കടപ്പാട് : വാട്‌സാപ്പ്
വേനലവധിക്കാലത്ത് കുട്ടികളെ തട്ടികൊണ്ട് പോകാൻ എത്തിയ അന്യസംസ്ഥാനക്കാരുടെ സംഘത്തിൽപ്പെട്ടവരെ പോലീസ് പിടികൂടി എന്ന തരത്തിൽ ഒരു ശബ്ദസന്ദേശം വാട്‌സാപ്പിൽ വൈറലാണ്. തമിഴ്‌നാട് പോലീസാണ് ഇവരെ പിടികൂടിയതെന്നാണ് സന്ദേശത്തിൽ പറയുന്നത്. പിടിയിലായവരുടെ ചിത്രം സഹിതമാണിത് പ്രചരിക്കുന്നത്. ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുനൂറ് പേരടങ്ങുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവർ എന്നുമാണ് ഇതിലെ അവകാശവാദം. പ്രചാരണത്തിലെ വാസ്തവം എന്തെന്ന് പരിശോധിക്കാം.

അന്വേഷണം
ഒരു മുന്നറിയിപ്പ് എന്ന തരത്തിലുള്ളതാണ് പ്രസ്തുത സന്ദേശം. ''കുട്ടികളെ തട്ടികൊണ്ട് പോകാനായി തമിഴ്‌നാട്ടിലെത്തിയ ഇരുനൂറ് അംഗ സംഘത്തിലെ അഞ്ച് പേരെ മാത്രമേ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളു. ആയതിനാൽ, സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം'' എന്ന നിർദേശമാണ് സന്ദേശം നൽകുന്നത്.
സമാന അവകാശവാദങ്ങളോടെ ഇതേ ചിത്രം 2018 മുതൽ 2020 വരെയുള്ള കാലയളവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. 2018 ഏപ്രിൽ 29-നാണ് ചിത്രം ആദ്യമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ പ്രചരിക്കുന്നത് പോലെ തമിഴ്‌നാട് പോലീസ് ഈ സംഘത്തെ പിടികൂടി എന്നായിരുന്നു അതിലെയും വാദം. തൊട്ടടുത്ത മാസമാകട്ടെ ബ്ലാംഗ്ലൂർ പോലീസിൻറെ പേരിലായിരുന്നു ചിത്രം പ്രചരിച്ചത്. 2019-ൽ ഇത് വീണ്ടും ബ്ലാംഗ്ലൂർ പോലീസിന്റെ പേരിലും പിന്നീട് 2020-ൽ തമിഴ്‌നാട്ടിൽ നിന്നെന്ന തരത്തിലും ഫേസ്ബുക്കിൽ കറങ്ങിനടന്നു.
സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അല്ലാതെ വാർത്ത മാധ്യമങ്ങൾ ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ, ഇത്തരത്തിലുള്ള വാർത്തകൾ ഒന്നും കണ്ടെത്താനായില്ല.
തമിഴ്‌നാട്ടിൽ നിന്നുള്ള പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ അറിയാനായി തമിഴ്‌നാട് പോലീസുമായി ബന്ധപെട്ടു. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ഈ പ്രചാരണം വ്യാജമാണെന്ന് അവർ സ്ഥിരീകരിച്ചു. കൂടാതെ, ബാംഗ്ലൂർ പോലീസും തങ്ങളുടെ പേരിൽ നടന്ന പ്രചാരണം വ്യാജമാണെന്ന് 2018-ൽ തന്നെ വ്യക്തമാക്കിയിരുന്നു.
വാസ്തവം
കുട്ടികളെ തട്ടികൊണ്ട് പോകുന്ന അന്യസംസ്ഥാന സംഘത്തിൽപ്പെട്ട അഞ്ച് പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു എന്ന പ്രചാരണം വ്യാജമാണ്. തമിഴ്‌നാട് പോലീസ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2018 മുതൽ ഇതേ ചിത്രം സമാന ആരോപണങ്ങളുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Content Highlights: Kidnapping Children, Men Arrested, Tamilnadu Police, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..