.
തിരശ്ശീലയിലൂടെ വിവാദങ്ങളിലേക്ക് തിരിതെളിച്ച കശ്മീർ ഫയൽ എന്ന ബോളിവുഡ് ചിത്രവും തെന്നിന്ത്യൻ സൂപ്പർ ഹിറ്റായ കാന്താരയും ഉൾപ്പടെ അഞ്ച് ഇന്ത്യൻ ചലച്ചിത്രങ്ങൾ ഓസ്കർ ഷോർട്ട്ലിസ്റ്റിൽ ഇടം നേടിയോ? അതെ എന്ന തരത്തിൽ വാർത്തകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണവും നടക്കുന്നുണ്ട്.
കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ഒരു ട്വീറ്റാണ് ഇതിന്റെ കേന്ദ്രബിന്ദു. തന്റെ ചിത്രം മാത്രമല്ല അതിലെ അഭിനേതാക്കളായ പല്ലവി ജോഷി, അനുപം ഖേർ, ദർശൻ കുമാർ എന്നിവർ മികച്ച അഭിനേതാക്കൾക്കുള്ള ഷോർട്ട്ലിസ്റ്റിൽ ഇടം നേടിയെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. പിന്നാലെ, നടന്മാരായ അനുപം ഖേറും ദർശനും ട്വിറ്ററിലൂടെ തങ്ങളുടെ സന്തോഷം പങ്കുവെക്കുകയും ചെയ്തു. പക്ഷെ, ഇതിൽ വസ്തുതാപരമായ പിശകുകളുണ്ട്. എന്താണ് വാസ്തവമെന്ന് പരിശോധിക്കുന്നു.

അന്വേഷണം
2022 ഡിസംബർ 21-നായിരുന്നു 'അമേരിക്കയിലെ അക്കാദമി ഓഫ് മോഷൻ പിക്ചർസ് ആർട്സ് ആൻഡ് സയൻസസ്' ഓസ്കർ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പക്ഷെ, ഈ ഷോർട്ട് ലിസ്റ്റിൽ കശ്മീർ ഫയൽസോ കാന്താരയോ ഇടം പിടിച്ചിട്ടില്ല. ഇന്ത്യയിൽനിന്നുള്ള രണ്ട് ഡോക്യുമെന്ററികളും ഒരു ഫീച്ചർ ചിത്രവും ഒരു ഗാനവും ഷോർട്ട് ലിസ്റ്റിൽ ഇടം കണ്ടെത്തിയത്. എന്നാൽ, അഞ്ച് ചിത്രങ്ങൾ ഷോർട്ട് ലിസ്റ്റിൽ ഉള്ളതായാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
ഇതിനെ തുടർന്ന് അക്കാദമി പ്രസിദ്ധീകരിച്ച റിമൈൻഡർ ലിസ്റ്റ് പരിശോധനയ്ക്ക് വിധേയമാക്കി. അങ്ങനെ കശ്മീർ ഫയൽസും കാന്താരയും ഇതിലാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്തി. മാത്രമല്ല, ഷോർട്ട് ലിസ്റ്റ് എന്ന തരത്തിൽ വിവേക് അഗ്നിഹോത്രി ട്വീറ്റിൽ നൽകിയിരിക്കുന്നത് ഓസ്കർ റിമൈൻഡർ ലിസ്റ്റിന്റെ സ്ക്രീൻഷോട്ടാണ് എന്നും സ്ഥിരീകരിച്ചു
വിശദവിവരങ്ങൾക്കായി ഓസ്കർ സമ്മാനിക്കുന്ന 'അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസുമായി' ബന്ധപ്പെട്ടു. കാശ്മീർ ഫയൽസ് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നും റിമൈൻഡർ ലിസ്റ്റിലാണ് ഉള്ളതെന്നും അവർ സ്ഥിരീകരിച്ചു.
