പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ | കടപ്പാട്: വാട്സാപ്പ്
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ജീവൻ നഷ്ടമായത്. ഈ കടുവയെ പിടികൂടിയെങ്കിലും ജനങ്ങളിൽ ഭീതിയുടെ നിഴൽ വീഴ്ത്തി വീണ്ടുമിവിടെ കടുവ സാന്നിധ്യം റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ ഒരാളെ കടുവ ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ സത്യമംഗലത്ത് നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് അവകാശവാദം.
വാസ്തവമെന്തെന്ന് പരിശോധിക്കാം.

അന്വേഷണം
തമിഴനാട്-കർണ്ണാടക അതിർത്തിക്കടുത്തുള്ള സത്യമംഗലം ബന്നാരി അമ്മൻ കോവിലിന് പുറകിലായാണ് സംഭവമുണ്ടായതെന്നാണ് ദൃശ്യങ്ങൾക്കൊപ്പമുള്ള കുറിപ്പിലെ അവകാശവാദം. ഒരു കടുവക്കൂട്ടത്തിനിടയിൽ അകപ്പെട്ട ഒരാളെയാണ് ദൃശ്യങ്ങളിൽ ആദ്യം കാണുക. അതിലൊരു കടുവ ഇയാളെ കഴുത്തിൽ കടിച്ച് പിടിച്ചിരിക്കുന്നു. വെടിക്കോപ്പ് പോലൊരു വസ്തു ഉപയോഗിച്ച് കടുവയെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. കോയമ്പത്തൂർ മൈസൂർ ഘട്ട് റോഡിൽ വാഹനം നിർത്തിയിറങ്ങിയ ഡ്രൈവറാണ് ആക്രമിക്കപ്പെട്ടതെന്നാണ് സന്ദേശത്തിൽ പറയുന്നത്.
തമിഴ്നാട്ടിൽ സത്യമംഗലം ടൈഗർ റിസർവിനടുത്താണ് സന്ദേശത്തിൽ പറയുന്ന ബന്നാരി അമ്മൻ കോവിൽ സ്ഥിതിചെയ്യുന്നത്. പക്ഷെ, പ്രചരിക്കുന്ന വീഡിയോയിലെ സംഭാഷണങ്ങൾ തമിഴിൽ അല്ല, മറ്റേതോ ഭാഷയാണിതിൽ കേൾക്കുന്നത്.
ഇത്തരത്തിൽ കടുവ ആക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ ഒന്നുംതന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൈനീസ് ദേശീയ വാർത്താ മാധ്യമമായ ചൈന ഗ്ലോബൽ ടിവി നെറ്റ്വർക്ക് (CGTN) ഈ ദൃശ്യങ്ങൾ 2017 ജനുവരി 29-ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണിത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ നിങ്ബോ മൃഗശാലയിൽ ഒരാളെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് വാർത്ത. ഈ സംഭവം മറ്റ് മാധ്യമങ്ങളിലും വാർത്തയായിരുന്നു.
ഷാങ് എന്നാണ് കൊല്ലപ്പെട്ട യുവാവിന്റെ പേര്. ചൈനയിലെ ഡോങ്കിയൻ ലേക് റിസോർട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന നിങ്ബോ യംഗർ മൃഗശാല സന്ദർശിക്കാനെത്തിയതായിരുന്നു ഷാങ്, ലീ എന്നിവർ. കുടുംബസമേതം എത്തിയ ഇവരുടെ കുടുംബാംഗങ്ങൾ ടിക്കറ്റ് എടുത്ത് അകത്ത് കയറിയപ്പോൾ ഷാങും ലീയും ടിക്കറ്റ് ഇല്ലാതെ അകത്തു കടക്കാൻ ശ്രമിച്ചു. ഇതിനായി മതിൽ ചാടിയപ്പോഴാണ് ഷാങ് കടുവാസങ്കേതത്തിൽപ്പെട്ടതും കടുവകൾ ആക്രമിച്ചതും. സംഭവം നടന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഇയാളെ പുറത്തെത്തിക്കാനായത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരണപ്പെട്ടു. സംഭവത്തിന് ശേഷം കടുവകളിൽ ഒന്നിനെ പോലീസും ലോക്കൽ ഫോറസ്റ്ററി ബ്യൂറോ അധികൃതരും ചേർന്ന് കൊന്നു എന്നാണ് റിപ്പോർട്ടുകൾ.

വാർത്തകൾ:
http://www.china.org.cn/china/2017-01/29/content_40196102.htm
https://www.bbc.com/news/world-asia-china-38793011
https://www.thesun.ie/news/501473/tourist-mauled-to-death-in-front-of-his-wife-and-child-by-three-tigers-after-climbing-into-zoo-enclosure-at-feeding-time/
https://www.dailymail.co.uk/news/article-4168856/Tiger-kills-man-China-zoo-horrified-visitors-watch.html
വാസ്തവം
ചൈനയിൽനിന്നുള്ള വീഡിയോ ആണ് തമിഴ്നാട്ടിലെ സത്യമംഗലത്ത് ഒരാളെ കടുവ ആക്രമിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്നത്. ചൈനയിലെ നിങ്ബോ യംഗർ മൃഗശാലയിൽ 2017-ൽ നടന്ന സംഭവത്തിന്റെ വീഡിയോ ആണിത്.
Content Highlights: Tiger, caught man, china zoo, killed, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..