.
മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റേതെന്ന തരത്തിൽ ഒരു ചിത്രം സംവിധായകൻ രാമസിംഹൻ (അലി അക്ബർ) ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടിപ്പു സുൽത്താനെ പ്രതിനായകനാക്കുംവിധം സിനിമ വരണമെന്ന തരത്തിൽ അദ്ദേഹമിട്ട ഫേസ്ബുക് പോസ്റ്റിലാണ് ഈ ചിത്രമുള്ളത്. അറേബ്യൻ രീതിയിൽ വസ്ത്രം ധരിച്ച, താടിയുള്ള ഒരു വ്യക്തിയുടെ ഫോട്ടോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടും ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. എന്താണ് ചിത്രത്തിന്റെ വാസ്തവമെന്ന് അന്വേഷിക്കുന്നു.

അന്വേഷണം
അറേബ്യൻ രീതിയിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന വ്യക്തിയുടെ അരയിൽ ഖഞ്ജർ എന്ന് വിളിക്കുന്ന ഒമാനി ശൈലിയിലുള്ള ഒരു കത്തി കാണാനാകും. ടിപ്പുവിന്റെ ഛായാചിത്രങ്ങളിലെവിടെയും തന്നെ ഇത്തരമൊരു കത്തി കാണാനാകില്ല. മാത്രമല്ല, ടിപ്പു സുൽത്താന്റെ വേഷവിധാനങ്ങളും ഈ വിധത്തിലല്ല എന്ന് ഛായാചിത്രങ്ങൾ വിശകലനം ചെയ്താൽ മനസ്സിലാകും. അദ്ദേഹത്തിന്റെ ലഭ്യമായ ഛായാചിത്രങ്ങളിൽ ചിലത് അക്കാലത്ത് വരച്ചതും പ്രസിദ്ധീകരിച്ചതും ശത്രുക്കളായ ബ്രിട്ടീഷുകാർ ആണെന്നതാണ് മറ്റൊരു വസ്തുത.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം
https://www.notesonindianhistory.com/2018/01/a-collection-of-portraits-of-tipu-sultan.html
1826-ലാണ് ലോകത്തെ ആദ്യത്തെ ഫോട്ടോ പകർത്തിയത് (1827-ലാണെന്നും ചിലർ വാദിക്കുന്നുണ്ട്). ടിപ്പു സുൽത്താൻ മരിച്ചതോ 1799-ലും. അതായത്, ടിപ്പു ജീവനോടെയുള്ള കാലത്ത് ക്യാമറ കണ്ടുപിടിച്ചിട്ടില്ലെന്നു സാരം. അതുകൊണ്ട് ഇപ്പോൾ പ്രചരിക്കുന്ന ചിത്രം ടിപ്പുവിന്റേതല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കാം.

ചിത്രത്തിലുള്ള വ്യക്തിയെ കുറിച്ചാണ് അടുത്തതായി അന്വേഷിച്ചത്. പരിശോധനയിൽ, അലാമി എന്ന ഇമേജ് ഷെയറിങ് സൈറ്റിൽ ഇതേ ചിത്രം കണ്ടെത്തി. ടിപ്പു ടിപ്പ് എന്ന ആഫ്രിക്കൻ അടിമ വ്യാപാരിയുടേതാണ് ഈ ചിത്രമെന്നാണ് അതിൽ നൽകിയിരിക്കുന്ന വിശദീകരണം.
തുടർന്ന്, ടിപ്പു ടിപ്പിന്റെ കൂടുതൽ ചിത്രങ്ങൾ കണ്ടെത്തി പരിശോധിച്ചു. 'ദി ഇലസ്‌ട്രേറ്റഡ് ലണ്ടൻ ന്യൂസ്' എന്ന മുൻ ബ്രിട്ടീഷ് മാധ്യമത്തിലും ഇയാളെ കുറിച്ച് സ്റ്റുവർട്ട് ലൈങ് എന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞൻ എഴുതിയ പുസ്തകത്തിലും ടിപ്പു ടിപ്പിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചതിൽനിന്നു പ്രചരിക്കുന്ന ചിത്രത്തിലുള്ള വ്യക്തി ടിപ്പു ടിപ്പ് എന്ന അടിമവ്യാപാരിയല്ലെന്ന് സ്ഥിരീകരിച്ചു.
.jpg?$p=c5a0569&&q=0.8)
ഈ ചിത്രം മുൻ വർഷങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ബി.ജെ.പി. നേതാവ് അശ്വിനി ഉപാധ്യായ ഉൾപ്പടെ നിരവധി പേരായിരുന്നു മുൻപ് ഈ ചിത്രം ടിപ്പുവിന്റേതെന്ന തരത്തിൽ പങ്കുവെച്ചത്. അന്ന് ചില മാധ്യമങ്ങളിൽ ഇത് വാർത്തയായി. അടിമ വ്യാപാരിയായിരുന്ന റുമാലിസയുടെ ചിത്രമാണത് എന്നാണ് ചില റിപ്പോർട്ടികളിൽ പറയുന്നത്. തുടർന്ന്, റുമാലിസയുടെ ചിത്രങ്ങൾ കണ്ടെത്തി താരതമ്യം നടത്തി.
റുമാലിസയുടെ ചിത്രത്തിന് പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തിയുമായി സാമ്യമുണ്ട്. എന്നാൽ, പ്രചരിക്കുന്ന ചിത്രം റുമാലിസയുടേതാണെന്ന് തെളിയിക്കാൻ പാകത്തിനുള്ള രേഖകളൊന്നും നിലവിൽ ലഭ്യമല്ല.

ഒമാനി സാമ്രജ്യത്തിന് കീഴിൽ ഇന്നത്തെ ടാൻസാനിയയിൽ ജനിച്ച വ്യക്തിയാണ് റുമാലിസ എന്ന മുഹമ്മദ് ബിൻ ഖൽഫാൻ ബിൻ ഖമീസ് അൽ-ബർവാൻ. അടിമ വ്യാപാരിയായിരുന്ന അദ്ദേഹം 1855-ലാണ് ജനിച്ചതെന്ന് കരുതപ്പെടുന്നു.
വാസ്തവം
ടിപ്പു സുൽത്താന്റെതെന്ന തരത്തിൽ പ്രചരിക്കുന്ന ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ടിപ്പു ജീവിച്ചിരിക്കുന്ന കാലത്ത് ക്യാമറ കണ്ടുപിടിച്ചിട്ടില്ല. പ്രചരിക്കുന്ന ഫോട്ടോയിലുള്ളത് റുമാലിസ എന്ന ആഫ്രിക്കൻ അടിമ വ്യാപാരിയാണെന്ന വാദങ്ങൾ നിലനിൽക്കുന്നുണ്ട്.
Content Highlights: Tipu Sultan, Photo, Ramasimhan, Rumalisa, Tippu Tipp, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..