പ്രചരിക്കുന്ന ചിത്രം
പിതാവ് തന്റെ മകളെ വിവാഹം കഴിക്കുന്നത് അചിന്തനീയമായ ഒരു കാര്യമാണ്. എന്നാൽ, നമ്മുടെ രാജ്യത്ത് അത്തരത്തിലൊരു സംഭവം നടന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഉത്തരേന്ത്യയിലാണ് സംഭവം നടന്നതെന്നാണ് വാദം. എന്താണ് ഇതിന്റെ യാഥാർഥ്യമെന്ന് പരിശോധിക്കുന്നു.
അന്വേഷണം
ഒരു വൃദ്ധനും യുവതിയും പരസ്പരം ഹാരങ്ങൾ അണിയിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. രണ്ടു പേർ ഇവർക്ക് നിർദ്ദേശങ്ങൾ നൽകുന്നതും പിന്നണിയിൽ കേൾക്കാൻ സാധിക്കും. 'പുതിയ ഇന്ത്യയുടെ അവസ്ഥ' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് വെറും ഒമ്പത് സെക്കൻഡ് ദൈർഘ്യം മാത്രമേയുള്ളൂ.
സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, 8 മിനിറ്റ് 13 സെക്കന്റ് ദൈർഘ്യമുള്ള ഒരു വീഡിയോ യൂട്യൂബിൽ കണ്ടെത്തി. 'കരൺ കൊട്നാല' എന്ന യൂട്യൂബ് ചാനലിൽ 2022 ഡിസംബർ 21-ന് പ്രസിദ്ധീകരിച്ച വീഡിയോയാണിത്. '17 വയസ്സുള്ള പെൺകുട്ടി 62 വയസ്സുകാരനെ വിവാഹം കഴിച്ചു' എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ഇതിന്റെ ആദ്യത്തെ ഒമ്പത് സെക്കന്റ് നേരത്തെ ദൃശ്യങ്ങൾ അടർത്തിയെടുത്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
വിനോദാവശ്യത്തിനായി ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നും ഇതിലുള്ളവരുടെ പൂർണ്ണസമ്മതപ്രകാരമാണ് ചിത്രീകരണം നടത്തിയതെന്നുമാണ് വീഡിയോയുടെ വിവരണത്തിൽ പറയുന്നത്. മാത്രമല്ല, പൂർണ്ണരൂപത്തിലുള്ള വീഡിയോയുടെ 39-ാം സെക്കൻഡിൽ ഒരു ഡിസ്ക്ലെയ്മറും നൽകിയിട്ടുണ്ട്. വിനോദാവശ്യത്തിന് ചിത്രീകരിച്ച ദൃശ്യങ്ങളാണിവ എന്നാണ് ഇതിലും വ്യക്തമാക്കിയിരിക്കുന്നത്.

വിശദമായ അന്വേഷണത്തിൽ, പ്രാങ്ക് വീഡിയോകളും സ്ക്രിപ്റ്റഡ് വീഡിയോകളും പോസ്റ്റ് ചെയ്യുന്ന ഒരു ചാനലാണ് 'കരൺ കൊട്നാല' എന്നു വ്യക്തമായി. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വധുവായി വരുന്ന പെൺകുട്ടിയുടെ മറ്റൊരു വീഡിയോയും ഇതേ ചാനലിൽ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായ വ്യാഖ്യാനത്തോടെ പ്രചരിക്കുന്നത്.
വാസ്തവം
സ്വന്തം മകളെ പിതാവ് വിവാഹം ചെയ്തു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിനോദാവശ്യത്തിനായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് തെറ്റായ തരത്തിൽ ഇപ്പോൾ പ്രചരിക്കുന്നത്.
Content Highlights: Father, Daughter, Marriage, Prank Video, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..