കടപ്പാട്: Youtube
ശതകോടീശ്വരനായ ഇലോൺ മസ്‌ക്, ട്വിറ്ററിന് പിറകെ മറ്റ് സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇവയുടെ മാതൃകമ്പനിയായ മെറ്റയും സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു എന്ന വാദവുമായി ഒരു വീഡിയോ യൂട്യൂബിൽ പ്രചരിക്കുന്നുണ്ട്. 2022 ഒക്ടോബർ 27-ന് മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ഇതുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളാണ് ഉടലെടുത്തത്. ഇതിന് പിന്നാലെയാണ് അദ്ദേഹം കൂടുതൽ സമൂഹ മാധ്യമങ്ങൾ കൈപ്പിടിയിലൊതുക്കാൻ പോകുന്നുവെന്ന പ്രചാരണം.
ഇതിലെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
ഇലോൺ മസ്‌കിന്റെ അഭിമുഖത്തിൽനിന്നുള്ള ഒരു ഭാഗം എന്ന് തോന്നിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോ. ''ഞാൻ പ്രവചിക്കുകയാണ്, മെറ്റ കമ്പനി ഞാൻ നാളെ സ്വന്തമാക്കും. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും എൻറേതാകും'' എന്ന് അദ്ദേഹം പറയുന്നതായി ഇതിൽ കേൾക്കാം. പക്ഷെ ഈ ദൃശ്യങ്ങൾക്ക് ഓഡിയോയുമായി സമന്വയമില്ല എന്നത് വീഡിയോയുടെ ആധികാരികത സംബന്ധിച്ച് സംശയം ഉയർത്തുന്നുണ്ട്.
ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ, ടെഡ് (TED) ചാനലിന്റെ ഔദ്യോഗിക യൂട്യൂബ് പേജിൽനിന്ന് പ്രസ്തുത ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോ കണ്ടെത്തി. (പുതിയ ആശയങ്ങളെ പറ്റി ചർച്ച ചെയ്യാനും ലോകവിഷയങ്ങളിൽ വിദ്ഗധരുടെ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു ആഗോള മാധ്യമ സ്ഥാപനമാണ് ടെഡ്)
2022 ഏപ്രിൽ 14-ന് ടെഡ് ചാനലിന്റെ തലവനായ ക്രിസ് ആൻഡേഴ്സൺ ഇലോൺ മസ്‌ക്കുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ ദൃശ്യങ്ങളാണിത്. ഒരു മണിക്കൂറോളം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഒരിടത്തും മെറ്റയെ ഏറ്റെടുക്കുന്നതിനെ കുറിച്ച് മസ്‌ക് പറയുന്നില്ല.
പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം സംബന്ധിച്ച് നടത്തിയ പരിശോധനയിൽ പ്രസ്തുത വീഡിയോ ഉൾപ്പെടുന്ന ഒരു ടിക് ടോക് ലിങ്ക് കണ്ടെത്തി. become.osme എന്ന ടിക് ടോക് അക്കൗണ്ടിൽ നിന്നുള്ളതാണെന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ, ഈ ആപ്പിന് ഇന്ത്യയിൽ നിരോധനമുള്ളതിനാൽ, വിദേശത്തുള്ള ഒരാളുടെ സഹായത്തോടെ പ്രസ്തുത ടിക് ടോക് പേജിനെ പറ്റിയും വിവരങ്ങൾ ശേഖരിച്ചു.
മറ്റൊരാളുടെ വീഡിയോ ഉപയോഗിച്ച് അയാൾ പറയാത്ത കാര്യം കൃത്രിമമായി പറയിക്കുവാൻ കഴിയുന്ന ഒരു ആപ്പിനെക്കുറിച്ചുള്ള അക്കൗണ്ടാണിത്. ഇലോൺ മസ്‌കിന്റേതടക്കം പല സെലിബ്രിറ്റികളുടെയും ഇത്തരം വീഡിയോകൾ പ്രസ്തുത ടിക് ടോക് പേജിൽ ലഭ്യമാണ്.

മെറ്റയെ വാങ്ങുന്നത് സംബന്ധിച്ച് മസ്‌ക് എന്തെങ്കിലും പ്രസ്താവനകൾ നടത്തിയിട്ടുണ്ടോ എന്നാണ് പിന്നീട് പരിശോധിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
വാസ്തവം
ഇലോൺ മസ്‌ക് സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇവയുടെ മാതൃകമ്പനിയായ മെറ്റയും വാങ്ങുമെന്ന് പറയുന്ന ദൃശ്യങ്ങൾ വ്യാജമാണ്. ടെഡ് ചാനലിന് മസ്‌ക് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഏതാനും ഭാഗങ്ങളെടുത്ത് കൃത്രിമമായി നിർമ്മിച്ച വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
Content Highlights: Elon Musk, Meta, Facebook, Instagram, buy, fact check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..