കടപ്പാട് : മാതൃഭൂമി, വാട്‌സ്ആപ്പ്
ഫുട്‌ബോൾ താരം ലയണൽ മെസ്സിയുടെ ചിത്രം ഉൾപ്പെടുത്തി കറൻസി പുറത്തിറക്കാൻ അർജന്റീനിയൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു എന്ന വാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 1000 പെസോ നോട്ടുകളിലാണ് താരത്തിന്റെ ചിത്രം പ്രസിദ്ധീകരിക്കുന്നതെന്നാണ് പ്രചാരണം. മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം 2022 ഖത്തർ ലോകകപ്പ് നേടിയതിന് പിന്നാലെയാണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.

ഈ പ്രചാരണത്തിലെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
മെസ്സിയുടെ ചിത്രം ആലേഖനം ചെയ്ത 1,000 പെസോ നോട്ടിന്റെ ഫോട്ടോ ഇതിനകംതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രചരിക്കുന്ന ചിത്രത്തിലെ കറൻസിയിൽ മെസ്സിയുടെ ചിത്രവും ഒപ്പുമുണ്ട്.
മറുവശത്ത് അർജന്റീന ടീമിന്റെ ചിത്രമാണുള്ളത്. ചിത്രത്തിന് മുകളിലായി കോപ്പ അമേരിക്ക വിജയം 2021 (triunfo copa america 2021) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഫിഫ ലോകകപ്പ് കിരീടനേട്ടത്തോടനുബന്ധിച്ച് ഇറക്കാൻ പോകുന്ന കറൻസിയുടെ 'രൂപരേഖയിൽ' കോപ്പ അമേരിക്കയുടെ വിവരങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ.

മെക്‌സിക്കോയിൽ നിന്നുള്ള സ്പാനിഷ് സാമ്പത്തിക ദിനപത്രമായ 'എൽ ഫിനാൻസിയറോ' നൽകിയ വാർത്ത എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. അന്വേഷണത്തിൽ, 'എൽ ഫിനാൻസിയറോയുടെ' ഔദ്യോഗിക സൈറ്റിൽ 2022 ഡിസംബർ 19-ന് ഇപ്രകാരം ഒരു ലേഖനം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 'അർജന്റീനയ്ക്ക് കിരീടം ലഭിച്ചത് കൊണ്ട് മെസ്സിയുടെ മുഖമുള്ള 1000 പെസോ ബില്ല് നമുക്ക് ലഭിക്കുമോ?' എന്ന തലക്കെട്ടോടെയാണ് ലേഖനം. എന്നാൽ സെൻട്രൽ ബാങ്കിലെ അംഗങ്ങൾ 'തമാശയായി' നിർദ്ദേശിച്ചതാണ് ഇക്കാര്യമെന്ന് ലേഖനത്തിൽ തന്നെ പറയുന്നുണ്ട്.
https://www.elfinanciero.com.mx/mercados/2022/12/19/tendremos-billete-de-mil-peoss-con-la-cara-de-messi-por-el-titulo-de-argentina/
തുടർന്നുള്ള അന്വേഷണത്തിൽ, സ്പാനിഷ് സാമ്പത്തിക മാധ്യമമായ 'ബ്ലൂംബെർഗ് ലീനിയ'യുടെ ഒരു വാർത്ത കണ്ടെത്തി. മെസ്സിയുടെ ചിത്രത്തോടെയുള്ള 1000 പെസോ പുറത്തിറങ്ങുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വാർത്തയിൽ പറയുന്നുണ്ട്. ഈ പ്രചാരണം അർജന്റീനയിലെ സെൻട്രൽ ബാങ്ക് അധികൃതർ നിഷേധിച്ചതായാണ് ബ്ലൂംബെർഗ് റിപ്പോർട്ടിലുള്ളത്.
https://www.bloomberglinea.com/2022/12/22/billete-con-la-figura-de-messi-autoridades-argentinas-niegan-que-este-en-consideracion/
പല മാധ്യമങ്ങളിലും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാസ്തവം
ലയണൽ മെസ്സിയുടെ ചിത്രമുള്ള കറൻസി അർജന്റീന സെൻട്രൽ ബാങ്ക് പുറത്തിറക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇക്കാര്യം പരിഗണനയിൽ ഇല്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Content Highlights: Lionel Messi, Argentina, World Cup Football Champions, Peso, Currency, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..