാൽതന്നെ പ്രചരിക്കുന്ന ചിത്രം ജോഷിമഠിലേതാണോ എന്ന സംശയമുണർത്തുന്നു.
ചിത്രം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യൂട്യൂബിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ കണ്ടെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചു ഉരുൾപൊട്ടലുകൾ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോയിൽ പ്രചരിക്കുന്ന ചിത്രമുണ്ട്.
1970-ൽ പെറുവിലെ നടന്ന ഭൂമികുലുക്കത്തെ പറ്റി ദൃശ്യങ്ങളിൽ വിശദീകരിക്കുന്നുണ്ട്. പ്രസ്തുത ഭാഗത്ത് ഒരു പ്രതീകാത്മക ചിത്രമെന്ന നിലയിലാണ് പ്രചരിക്കുന്ന ചിത്രം വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന് കടപ്പാട് നൽകിയിരിക്കുന്നത് പെറുവിയൻ പ്രതിരോധ മന്ത്രാലയത്തിനാണ്.
തുടർന്ന്, പെറുവിലെ പ്രതിരോധ മന്ത്രാലയത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നു പ്രസ്തുത ചിത്രം കണ്ടെത്തി. മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ 2018-ലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2018 മാർച്ചിൽ പെറുവിലെ കുസ്കോ പ്രവിശ്യയിലെ ലുസ്കോ ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശം പ്രതിരോധ മന്ത്രിയും ഗവർണറും വ്യോമമാർഗം സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് പ്രചരിക്കുന്ന ഫോട്ടോയും നൽകിയിരിക്കുന്നത്.
ഇതുകൂടാതെ, യു.കെയിലുള്ള ഹൾ സർവകലാശാലയുടെ വൈസ് ചാൻസലറും ലോകപ്രശസ്ത ഭൗമ ശാസ്ത്രജ്ഞനുമായ ഡേവ് പെറ്റ്ലീയുടെ ബ്ലോഗിലും പ്രസ്തുത ചിത്രങ്ങൾ കണ്ടെത്തി. പ്രചരിക്കുന്ന ചിത്രത്തിന്റെ മറ്റ് ആംഗിളുകളിലുള്ള ഏതാനും ചിത്രങ്ങളും വീഡിയോകളും ഈ ബ്ലോഗിൽ ലഭ്യമാണ്. ഈ ഉരുൾപ്പെട്ടലിനെക്കുറിച്ച് ചൈനീസ് വാർത്ത ഏജൻസിയായ സിൻഹുവ (Xinhua) നൽകിയ വാർത്തയോടൊപ്പമാണ് ചിത്രങ്ങളും ദൃശ്യങ്ങളും ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പെറുവിലെ ഉരുൾപൊട്ടലിനെപ്പറ്റിയുള്ള മറ്റു വാർത്തകളും ലേഖനങ്ങളും:
http://www.xinhuanet.com/english/2018-03/04/c_137014162.htm
https://www.linkedin.com/pulse/twenty-project-4-landslide-cusco-peru-benjamin-pantony/
https://blogs.agu.org/thefield/2019/06/20/a-sand-model-landslide-compared-to-the-2018-llusco-event-with-coordinates-of-the-llusco-slide/
വാസ്തവം
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ കുന്ന് ഇടിഞ്ഞു താഴുന്നതിന്റെ എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം യഥാർത്ഥത്തിൽ പെറുവിൽ നിന്നുള്ളതാണ്. 2018 മാർച്ചിൽ പെറുവിലെ ലുസ്കോ ജില്ലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് കുന്ന് ഇടിഞ്ഞതിന്റെ ചിത്രമാണിത്.
Content Highlights: Joshimath, landslide, viral photo, fact check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..