പ്രചരിക്കുന്ന ചിത്രം | കടപ്പാട്: ഫേസ്ബുക്ക്
ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ.എസ്.ആർ.ടി.സി. ബസ്സിൽ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 30% പ്രത്യേക ഇളവ് നൽകുന്നുണ്ടെന്ന തരത്തിലൊരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്. ടിക്കറ്റ് ചാർജിൽ ഇളവുണ്ടെന്ന അറിയിപ്പുകൾ പതിപ്പിച്ചിട്ടുള്ള ഒരു ബസിന്റെ ചിത്രം ഉൾപ്പെടെയാണിത്. ഇത്തരം ഇളവുകൾ മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർക്ക് നൽകാറില്ലെന്നും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയാണ് പതിവെന്നും പ്രചാരണങ്ങളിൽ ആരോപിക്കുന്നു.
ഇതിനു പിന്നിലെ വാസ്തവമെന്തെന്ന് പരിശോധിക്കാം.
അന്വേഷണം
പാലക്കാട് എന്ന ബോർഡുള്ള ബസാണ് ചിത്രത്തിലുള്ളത്. 'ഈ ബസിൽ 30% ചാർജ് കുറവ്', 'വഴി: ഹജ്ജ് ക്യാമ്പ്, സ്വലാത്ത് നഗർ, മലപ്പുറം' എന്നെഴുതിയ രണ്ട് സ്റ്റിക്കറുകൾ ബസിന്റെ മുൻവശത്തെ ഗ്ലാസിൽ ഒട്ടിച്ചിട്ടുണ്ട്. ഹജ്ജ് ക്യാമ്പ് വഴി പോകുന്നതിനാലാണ് ഈ ബസിൽ ഇളവ് നൽകുന്നതെന്ന തരത്തിലാണിത് പ്രചരിക്കുന്നത്.
ഹജ്ജുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിരക്കിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. എന്നാൽ, ഇത് സംബന്ധിച്ച വാർത്തകളൊന്നും ലഭിച്ചില്ല. തുടർന്ന്, കെ.എസ്.ആർ.ടി.സി. കൺട്രോൾ റൂമിൽ ബന്ധപ്പെട്ടു. ഹജ്ജ് ക്യാമ്പ് വഴി പോകുന്ന ബസുകളിൽ ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് നൽകുന്നില്ലെന്നും മറിച്ചുനടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സിയുടെ ടേക്ക് ഓവർ സർവീസ് (പ്രൈവറ്റ് ബസ്സുകളുടെ പെർമിറ്റ് ഏറ്റെടുത്ത റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. നടത്തുന്ന സർവീസ്) ബസുകൾക്കാണ് 30% ഇളവുള്ളത്. മലപ്പുറത്ത് മാത്രമല്ല, കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ടേക്ക് ഓവർ സർവീസ് ബസ്സുകളിൽ ഈ ഇളവ് നൽകിവരുന്നുണ്ട്. ഇത് ആരംഭിച്ചിട്ട് ഒരു മാസത്തിലേറെയായി എന്നും അവർ സ്ഥിരീകരിച്ചു.
ഇളവ് സംബന്ധിച്ച കെ.എസ്.ആർ.ടി.സിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
140 കിലോ മീറ്ററിലധികം ഓടുന്ന 223 ടേക്ക് ഓവർ സർവീസുകൾക്കാണ് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം ഇളവുള്ളത്. അതിലൊന്ന് മാത്രമാണ് പ്രചരിക്കുന്ന ചിത്രത്തിലെ ബസ്. ടിക്കറ്റ് നിരക്കിൽ ഇളവുണ്ടെന്നതും ഈ ടേക്ക് ഓവർ ബസുകൾ ആളുകൾക്ക് തിരിച്ചറിയാനും വേണ്ടിയാണ് ഇത്തരത്തിൽ ബസിൽ സ്റ്റിക്കറുകൾ ഒട്ടിച്ചിരിക്കുന്നത്. ഇത്തരത്തിൽ സർവ്വീസ് നടത്തുന്നൊരു ബസിൽ റൂട്ട് വ്യക്തമാക്കാൻ ഒട്ടിച്ചിട്ടുള്ള മറ്റൊരു സ്റ്റിക്കറും കൂടെ ചേർത്താണ് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നത്.
മറ്റ് ജില്ലകളിലെ ബസുകളിലും സമാന അറിയിപ്പ് ഒട്ടിച്ചിട്ടുണ്ട്.
.jpg?$p=8b480bb&&q=0.8)
തുടർന്നുള്ള അന്വേഷണത്തിൽ ഇളവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നൽകിയ വാർത്തകളും കണ്ടെത്തി.
'140 കിലോ മീറ്ററിലധികം ദൈർഘ്യമുള്ള ചില റൂട്ടുകൾ നേരത്തേ സ്വകാര്യ ബസുകൾ കൈയടക്കിയിരുന്നു. നിയമനടപടികളിലൂടെ അവരെ ഒഴിപ്പിച്ച കെ.എസ്.ആർ.ടി.സി. ഈ റൂട്ടുകൾ സ്വന്തമാക്കി... ഇതിനെതിരേ കോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടിയ സ്വകാര്യ ബസുടമകൾ നിരത്തിൽ വീണ്ടും മത്സരം സൃഷ്ടിച്ചതാണ് നിരക്കിളവ് പ്രഖ്യാപിക്കാൻ കെ.എസ്.ആർ.ടി.സിയെ പ്രേരിപ്പിച്ചത്' എന്നാണ് ഇത് സംബന്ധിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്.
വാർത്തകൾ:
വാസ്തവം
ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ.എസ്.ആർ.ടി.സി. ബസിൽ ടിക്കറ്റ് നിരക്കിൽ 30% ഇളവ് നൽകുന്നു എന്ന പ്രചാരണം വ്യാജമാണ്. മലപ്പുറത്തെ ഹജ്ജ് ക്യാമ്പുള്ള റൂട്ടിൽ മാത്രമല്ല, കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള 223 ദീർഘദൂര ടേക്ക് ഓവർ സർവീസുകൾക്കും ഈ ഇളവ് നൽകിവരുന്നുണ്ട്.
Content Highlights: Hajj Camp, KSRTC Bus, Ticket Fare, Discount, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..