.
എല്ലാ കൊല്ലത്തെയും പോലെ 2022-നും വ്യാജപ്രചാരണങ്ങളിൽനിന്നു മുക്തി നേടാനായിട്ടില്ല. കോവിഡ് മഹാമാരിയോടെ മൂർദ്ധന്യത്തിലെത്തിയ വ്യാജവിവരങ്ങളുടെ കുത്തൊഴുക്ക് 2022-ലും യഥേഷ്ടം തുടർന്നു. വ്യാജന്മാർ പല വേഷത്തിലും ഭാവത്തിലും സമൂഹ മാധ്യമങ്ങളിലൂടെ ഈ വർഷവും മലയാളി മനസ്സുകളെ കുഴപ്പത്തിലാക്കി.
സങ്കുചിതമായ രാഷ്ട്രീയ- വർഗ്ഗീയ അജണ്ടകൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ പടച്ചുവിട്ട നിരവധി അസംബന്ധ പ്രചാരണങ്ങൾക്കാണ് 2022 സാക്ഷിയായത്. ഓൺലൈൻ തട്ടിപ്പുകൾക്കും ഈ വർഷത്തിൽ ഒരു കുറവുമുണ്ടായില്ല. മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും തട്ടിപ്പുകാർ കളം നിറഞ്ഞു നിന്നു. പക്ഷെ, ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ മുമ്പത്തേക്കാൾ മികച്ച രീതിയിൽ അവബോധം രൂപപ്പെട്ടിട്ടുണ്ട് എന്നത് ആശാവഹമാണ്. 'ഷെയർ' ചെയ്യും മുൻപേ 'ചെക്ക്' ചെയ്യുക എന്ന ഒരു ഓൺലൈൻ സംസ്‌കാരം മലയാളികൾക്കിടയിൽ വളർന്നു വരുന്നതിന്റെ ശുഭലക്ഷണങ്ങളും ഇക്കഴിഞ്ഞ വർഷം കാണാനായി.
2022-ൽ മലയാളി മനസ്സിനെ കുഴപ്പത്തിലാക്കിയ പല പ്രചാരണങ്ങളുടെയും വാസ്തവമെന്തെന്ന് കൃത്യസമയത്ത് തന്നെ മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്‌ക്കിന് വെളിപ്പെടുത്താൻ സാധിച്ചു എന്നത് സന്തോഷം പകരുന്നതാണ്. 2022-ൽ സമൂഹമാധ്യമങ്ങളെ പ്രകമ്പനം കൊള്ളിച്ച പ്രധാന വ്യാജപ്രചാരണങ്ങൾ എന്തൊക്കെയായിരുന്നു എന്ന് പരിശോധിക്കാം.
.jpg?$p=8054803&&q=0.8)
1. നിയമസഭാ തെരഞ്ഞെടുപ്പുകളും വ്യാജ പ്രചാരണങ്ങളും
ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് പോലുള്ള ചില സുപ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്ന ഒരു വർഷമായിരുന്നു 2022. ഇത്തവണയും രാഷ്ട്രീയവൈര്യം വ്യാജപ്രചാരണങ്ങളുടെ രൂപത്തിൽ അതിന്റെ ഉഗ്രഭാവം കാട്ടി. രാഷ്ട്രീയ നേതാക്കളും അവരുടെ അണികളും തങ്ങളുടെ എതിർപക്ഷത്തിനെതിരെ തെറ്റായ വിവരങ്ങൾ യഥേഷ്ടം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
2022-ലെ നിയമസഭാ തെരെഞ്ഞുടുപ്പുകളിൽ ബി.ജെ.പിക്കാർ ബൂത്തുപിടുത്തം നടത്തി എന്ന അവകാശവാദത്തോടെ ഒരേ വീഡിയോ രണ്ട് സന്ദർഭങ്ങളിൽ ഇക്കഴിഞ്ഞ വർഷം പ്രചരിച്ചിരുന്നു. ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പ് സമയത്തും ഗുജറാത്ത് തെരെഞ്ഞെടുപ്പ് കാലത്തുമാണ് പ്രസ്തുത വീഡിയോ അതാത് സംസ്ഥാനങ്ങളിൽ നടന്ന സംഭവത്തിന്റേതെന്ന തരത്തിൽ പ്രചരിച്ചത്. എന്നാൽ, മേൽപ്പറഞ്ഞ സംസ്ഥാനങ്ങളുമായി യാതൊരു ബന്ധവും ദൃശ്യങ്ങളിലെ സംഭവത്തിനില്ല. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നടത്തിയ ബൂത്ത് പിടുത്തതിന്റെ ദൃശ്യങ്ങളായിരുന്നു ഇവ എന്നതാണ് വാസ്തവം.

