അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രം അല്ല ഇത്- വസ്തുത ഇതാണ്


2 min read
Read later
Print
Share

രാമക്ഷേത്രം എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ സ്വര്‍ണ നിറത്തിലുള്ള താഴികക്കുടങ്ങളുള്ള വലിയൊരു കെട്ടിടവും മൂന്നില്‍ ജലാശയങ്ങളുമുള്ളൊരു ഉദ്യാനവും ആണുള്ളത്.

-

ശ്ചിമബംഗാളിലെ ഒരു വേദിക് പ്ലാനറ്റേറിയത്തിന്റെ 3ഡി ചിത്രം ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിന്റെ ചിത്രമാണെന്ന രീതിയില്‍ പ്രചരിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് അയോധ്യ രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ചുള്ള ഭൂമി പൂജ നടക്കാനിരിക്കെയാണ് ഈ ചിത്രം പ്രചരിക്കുന്നത്.

രാമക്ഷേത്രം എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ സ്വര്‍ണ നിറത്തിലുള്ള താഴികക്കുടങ്ങളുള്ള വലിയൊരു കെട്ടിടവും മുന്നില്‍ ജലാശയങ്ങളുമുള്ളൊരു ഉദ്യാനവും ആണുള്ളത്.

Architectural View of Proposed Ram Mandir In Ayodhya..... #JaiShriRam......

Posted by Doddanagouda Patil on Wednesday, 22 July 2020

അയോധ്യയില്‍ നിര്‍മിക്കാന്‍ പോകുന്ന രാമക്ഷേത്രത്തിന്റെ യഥാര്‍ത്ഥ മാതൃകയുടെ ചിത്രങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എങ്കിലും പ്രചരിക്കുന്ന തെറ്റായ ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയേണ്ടതുണ്ട്.

പശ്ചിമ ബംഗാളിലെ മായാപുര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് (ISKCON, ഇസ്‌കോണ്‍) എന്ന മത സംഘടനയുടെ വേദക്ഷേത്രമാണ് രാമക്ഷേത്രമെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ളത്.

fake real
Edited image (Left) And the Original. Image: BoomLive

എന്നാല്‍ ഇസ്‌കോണ്‍ രൂപകല്‍പന ചെയ്ത വേദ ക്ഷേത്രത്തിന്റെ മാതൃകയില്‍ രണ്ടാമത് ആരോ വരച്ചെടുത്ത ചിത്രമാണ് രാമക്ഷേത്രത്തിന്റെതായി പ്രചരിക്കുന്നത്.

യഥാര്‍ത്ഥ വേദക്ഷേത്ര രൂപകല്‍പനയില്‍ താഴികക്കുടങ്ങള്‍ക്ക് നീലനിറമാണുള്ളത്. എന്നാല്‍ രാമക്ഷേത്രമെന്ന രീതിയില്‍ പ്രചരിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളിലുള്ള ചിത്രത്തില്‍ ഈ നിറം മാറ്റി സ്വര്‍ണ നിറമാക്കി മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ ക്ഷേത്രത്തിന് മുന്നിലെ ഉദ്യാനത്തിന്റെ രൂപകല്‍പനയിലും മാറ്റമുണ്ട്.

ഇസ്‌കോണിന്റെ വേദിക് പ്ലാനറ്റേറിയത്തെ കുറിച്ച് വിശദമായി നോക്കാം.

520000 ചതുരശ്ര അടി സ്ഥലത്ത് 2009 സെപ്റ്റംബറിലാണ് വേദിക് ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. 2022 ലെ ഗുരുപൂര്‍ണിമയോടനുബന്ധിച്ച് ഇതിന്റെ ഉദ്ഘാടനം നടത്താനാണ് പദ്ധതി. ടെപിള്‍ ഓഫ് വേദിക് പ്ലാനറ്റേറിയം എന്ന വെബ്‌സൈറ്റിലും ഈ ക്ഷേത്രത്തിന്റെ ചിത്രങ്ങളുണ്ട്. ക്ഷേത്ര നിര്‍മാണത്തിന്റെ പ്രധാന ഘട്ടങ്ങളെല്ലാം പൂര്‍ത്തിയായിട്ടുമുണ്ട്.

അയോധ്യയില്‍ നിര്‍മിക്കാന്‍ പോകുന്ന രാമക്ഷേത്രത്തിന്റെ മാതൃകയുടെ ചിത്രമാണ് താഴെ-