പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട്
ഖത്തറിലെ ലോകകപ്പ് വേദികളിലേക്ക് കാണികൾ ബിയർ കടത്തുന്നുവെന്ന തരത്തിൽ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബിയർ കാനുകളിൽ ശീതള പാനീയങ്ങളുടെ സ്റ്റിക്കറുകൾ ഒട്ടിച്ചുകൊണ്ടാണിത് എന്നാണ് പ്രചാരണങ്ങളിൽ പറയുന്നത്. ഖത്തറിലെ ലോകകപ്പ് വേദികളിൽ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്ക് വിലക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്താണിതിന്റെ വാസ്തവമെന്ന് അന്വേഷിക്കുന്നു.
അന്വേഷണം
പ്രചരിക്കുന്ന ചിത്രങ്ങളിലൊന്നിൽ കൊക്കകോളയുടെ കാനിന് പുറത്തെ ലേബൽ നീക്കിയതായി കാണാം. ഇതിനടിയിലായി 'ദി ന്യൂ ഇംഗ്ലണ്ട് ഐപിഎ' എന്നെഴുതിയിട്ടുണ്ട്. ആൽക്കഹോൾ 5.5% അടങ്ങിയിരിക്കുന്ന ബിയർ ആണിത്.
സെർച്ച് ടൂളുകളുടെ സഹായത്തോടെയുള്ള അന്വേഷണത്തിൽ, ഇംഗ്ലണ്ടിലെ പ്രമുഖ വാർത്താ മാധ്യമമായ 'ദി ഡെയിലി സ്റ്റാറിന്റെ' ഒരു ലേഖനത്തിൽ ഇതേ ചിത്രം നൽകിയതായി കണ്ടെത്തി. ആഗോളതലത്തിൽ വൈറലായ ഈ ചിത്രം ബ്രിട്ടനിൽ നിന്നുള്ളതാണെന്നാണ് ലേഖനത്തിൽ പറയുന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ 2022 ജൂൺ 7, 9 തീയ്യതികളിലായി ഈ ചിത്രം ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചതായി കണ്ടെത്തി. ഖത്തർ ലോകകപ്പ് തുടങ്ങിയത് നവംബറിലാണ്. ഇതിന് മാസങ്ങൾക്ക് മുൻപേ തന്നെ പ്രസ്തുത ചിത്രം സമൂഹ മാധ്യമങ്ങളിലുണ്ട്.
ദി ഡെയിലി സ്റ്റാർ വാർത്തയുടെ ലിങ്ക്:
https://www.dailystar.co.uk/sport/football/world-cup-fans-beer-trick-28545104

ബിയർ കാനിന് മുകളിൽ ഒട്ടിച്ചിരിക്കുന്ന പെപ്‌സിയുടെ വ്യാജ ലേബൽ പറിച്ചെടുക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ ചിത്രമാണ് രണ്ടാമത്തേത്. ഉദ്യോഗസ്ഥന്റെ യൂണിഫോമിലുള്ള ബാഡ്ജിൽ അറബിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ഇംഗ്ലീഷിൽ സൗദിയെന്നും എഴുതിയിട്ടുണ്ട്. ലോഗോയുടെ മധ്യഭാഗത്തായി സൗദി അറേബ്യയുടെ ഭൂപടവും കാണാം.
തുടർന്നുള്ള അന്വേഷണത്തിൽ, ദുബായ് ആസ്ഥാനമായിട്ടുള്ള അന്താരാഷ്ട്ര മാധ്യമമായ അൽ അറേബ്യ 2015-ൽ ഈ ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. സൗദിയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച ബിയർ കാനുകൾ പിടികൂടിയതുമായി ബന്ധപ്പെട്ട വർത്തയിലാണിത്.
സൗദി - യു.എ.ഇ. അതിർത്തിയായ അൽ ബത്തയിൽ വെച്ചായിരുന്നു സംഭവം. 48000-ത്തോളം ബിയർ കാനുകളാണ് സൗദി കസ്റ്റംസ് അധികൃതർ അന്ന് പിടികൂടിയത്. ഇതിന്റെ ചിത്രമാണ് ഖത്തറിൽ നിന്നുള്ളതെന്ന തരത്തിൽ ഇപ്പോൾ പ്രചരിക്കുന്നത്. ബി.ബി.സി., വൈസ് ന്യൂസ് എന്നീ അന്താരഷ്ട്ര മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്താ ലിങ്കുകൾ:
https://www.bbc.com/news/newsbeat-34798998
ഖത്തറിലെ ലോകകപ്പ് വേദികളിലേക്ക് കാണികൾ ബിയർ കടത്തുന്നു എന്ന പ്രചാരണം വ്യാജമാണ്. 2015-ൽ സൗദി അറേബ്യയിൽനിന്നും 2022 ജൂണിൽ ബ്രിട്ടനിൽനിന്നും പകർത്തിയ രണ്ട് ചിത്രങ്ങളാണ് തെറ്റായ തരത്തിൽ പ്രചരിപ്പിക്കുന്നത്.
Content Highlights: world cup 2022, qatar, stadiums, beer, cans, smuggling, fact check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..