.
പന്ത്രണ്ട് ദിവസത്തെ പ്രയത്‌നത്തിനൊടുവിൽ ബ്രഹ്‌മപുരത്തെ തീ അണച്ചെങ്കിലും സമൂഹമാധ്യമങ്ങളിലിപ്പോഴും അതിന്റെ കനലെരിയുന്നുണ്ട്. ഇതിനിടെ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. ബ്രഹ്‌മപുരത്തേക്കാൾ ഭീകരമായ തരത്തിൽ ഡൽഹിയിൽ മാലിന്യമലയ്ക്ക് തീപിടിച്ചുവെന്നും ബ്രഹ്‌മപുരം വിഷയം ആഘോഷിച്ചവർക്ക് ഇതിൽ പരാതിയും പരിഭവവുമില്ലെന്നുമാണ് വീഡിയോയിൽ ആരോപിക്കുന്നത്.
അന്വേഷണം
തിരക്കേറിയ റോഡിനടുത്തായി കുന്നുപോലൊരു പ്രദേശത്ത് തീ കത്തിപ്പടരുന്നതാണ് ദൃശ്യങ്ങളിൽ. വാഹന യാത്രികരിലൊരാൾ പകർത്തിയതാണ് ഈ വീഡിയോ. 'ഇത് കാട്ടുതീയോ, ബ്രഹ്‌മപുരത്തെ തീപ്പിടുത്തമോ അല്ല. ഡൽഹിയിലെ മാലിന്യമലയിലുണ്ടായ തീപ്പിടുത്തമാണെന്ന്' ദൃശ്യങ്ങളുടെ തുടക്കത്തിൽ പറയുന്നുണ്ട്. ബ്രഹ്‌മപുരത്ത് തീപിടിച്ച ഉടൻ കെടുത്താൻ നടപടി എടുത്തെങ്കിലും ഡൽഹിയിൽ ദിവസങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു. ആർക്കും ഇത് വിവാദമാക്കേണ്ട എന്ന ആരോപണമാണ് ഇതിൽ ഉയർത്തുന്നത്.
ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഡൽഹിയിലെ ഡംപിങ് യാർഡായ ഭൽസ്വയിൽ നടന്ന തീപിടുത്തത്തിന്റെ ദൃശ്യങ്ങളാണിവ എന്ന് കണ്ടെത്തി. 2022 ഏപ്രിൽ 26-നായിരുന്നു ഇവിടെ തീപിടുത്തമുണ്ടായത്.
മിക്ക മാധ്യമങ്ങളും ഈ സംഭവത്തെപ്പറ്റി വാർത്ത നൽകിയിരുന്നു. കാലങ്ങളായി അടിഞ്ഞുകൂടി കിടക്കുന്ന മാലിന്യത്തിൽനിന്ന് പുറന്തള്ളപ്പെടുന്ന മീഥേൻ ഗ്യാസും കടുത്ത ചൂടുമാണ് തീപിടുത്തത്തിന് കാരണമെന്നാണ് വാർത്തകളിൽ പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് പത്തു ദിവസത്തിലധികം സമയമെടുത്തിട്ടാണ് ഭൽസ്വയിലെ തീപിടുത്തം പൂർണമായി അണയ്ക്കാൻ സാധിച്ചത്. ഡൽഹിയിലെ ഡംപിങ് യാർഡുകളിൽ തീപിടുത്തം തുടർച്ചയായി ഉണ്ടാകാറുണ്ടെന്നും, ഇത്തരത്തിൽ ഏപ്രിലിൽ ഉണ്ടായ നാലാമത്തെ തീപിടുത്തമാണ് ബൽസ്വയിലേതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
വാസ്തവം
ഡൽഹിയിലെ മാലിന്യക്കൂമ്പാരം ദിവസങ്ങളായി കത്തിപ്പടരുകയാണെന്ന വാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒരു വർഷം മുൻപ് ഡൽഹിയിലെ ഭൽസ്വ ഡംപിങ് യാർഡിൽ ഉണ്ടായ തീപിടുത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോഴത്തേതെന്ന തരത്തിൽ പ്രചരിക്കുന്നത്.
Content Highlights: Garbage Fire, Burning, Delhi Waste, Dumping Yard, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..