പ്രചരിക്കുന്ന ചിത്രം | കടപ്പാട്: വാട്‌സാപ്പ്
ബ്രഹ്‌മപുരം വിഷയവുമായി ബന്ധപ്പെട്ട് നിലിവിലുള്ള സംവിധാനത്തിന് ബദൽ മാതൃകയേതെന്ന ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പലരും വിവിധ മാലിന്യ സംസ്‌കരണ മാതൃകകൾ ഇതിനകം തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. ഇന്ദോറിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിനെയാണ് വലിയൊരു വിഭാഗം മാതൃകയായി ഉയർത്തിക്കാട്ടുന്നത്. ഇതിനെ കുറിച്ചുള്ള വിവരങ്ങളും ചിത്രവും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ മേയർമാരും ജനപ്രതിനിധികളും പരിഹാരമാർഗങ്ങൾക്കായി ലക്ഷങ്ങൾ മുടക്കി വിദേശത്ത് പോകാതെ രാജ്യത്തിനകത്ത് തന്നെയുള്ള മാതൃകകൾ കണ്ടുപഠിക്കണമെന്ന തരത്തിലാണ് പ്രചാരണം.
വാസ്തവമെന്തെന്ന് പരിശോധിക്കാം.
.png?$p=44710c3&&q=0.8)
അന്വേഷണം
ജനങ്ങൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ടില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ മാതൃകയാണ് ഇന്ദോറിലേതെന്നാണ് സന്ദേശത്തിൽ പറയുന്നത്. വൈദ്യുതിയും 400 ബസ്സുകൾക്ക് ഇന്ധനമായി ബയോ ഗ്യാസും വളങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ടെന്നതാണ് അവകാശവാദം. മനുഷ്യവിസർജ്യം അടക്കം പ്ലാൻറിൽ സംസ്‌കരിക്കുമെന്നും മാലിന്യ സംസ്‌കരണത്തിലൂടെ 2.5 കോടി രൂപ വരുമാനമായി ഇൻഡോർ മുൻസിപ്പാലിറ്റിക്ക് ലഭിക്കുന്നതായും സന്ദേശത്തിലുണ്ട്.
ഈ കുറിപ്പിനൊപ്പം പ്രചരിക്കുന്ന ചിത്രമാണ് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കിയത്. ചിത്രത്തിലുള്ളത് ഇന്ദോറിലെ മാലിന്യ സംസ്‌കരണ പ്ലാന്റല്ല, തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ടിൽ സ്ഥാപിച്ചിട്ടുള്ള ബയോ-സി.എൻ.ജി. (കംപ്രസ്സ്ഡ് നാച്ചുറൽ ?ഗ്യാസ്) പ്ലാന്റാണെന്ന് കണ്ടെത്തി. ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ബിസിനസ്സ് സിറ്റിയായ മഹീന്ദ്ര വേൾഡ് സിറ്റിയിൽ മഹീന്ദ്ര റിസർച്ച് വാലിയും (എം.ആർ.വി.), മഹീന്ദ്ര വേൾഡ് സിറ്റി ഡെവലപ്പേഴ്സ് ലിമിറ്റഡും (എം.ഡബ്ല്യു.സി.ഡി.എൽ.) ചേർന്ന് ആരംഭിച്ച സി.എസ്.ആർ. സംരംഭമാണിത്. സന്ദേശത്തിൽ പറയുന്നതുപോലെ പാചകവാതകം, ഇന്ധനം, വൈദ്യുതി, വളം എന്നിവ മാലിന്യ സംസ്‌കരണത്തിലൂടെ ഉപ ഉത്പ്പന്നമായി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
തുടർന്നുള്ള അന്വേഷണത്തിൽ, ഇന്ദോറിലെ ഗോബർ-ധൻ എന്ന മാലിന്യ സംസ്‌കരണ പ്ലാന്റിനെ കുറിച്ചാണ് സന്ദേശത്തിൽ പറയുന്നതെന്ന് കണ്ടെത്തി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബയോ-സി.എൻ.ജി. പ്ലാന്റായ ഇത് സ്ഥിതി ചെയ്യുന്നത് ഇന്ദോറിലെ ദേവ്ഗുരാഡിയ എന്ന സ്ഥലത്താണ്. ഇന്ദോർ മുൻസിപ്പൽ കോർപ്പറേഷനും എവർ എൻവിറോ റിസോഴ്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയും കൂടെ സഹകരിച്ചാണ് ഈ പ്ലാന്റ് നടത്തുന്നത്. 2022 ഫെബ്രുവരി 19-നായിരുന്നു ഇതിന്റെ ഉദ്ഘാടനം. നഗരത്തിൽ പ്രതിദിനം ഉണ്ടാവുന്ന ജൈവമാലിന്യത്തിന്റെ 90% ഗോബർ-ധൻ പ്ലാന്റിലാണ് സംസ്‌കരിക്കുന്നത്. ഇവിടെ മാലിന്യം സംസ്‌കരിക്കുന്നത് വഴി ബയോ ഗ്യാസും വളവും ഉപ ഉത്പന്നങ്ങളായി ഉണ്ടാവുന്നുണ്ട്.