2. യുക്രൈൻ അധിനിവേശവും വ്യാജപ്രചാരങ്ങളുടെ സ്‌ഫോടന പരമ്പരകളും
റഷ്യയുടെ യുക്രൈൻ അധിനിവേശം ആഗോള രാഷ്ട്രീയത്തിലും വാർത്താ മാധ്യമ മേഖലയിലും വളരെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. യുദ്ധത്തിന്റെ ഒന്നാം ദിവസം മുതൽ ഇരുകക്ഷികളും വ്യാജപ്രചാരണങ്ങളുടെ ബോംബാക്രമണങ്ങൾ ആരംഭിച്ചിരുന്നു. അതിനാൽ തന്നെ, യുദ്ധ മേഖലയിൽനിന്നു വന്ന വിവരങ്ങളുടെ സത്യം കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയായി മാറി.
നിരവധി ദേശീയ - അന്തർദേശീയ മാധ്യമങ്ങൾക്ക് ഈ അവസരത്തിൽ ഒട്ടേറെ അബദ്ധങ്ങൾ സംഭവിച്ചു എന്നതും വസ്തുതയാണ്. അത്തരത്തിലൊന്നാണ് യുക്രൈൻ നഗരത്തിൽ ബോംബാക്രമണം നടത്തുന്ന യുദ്ധവിമാനങ്ങളുടേതെന്ന തരത്തിൽ പ്രചരിച്ച ഒരു വീഡിയോ. പല വാർത്താ മാധ്യമങ്ങളും പൊതുജനങ്ങളും ഇത് സത്യമാണെന്ന് വിശ്വസിച്ചു. എന്നാൽ, ഈ ദൃശ്യങ്ങൾക്ക് യുക്രൈനുമായി യാതൊരു ബന്ധവുമില്ലായിരുന്നു. 2020-ൽ റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ നടന്ന ഒരു സൈനിക പരേഡിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിച്ചത്.

3. അപരമത വിദ്വേഷം
അപരമത വിദ്വേഷത്തോടെയുള്ള പ്രചാരണങ്ങൾക്ക് 2022-ലും ഒരു അറുതിയും ഉണ്ടായിട്ടില്ല. കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ യൂണിഫോമിന് പകരം മുസ്ലിം മതവേഷം ധരിച്ചുകൊണ്ട് ഡ്യൂട്ടിയ്ക്കെത്തി എന്ന വാദത്തോടെ ഒരു ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും കാട്ടുതീ പടർന്നുപിടിക്കും പോലെയാണ് പ്രചരിച്ചത്.
ആകാശനീല ഷർട്ടും കടുംനീല പാന്റുമാണ് കെ.എസ്.ആർ.ടി.സി യുടെ യൂണിഫോം. ചിത്രത്തിലുള്ള ഡ്രൈവർ അന്നേ ദിവസം ധരിച്ചതും നിഷ്‌കർഷിച്ചിട്ടുള്ള യൂണിഫോം തന്നെയാണ്. ചിത്രത്തിൽ അദ്ദേഹത്തിന്റെ ഷർട്ടിന്റെ നിറം മങ്ങിയിരുന്നതിനാലും തന്റെ മടിയിൽ തോർത്ത് വിരിച്ചിരുന്നതിനാലുമാണ് തെറ്റിദ്ധാരണയുണ്ടായത്. മാത്രമല്ല, അദ്ദേഹം ധരിച്ചിരുന്നത് ഒരു ഫുൾ സ്ലീവ് ഷർട്ട് ആയിരുന്നു. ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമായ തൊപ്പി ഡ്രൈവർ ധരിച്ചിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ, ഇത്തരത്തിലുള്ള മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനു കെ.എസ്.ആർ.ടി.സിയിൽ വിലക്കുകളില്ല.
വാരണാസിയിലെ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളാണ് 2022-ലെ വിദ്വേഷ പ്രചാരണങ്ങൾക്ക് കാരണമായ ഒരു സുപ്രധാന സംഭവം. മുഗളന്മാർ മസ്ജിദാക്കി മാറ്റിയ രാജസ്ഥാനിലെ ഒരു ക്ഷേത്രത്തിന്റേതെന്ന തരത്തിൽ ഒരു ചിത്രം ഗ്യാൻവാപി വിഷയത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം പ്രചരിച്ചിരുന്നു.
വാസ്തവത്തിൽ, രാജസ്ഥാനിലെ ചിത്തോറിലുള്ള ഒരു ജൈനക്ഷേത്രമാണ് പ്രചരിച്ച ചിത്രത്തിലുള്ളത്. ഈ ക്ഷേത്രം ആരും മസ്ജിദാക്കിയിട്ടില്ല. ഇപ്പോഴും ജൈനമത വിശ്വാസികളുടെ ആരാധനാലയമായി തന്നെ ഇത് തുടരുന്നുണ്ട്.