പത്ത് പ്രത്യേക വിഭാഗങ്ങൾക്കാണ് നിലവിൽ ഷോർട്ട്ലിസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക വോട്ടെടുപ്പിന് ശേഷം ഇറക്കുന്ന ഈ ഷോർട്ട് ലിസ്റ്റിൽ നിന്നാണ് ഓസ്കർ നോമിനേഷൻ ലിസ്റ്റ് തയാറാക്കുക്കുകയെന്നും അവർ വ്യക്തമാക്കി.
ആകെ 24 വിഭാഗങ്ങളിലായിട്ടാണ് ഓസ്കർ അവാർഡ് നൽകുന്നത്. അപേക്ഷ നൽകിയതിൽനിന്നു മത്സരിക്കാൻ യോഗ്യത നേടിയ എല്ലാ ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് റിമൈൻറ്റർ ലിസ്റ്റിറക്കുക. ആകെ 301 ചിത്രങ്ങളാണ് ഇത്തവണ ലിസ്റ്റിൽ ഉൾപ്പെട്ടത്. കശ്മീർ ഫയൽസും കാന്താരയും ആർ മാധവന്റെ 'ദി നമ്പി എഫക്റ്റും' ഉൾപ്പടെ 10 ഫീച്ചർ ഫിലിമുകളും രണ്ട് ഡോക്യുമെൻന്ററികളുമാണ് ഇന്ത്യയിൽനിന്ന് ഇടം നേടിയത്.
മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി എന്നീ വിഭാഗങ്ങളിലേക്കുള്ള നോമിനേഷൻ ഈ റിമൈൻറർ ലിസ്റ്റിൽനിന്നു നേരിട്ട് നടത്തും. ഈ പുരസ്കാരങ്ങൾക്ക് ഷോർട്ട് ലിസ്റ്റ് തയാറാക്കാറില്ല. ആയതിനാൽ വിവേക് അഗ്നിഹോത്രിയുടെ രണ്ടാമത്തെ വാദവും നിലനിൽക്കുന്നതല്ല.
ഇന്ത്യയിൽനിന്നുള്ള രണ്ട് ഡോക്യുമെന്ററികളും ഒരു ഫീച്ചർ ചിത്രവും ഒരു ഗാനവുമാണ് ഷോർട്ട് ലിസ്റ്റിലുള്ളത്. ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ 'ആർ ആർ ആർ' എന്ന തെലുങ്ക് സിനിമയിലെ 'നാട്ടു നാട്ടു' എന്ന ഗാനമാണ് ഓസ്കാർ നോമിനേഷനുള്ള ഷോർട്ട്ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ ഗാനം.
ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ഛെല്ലോ ഷോ (ഗുജറാത്തി ചിത്രം) ഇടം നേടി. ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഷൗനക് സെന്നിന്റെ 'ഓൾ ദാറ്റ് ബ്രീത്സും', ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ കാർത്തികി ഗൊൺസാൽവസിന്റെ 'ദി എലെഫന്റ്റ് വിസ്പറേഴ്സുമാണ്' ഷോർട്ട്ലിസ്റ്റിലെ മറ്റ് ഇന്ത്യൻ സാന്നിധ്യം.
വാസ്തവം
കശ്മീർ ഫയൽസും കാന്താരയും 2023-ലെ ഓസ്കറിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഓസ്കറിന്റെ റിമൈൻഡർ ലിസ്റ്റിലാണ് ഈ ചിത്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. അവാർഡിന് പരിഗണിക്കാൻ യോഗ്യത നേടിയ എല്ലാ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തും. ഇന്ത്യയിൽനിന്ന് ഛെല്ലോ ഷോ എന്ന ഗുജറാത്തി ചിത്രമാണ് ഇൻറർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.
References:
https://www.oscars.org/sites/oscars/files/reminder_list_productions_eligible_95_oscars.pdf
https://press.oscars.org/news/95th-oscarsr-shortlists-10-award-categories-announced
https://www.oscars.org/sites/oscars/files/95th_oscars_complete_rules.pdf
Content Highlights: Kashmir Files, Kantara, Oscar Nomination, Shortlist, Reminder List, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..