കടപ്പാട് : മാതൃഭൂമി / വാട്‌സ്ആപ്പ്
കാൻസറിനെ നേരിടാൻ പാലിക്കേണ്ട മൂന്ന് ആഹാരശീലങ്ങളുടേതെന്ന തരത്തിൽ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രശസ്തനായ കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞതെന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. കാൻസർ പിടിപെടാതിരിക്കാൻ ദിവസേന ഓർഗാനിക്ക് വെളിച്ചെണ്ണ കുടിക്കാനാണിതിൽ പറയുന്നത്. മാത്രമല്ല, കീമോതെറാപ്പിക്ക് പകരം ചെറുനാരങ്ങാ നീര് കുടിക്കാനും ക്യാൻസർ കോശങ്ങൾ തനിയെ നശിക്കാൻ പഞ്ചസാര ഒഴിവാക്കിയാൽ മതിയെന്നുമാണ് 'വിദഗ്‌ധോപദേശം'. ഇതിൽ വല്ല വാസ്തവവും ഉണ്ടോ? പരിശോധിക്കാം.

അന്വേഷണം
വിശദമായ അന്വേഷണത്തിൽ, ഏതാണ്ട് 2018 മുതൽ സമൂഹമാധ്യമങ്ങളിൽ ഈ സന്ദേശം പ്രചരിക്കുന്നതായി കണ്ടെത്തി. ഡോക്ടറും പൊതുജനാരോഗ്യ പ്രവർത്തകയുമായ ഡോ. ഷിംന അസീസ് ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഡോ. വി.പി ഗംഗാധരൻ 'മനസ്സാ വാചാ' അറിയാത്തൊരു കാര്യമാണ് ഈ പ്രചാരണമെന്നും പഞ്ചസാര ഒഴിവാക്കിയതുകൊണ്ട് കാൻസർ തടയാനാവില്ലെന്നും ഡോ. ഷിംന ഈ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 2018 ജനുവരി 28-നായിരുന്നു ഡോക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ഈ സന്ദേശത്തിനെതിരെ ഡോ. ഗംഗാധരൻ അധികാരികൾക്ക് പരാതി നൽകിയിരുന്നു. 2018 ജനുവരി 27-നാണ് അദ്ദേഹം കൊച്ചി സൈബർ സെല്ലിന് പരാതി നൽകിയത്. ഇതിന്റെ രസീത്, 'സെയിന്റ് വിത്ത് എ സ്റ്റെതസ്‌കോപ്പ്- ഡോ വി.പി. ഗംഗാധരൻ' എന്ന ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡോക്ടറുടെ പരാതിക്ക് പിന്നാലെ, ഈ സംഭവം വാർത്തയാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് 25-ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ കാൻസർ ചികിത്സാരംഗത്ത് ഈ രീതിയിൽ നടക്കുന്ന തട്ടിപ്പുകളെയും വ്യാജപ്രചാരണങ്ങളെയും കുറിച്ച് ഡോ.വി.പി. ഗംഗാധരൻ സംസാരിച്ചിരുന്നു. ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കഴിച്ചാൽ കാൻസർ മാറുമെന്നതടക്കം തന്റെ പേരിൽ നടന്ന വ്യാജപ്രചാരണങ്ങൾ ഞെട്ടിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നും കാൻസറിന്റെ കാര്യത്തിൽ ഒരുപാട് തെറ്റിദ്ധാരണകൾ നിലനില്കുന്നുവെന്നും സമൂഹമാധ്യമങ്ങളുടെ വരവോടെ ഇത്തരം തട്ടിപ്പും വ്യാജചികിത്സ പ്രചാരണങ്ങളും വ്യാപകമായതായും അദ്ദേഹം പറഞ്ഞു.
വാസ്തവം
കാൻസർ രോഗ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. ഇതിനെതിരെ അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഓർഗാനിക്ക് വെളിച്ചെണ്ണ കുടിക്കുന്നത് കാൻസറിനെ പ്രതിരോധിക്കും, ഒപ്പം ചെറുനാരങ്ങാനീര്, പഞ്ചസാര എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പ്രചാരണങ്ങളിൽ പറയുന്ന കാര്യങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനവുമില്ല.
Content Highlights: Cancer, Food Habit, Dr. VP Gangadharan, Fake Message, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..