4. ഇറാനിയൻ പ്രക്ഷോഭം
മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയുടെ കസ്റ്റഡി മരണത്തെ തുടർന്നുള്ള പ്രക്ഷോഭം ഇറാന്റെ മതഭരണകൂടത്തെ തെല്ലൊട്ടുമല്ല പ്രതിസന്ധിയിലാക്കിയത്. മഹ്സയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചും വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇറാനിലെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ജനങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് തങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തെ ഇറാനിയൻ ഭരണകൂടം നേരിട്ടത്. ഈ അവസരത്തിൽ നിരവധി വ്യാജ വിവരങ്ങളാണ് ഇറാനിയൻ പ്രക്ഷോഭത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്.
അവയിലൊന്നാണ് 'സ്വന്തം മകളുടെ ശവകുടീരത്തിനു മുന്നിൽ നൃത്തം ചെയ്യുന്ന ഒരു പിതാവിന്റെ' വീഡിയോ. ഇതിലെ ദൃശ്യങ്ങൾ കാണുന്ന ആരുടേയും കണ്ണുകൾ കലങ്ങാതിരിക്കില്ല എന്നത് ഉറപ്പാണ്. സത്യത്തിൽ ഈ വീഡിയോയ്ക്ക് ഇറാനുമായോ അവിടുത്തെ പ്രക്ഷോഭവുമായോ യാതൊരു ബന്ധവുമില്ല. 'അത്ത ഒജാഗ്' (Ata Ocagi) എന്ന അസർബൈജാനി ടി.വി. സീരീസിലെ രംഗമാണ് തെറ്റായി പ്രചരിച്ചത്.

5. തട്ടിപ്പുകൾക്ക് അറുതിയില്ല
ഓൺലൈൻ തട്ടിപ്പുകൾക്ക് ഇക്കഴിഞ്ഞ വർഷവും ഒരു കുറവും അനുഭവപെട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വ്യക്തിവിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പുകൾ പല പേരിൽ പല മാർഗ്ഗങ്ങളിലൂടെ മലയാളിയുടെ മുന്നിലെത്തി.
എസ്.എം.എസ്., വാട്‌സാപ്പ് എന്നിവയിലൂടെ ചില തട്ടിപ്പ് വെബ്സൈറ്റ് ലിങ്കുകൾ അയക്കുന്ന രീതിയാണ് ഏറ്റവുമധികം ഉപയോഗിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, എസ്.ബി.ഐ., ആമസോൺ തുടങ്ങിയ പ്രശസ്ത കമ്പനികളുടെ പേരിലാണ് പ്രധാനമായും തട്ടിപ്പ് നടന്നത്. ഇവയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക സമ്മാനം ലഭിച്ചു എന്ന തരത്തിലായിരുന്നു സന്ദേശങ്ങൾ വന്നത്. സന്ദേശത്തിനോടൊപ്പം നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിച്ചാൽ നമ്മുടെ ബാങ്ക് വിവരങ്ങളും മറ്റ് വ്യക്തി വിവരങ്ങളും നൽകാൻ ആവശ്യപ്പെടും. ചിലപ്പോൾ കുറച്ച് കാശും.
ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് ജനങ്ങൾ ബോധവാന്മാർ ആയതുകൊണ്ടാകാം, ചിലരെ തപാൽ മാർഗ്ഗത്തിലൂടെയും തട്ടിപ്പുസംഘങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചു. മീശോ, നാപ്‌റ്റോൾ എന്നീ വ്യാപാര സ്ഥാപനങ്ങളുടെ ഉപയോക്താക്കൾക്കാണ് പ്രധാനമായും തട്ടിപ്പ് കത്തുകൾ ലഭിച്ചത്. തൊഴിലില്ലായ്മയും ഈ സംഘം നന്നായി ചൂഷണം ചെയ്തു. സർവ ശിക്ഷ അഭിയാൻ, നടരാജ് പെൻസിൽ എന്നിവരുടെ പേരിൽ ജോലിവാഗ്ദാനം നൽകിയും നിരവധി തട്ടിപ്പുകൾ കഴിഞ്ഞ കൊല്ലം നടന്നിരുന്നു.

6. ആലപ്പുഴയിലെ ഹോട്ടലും പട്ടിയിറച്ചിയും
ആലപ്പുഴയിലെ ഒരു ഹോട്ടലിൽ നടത്തിയ റെയ്ഡിൽനിന്നു പട്ടിയിറച്ചി പിടിച്ചെടുത്തുവെന്ന തരത്തിൽ നടന്ന പ്രചാരണം ഭക്ഷണപ്രേമികളെ ചെറുതായൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്. സംഭവമുണ്ടായ ഹോട്ടലിൽ നിന്നുള്ളതെന്ന തരത്തിൽ ചില ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാൽ, ആലപ്പുഴയിൽ ഇത്തരത്തിലുള്ള ഒരു റെയ്ഡ് നടന്നതായോ ഏതെങ്കിലും ഹോട്ടലിൽനിന്ന് പട്ടിയിറച്ചി പിടിച്ചെടുത്തതായോ അധികൃതർക്കറിയില്ല. പരസ്പരബന്ധമില്ലാത്ത ഏതാനും ചില ചിത്രങ്ങൾ ചേർത്തുവെച്ച് ഏതോ കുബുദ്ധി പടച്ചുവിട്ട വ്യാജസന്ദേശമാണ് പ്രചാരണത്തിന് അടിസ്ഥാനം. ഇറാൻ, തായ്ലൻഡ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.
Content Highlights: Fake Campaigns, 2022, Look Back, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..