ഉത്പാദിപ്പിക്കുന്ന ബയോ ഗ്യാസ് നേരിട്ട് ഇന്ധനമായി ഉപയോഗിക്കുന്നില്ല. ബയോ ഗ്യാസിനെ കംപ്രസ്സ് ചെയ്ത് ബയോ സി.എൻ.ജി. അഥവാ കംപ്രസ്സ്ഡ് ബയോ ഗ്യാസ് ആക്കി മാറ്റിയാണ് വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. 400 ബസ്സുകൾക്ക് ഇന്ധനമായി വേണ്ടുന്ന ബയോ ഗ്യാസ് ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് സന്ദേശത്തിൽ പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമായില്ല. 2022 നവംബറിലെ കണക്ക് പ്രകാരം 146 ബസ്സുകളാണ് ഇവിടെ നിന്നുള്ള ബയോ സി.എൻ.ജിയിൽ ഓടുന്നത്.
കൂടാതെ, പ്ലാന്റിന്റെ വരുമാനമായി സന്ദേശത്തിൽ പറയുന്ന 2.5 കോടി രൂപ, പ്ലാന്റിലേക്ക് മാലിന്യം എത്തിക്കുന്നത് വഴി മുനിസിപ്പാലിറ്റിക്ക് എവർ എൻവിറോ റിസോഴ്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് റോയൽറ്റിയായി ലഭിക്കുന്ന തുകയാണ്. കുറഞ്ഞ വിലയ്ക്ക് ഇന്ധനം ഉപയോഗിക്കുന്നതിന്റെ ലാഭം വേറെയുമുണ്ട്.
മാലിന്യ സംസ്‌കരണത്തിലൂടെ ഗോബർ-ധനിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് സന്ദേശത്തിൽ പറയുന്നത് തെറ്റാണ്. ബയോ ഗ്യാസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെങ്കിലും നിലവിൽ അതിനുള്ള സംവിധാനങ്ങൾ ഈ പ്ലാന്റിലില്ല. പക്ഷേ, പ്ലാന്റിനു പ്രവർത്തിക്കാൻ വേണ്ട വൈദ്യുതിയുടെ ഒരു ചെറിയ പങ്ക് പ്ലാന്റിലെ സോളാർ സെല്ലുകളിൽനിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. സിറ്റിയിലെ കക്കൂസ് മാലിന്യമടക്കം ഇവിടെ സംസ്‌കരിക്കുമെന്നതും തെറ്റായ വിവരമാണ്. മാത്രമല്ല, മലിനീകരണവും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ദുർഗന്ധവും പൂർണ്ണമായി ഇല്ലാതാകുന്നില്ല. എങ്കിലും താരതമ്യേന കുറവായിരിക്കും എന്നതാണ് വസ്തുത.
വാസ്തവം
ഇന്ദോറിൽ സ്ഥിതി ചെയ്യുന്ന, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബയോ സി.എൻ.ജി. പ്ലാന്റായ ഗോബർ-ധനിനെ കുറിച്ചാണ് സന്ദേശത്തിൽ പറയുന്നത്. പക്ഷേ, ഈ പ്ലാന്റിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നത് തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ടിൽ സ്ഥാപിച്ചിട്ടുള്ള ബയോ സി.എൻ.ജി. പ്ലാന്റിന്റെ ചിത്രമാണ്.
സന്ദേശത്തിൽ പറയുന്നതുപോലെ, മാലിന്യ സംസ്‌കരണത്തിലൂടെ പ്ലാൻറിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല. ഇവിടെ മനുഷ്യ വിസർജ്യവും സംസ്‌കരിക്കുന്നുണ്ടെന്ന വാദവും ശരിയല്ല.
Content Highlights: Indore Waste Management System, Indore Model, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..