പ്രചരിക്കുന്ന ചിത്രം | കടപ്പാട്: ഫേസ്ബുക്
ഒരു പൊങ്കൽ വിരുന്നിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരുക്കിയ വിരുന്നിന്റെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ പരമ്പരാഗത ശൈലിയിൽ വാഴയിലയിൽ സദ്യ കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. സമൂഹ മാധ്യമങ്ങൾക്ക് പുറമെ ചില ഓൺലൈൻ മാധ്യമങ്ങളും ഇത് ഋഷി സുനക് ഒരുക്കിയ വിരുന്നിന്റെ ദൃശ്യങ്ങളാണെന്ന തരത്തിൽ വാർത്തകൾ നൽകിയിരുന്നു. എന്താണ് ഇതിന്റെ വാസ്തവമെന്ന് പരിശോധിക്കുന്നു.
അന്വേഷണം
സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, 'തമിഴ് കൾച്ചർ വാട്ടർലൂ റീജിയൻ' എന്ന ഫേസ്ബുക്ക് പേജിൽനിന്ന് ഇതേ വീഡിയോ കണ്ടെത്തി. 2023 ജനുവരി 16-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'തമിഴ് കൾച്ചറൽ അസോസിയേഷൻ ഓഫ് വാട്ടർലൂ റീജിയൻ' എന്ന സംഘടന സംഘടിപ്പിച്ച തൈപ്പൊങ്കൽ ആഘോഷത്തിന്റെ ദൃശ്യങ്ങളാണിതെന്നാണ് വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന വിവരണം. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് വാട്ടർലൂ.
പൊങ്കൽ വിരുന്നിന് പങ്കെടുത്ത പ്രമുഖരുടെ വിവരങ്ങളും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ നൽകിയിട്ടുണ്ട്. വാട്ടർലൂവിൽ നിന്നുള്ള കനേഡിയൻ പാർലമെന്റ് അംഗം ബാർദിഷ് ചാഗ്ഗർ, തൊട്ടടുത്ത പ്രദേശമായ കിച്ച്നാറിൽ നിന്നുള്ള എം.പി. ടിം ലൂയി, വാട്ടർലൂ റീജിയണൽ പൊലീസിലെ ഉദ്യോഗസ്ഥർ, വാട്ടർലൂ-കിച്ച്നാർ നഗരങ്ങളിലെ മേയർമാർ തുടങ്ങി അവിടുത്തെ ഒട്ടേറെ പ്രമുഖർ ചടങ്ങിന് പങ്കെടുത്തുവെന്നാണ് കുറിപ്പിൽ പറയുന്നത്.
തുടർന്ന്, വാട്ടർലൂയിലെയും കിച്ച്നാറിലെയും എം.പിമാരുടെ ഫേസ്ബുക് പേജുകൾ പരിശോധനയ്ക്ക് വിധേയമാക്കി. പ്രചരിക്കുന്ന വീഡിയോയിൽ ഇന്ത്യൻ വംശജ എന്ന് തോന്നിക്കുന്ന ഒരു സ്ത്രീയെ കാണാൻ സാധിക്കും. ഇവർ തന്നെയാണ് ഇന്ത്യൻ വംശജയും വാട്ടർലൂ എം.പിയുമായ ബാർദിഷ് ചാഗ്ഗർ എന്ന് സ്ഥിരീകരിച്ചു.

പൊങ്കൽ വിരുന്നിന് ബാർദിഷ് പങ്കെടുത്തതിന്റെ വിവിധ ചിത്രങ്ങൾ അവരുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽനിന്നു കണ്ടെത്തി. ഇതിൽ, പ്രചരിക്കുന്ന വീഡിയോയിലുള്ള രണ്ട് പോലീസുകാരെയും കാണാൻ സാധിക്കും.

കിച്ച്നാർ എം.പിയായ ടിം ലൂയിയുടെ ഫേസ്ബുക് പേജിൽനിന്നു പ്രസ്തുത വിരുന്നിന്റെ ഒരു വീഡിയോ കണ്ടെത്തി. അതിൽ അദ്ദേഹം സദ്യ കഴിക്കുന്ന ദൃശ്യങ്ങളുമുണ്ട്. പ്രചരിക്കുന്ന വീഡിയോയിലുള്ള വ്യക്തികളെ കിച്ച്നാർ എം.പി. പങ്കുവെച്ച വിഡിയോയിലും കാണാം.
കിച്ച്നാർ നഗരത്തിന്റെ മേയർ ബെറി വ്ർബനോവിച്ച്, വാട്ടർലൂ നഗരത്തിന്റെ മേയർ ഡൊറോത്തി മക്കാബ് എന്നിവരും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ വാട്ടർലൂവിലെ തൈപ്പൊങ്കൽ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, വാട്ടർലൂ തമിഴ് കൾച്ചറൽ അസോസിയേഷന്റെ ഔദോഗിക വെബ്സൈറ്റിലും ഇതിന്റെ ചിത്രങ്ങൾ നൽകിയിട്ടുണ്ട്.
വാട്ടർലൂ തമിഴ് കൾച്ചറൽ അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റ്:
https://tamilculturewaterloo.org/thai-pongal-2023/

വാസ്തവം
ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനകിന്റെ ഓഫീസിലെ പൊങ്കൽ ആഘോഷത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് ബ്രിട്ടനുമായി ബന്ധമില്ല. കാനഡയിലെ വാട്ടർലൂ എന്ന നഗരത്തിൽ സംഘടിപ്പിച്ച തൈപ്പൊങ്കൽ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. വാട്ടർലൂവിലെ തമിഴ് കൾച്ചറൽ അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
Content Highlights: Rishi Sunak, Pongal Celebration, PM Office, British Prime Minister, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..