.
ആലപ്പുഴയിലുള്ള ദി അശോക ഹോട്ടലിൽനിന്നു പട്ടിയിറച്ചി പിടിച്ചുവെന്ന തരത്തിൽ സന്ദേശം വാട്‌സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏതാനും ചിത്രങ്ങൾക്കൊപ്പമാണ് പ്രചാരണം. എന്താണ് വാസ്തവമെന്ന് പരിശോധിക്കുന്നു.
അന്വേഷണം
പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവമറിയാനായി ആലപ്പുഴ നഗരസഭ അധികൃതരുമായി ബന്ധപ്പെട്ടു. 'ദി അശോക ഹോട്ടൽ' എന്ന പേരിൽ ആലപ്പുഴയിൽ ഒരു ഭക്ഷണശാല ഇല്ലെന്നും ഇത്തരത്തിൽ പട്ടിയിറച്ചി പിടിച്ചെടുത്തുവെന്ന സന്ദേശം വ്യാജമാണെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.
തുടർന്നുള്ള അന്വേഷണത്തിൽ, മുൻവർഷങ്ങളിലും സമാന പ്രചാരണം നടന്നതായി കണ്ടെത്തി. ഹൈദരാബാദ്, ഡെഹ്‌റാഡൂൺ, കൊൽക്കത്ത എന്നീ നഗരങ്ങളുടെ പേരിലാണ് ഇതേ ചിത്രങ്ങൾ ഉപയോഗിച്ച് പ്രചാരണങ്ങൾ നടന്നത്. ദി അശോക ഹോട്ടലിന്റെ രണ്ട് ചിത്രങ്ങളെ കൂടാതെ, പട്ടികളെ കൂട്ടത്തോടെ അടച്ചിട്ടിരിക്കുന്ന കെട്ടിടത്തിന്റെയും തൊലിയുരിഞ്ഞ് കെട്ടിത്തൂക്കിയ ഒരു പട്ടിയുടെയും ചിത്രങ്ങളാണ് വർഷങ്ങളായി പ്രചരിക്കുന്നത്.
.jpg?$p=2772f02&&q=0.8)
പരിശോധനയിൽ, പ്രചരിക്കുന്ന ചിത്രങ്ങൾ എല്ലാം പഴയതാണെന്നും പല സ്ഥലങ്ങളിൽ നിന്നുള്ളതാണെന്നും കണ്ടെത്തി. ചിത്രങ്ങളിൽ കാണുന്ന അശോക ഹോട്ടൽ പശ്ചിമ ബംഗാളിലെ ഹൗറയിലാണുള്ളത്. ഭക്ഷ്യസുരക്ഷാ വിഭാഗം 2018 മെയിൽ അവിടെ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. തുടർന്ന്, ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോർച്ചയുടെ നേതൃത്വത്തിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ചിത്രങ്ങളാണ് പട്ടിയിറച്ചി പിടിച്ചെടുത്ത ഹോട്ടലെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
ഒരു പട്ടിയെ തൊലിയുരിഞ്ഞ് കെട്ടിത്തൂക്കിയ ചിത്രമാണ് അടുത്തത്. സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ചിത്രം 2014-ൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ഇറാനിലെ പ്രശസ്തമായ 'മശ്രേഗ് ന്യൂസ്' എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയിലാണിത്.
ഇറാനിലെ മശ്ഹദ് എന്ന സ്ഥലത്തുള്ള സോസേജ് ഫാക്ടറിയിൽനിന്നു രണ്ടായിരം കിലോ പട്ടിയിറച്ചി പിടിച്ചെടുത്തതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഈ പ്രചാരണങ്ങളിലും ഇതേ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. ഇവ വ്യാജമാണെന്നാണ് മശ്രേഗ് ന്യൂസിന്റെ വാർത്തയിൽ പറയുന്നത്. അങ്ങനെ, തൊലിയുരിഞ്ഞ് കെട്ടിത്തൂക്കിയ പട്ടിയുടെ ചിത്രം പഴയതാണെന്ന് സ്ഥിരീകരിച്ചു. മാത്രമല്ല, ഇതേ ചിത്രം ഉപയോഗിച്ച് സിംഗപ്പൂരിലും സമാന പ്രചാരണങ്ങൾ മുൻപ് നടന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ ഉറവിടം കണ്ടെത്താനായില്ല.
പേർഷ്യൻ വാർത്തയുടെ ലിങ്ക്:
https://www.mashreghnews.ir/news/427083/
കെട്ടിടത്തിനകത്ത് നിരവധി പട്ടികളെ അടച്ചിട്ടിരിക്കുന്ന ചിത്രമാണ് വാട്‌സ് ആപ്പ് പ്രചാരണങ്ങളിലെ മറ്റൊന്ന്. അന്വേഷണത്തിൽ, ഷട്ടർസ്റ്റോക്ക് എന്ന ഇമേജ് സൈറ്റിൽ ഇതേ ചിത്രമുള്ളതായി കണ്ടെത്തി. തായ്ലൻഡിലെ 'നാഖോങ് ഫനോം' എന്ന സ്ഥലത്ത് നിന്നുള്ളതാണ് ചിത്രമെന്നാണ് സൈറ്റിലെ വിവരണം.
വിശദമായ അന്വേഷണത്തിൽ പ്രസ്തുത ചിത്രം തായ്ലൻഡിൽ നിന്നുള്ളതാണെന്ന് ഉറപ്പിച്ചു. പട്ടിക്കടത്തുകാരിൽ നിന്ന് രക്ഷിച്ചവയെയും അവശത നേരിടുന്ന പട്ടികളെയും പുനരധിവസിപ്പിക്കുന്ന സെന്ററുകളിലൊന്നിൽ നിന്നുള്ള ചിത്രമാണിത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2013-ലോ അതിനു മുൻപോ പകർത്തിയ ചിത്രമാണിതെന്ന് ഉറപ്പിക്കാം.
തായ്ലൻഡിലെ പുനരധിവാസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ലിങ്കുകൾ:
https://www.shutterstock.com/image-photo/nakhon-phanom-thailand-aug-19-thai-83099935
https://mgronline.com/daily/detail/9540000122668
https://www.dogster.com/lifestyle/dog-meat-vietnam-thailand-black-market
വാസ്തവം
ആലപ്പുഴയിലെ ഹോട്ടലിൽനിന്നു പട്ടിയിറച്ചി പിടിച്ചെടുത്തുവെന്ന പ്രചാരണം വ്യാജമാണ്. പഴയതും പരസ്പര ബന്ധമില്ലാത്തതുമായ ചിത്രങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.
Content Highlights: Dog meat, Alappuzha,The Ashoka hotel, Thailand, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..