കർണാടകയിലെ കോൺഗ്രസ് വിജയത്തിന് ശേഷം 'ആസാദി' റാലി! പ്രചാരണം വ്യാജം | Fact Check


By സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക് 

2 min read
Read later
Print
Share

.

കർണാടക തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മിന്നുന്ന വിജയത്തിന് പിന്നാലെ ആഘോഷ പ്രകടന വീഡിയോകളുടെ കുത്തൊഴുക്കാണ് സമൂഹ മാധ്യമങ്ങളിൽ. കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനറായിരുന്ന സിദ്ധരാമയ്യയുടെ പഴയ നൃത്ത വീഡിയോ പോലും ചിലർ കുത്തിപ്പൊക്കി വൈറലാക്കുകയും ചെയ്തു. ഇത്തരം കോൺഗ്രസ് അനുകൂല വീഡിയോകൾ മാത്രമല്ല, അവർക്കെതിരെയുള്ള വീഡിയോകളും ഇപ്പോൾ ധാരാളം പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് കോൺഗ്രസ് വിജയത്തിന് ശേഷം ബാംഗ്ലൂരിൽ നടന്ന റാലിയുടേതെന്ന തരത്തിലുള്ള വീഡിയോ.

വിഘടനവാദപരമായ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് തീവ്ര ഇസ്ലാമിസ്റ്റ് അനുകൂലികളും എസ്.ഡി.പി.ഐയും ചേർന്ന് നടത്തിയ പ്രകടനത്തിന്റെ വീഡിയോയാണിതെന്നാണ് അവകാശവാദം. പ്രകടനത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയതായും ചിലർ വാദിക്കുന്നുണ്ട്. വാസ്തവമെന്തെന്ന് അന്വേഷിക്കുന്നു.

പ്രചരിക്കുന്ന എഫ് ബി പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് (ഇടത്), പ്രചരിക്കുന്ന വാട്‌സ്ആപ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് (വലത്)

അന്വേഷണം

ഏതാനും യുവാക്കളുടെ നേതൃത്വത്തിൽ ഒരു ആൾക്കൂട്ടം ആസാദി എന്ന മുദ്രാവാക്യം മുഴക്കി നടന്നു നീങ്ങുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ആൾക്കൂട്ടത്തിൽ ചിലർ കയ്യിൽ തീപ്പന്തം പിടിച്ചിട്ടുള്ളതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രകടനത്തിന് നേതൃത്വം നൽകുന്ന ചിലർ പച്ച, ചുവപ്പ് നിറങ്ങളുള്ള തൊപ്പി തലയിൽ ധരിച്ചിട്ടുള്ളതായി കാണാം. എസ്.ഡി.പി.ഐയുടെ കൊടിക്കും ഇതേ നിറമാണ്. ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഈ തൊപ്പികളിൽ ഐ.എസ്.എഫ്. (ISF) എന്ന് എഴുതിയിരിക്കുന്നത് കാണാം.

പ്രചരിക്കുന്ന വീഡിയോയിൽനിന്നുള്ള സ്‌ക്രീൻഷോട്ട്. ഇതിലുള്ള വ്യക്തി ധരിച്ചിരിക്കുന്ന തൊപ്പിയിൽ ഐ.എസ്.എഫ്. എന്ന് എഴുതിയിരിക്കുന്നത് കാണാം.

തുടർന്നുള്ള പരിശോധനയിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (PTI) പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഇതേ വീഡിയോ കണ്ടെത്തി. പാകിസ്ഥാനിലെ ശക്തരേ, നിങ്ങൾ തോറ്റു ! ജനങ്ങൾ ജയിച്ചു (Dear powerful people of Pakistan, you have lost! People have won!) എന്ന വിവരണത്തോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. മെയ് 11-നാണ് പി.ടി.ഐ. ഈ വീഡിയോ ട്വീറ്റ് ചെയ്തത്. കർണാടകയിൽ തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചത് മെയ് 13-നാണ്.

42 സെക്കന്റ് ആണ് വീഡിയോയുടെ ആകെ ദൈർഘ്യം. 23 സെക്കന്റ് പിന്നിടുമ്പോൾ, മുദ്രാവാക്യത്തിന്റെ ഭാഗമായി ഇമ്രാൻ ഖാന്റെ പേര് വിളിക്കുന്നതും കേൾക്കാൻ സാധിക്കും.

പി.ടി.ഐയുടെ വിദ്യാർത്ഥി സംഘടനയാണ് ഐ.എസ്.എഫ്. എന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇൻസാഫ് സ്റ്റുഡന്റസ് ഫെഡറേഷൻ എന്നാണ് ഇതിന്റെ മുഴുവൻ പേര്. ഐ.എസ്.എഫ്., പി.ടി.ഐ. എന്നിവയുടെ കൊടിക്കും എസ്.ഡി.പി.ഐയുടെ കൊടിക്കും ഒരേ നിറമാണെങ്കിലും രണ്ടും വ്യത്യസ്ത ഡിസൈനിലുള്ളവയാണ്. അങ്ങനെ, പ്രചരിക്കുന്ന വീഡിയോ പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് ഉറപ്പിച്ചു.

ഐ.എസ്.എഫ്. പതാക (മുകളിൽ), എസ്.ഡി.പി.ഐ. പതാക (താഴെ) | കടപ്പാട്: commons.wikimedia.org/wiki/File:ISF_Flag.jpg

ഇക്കഴിഞ്ഞ മെയ് 9-ന് അഴിമതിയാരോപണ കേസിൽ ഇമ്രാൻ ഖാനെ പാക് റേഞ്ചേഴ്‌സ് (പാകിസ്ഥാനിലെ അർദ്ധ സൈനിക വിഭാഗം) ഇസ്ലാമാബാദ് ഹൈക്കോടതി വളപ്പിൽവെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പാകിസ്ഥാനിലുടനീളം പി.ടി.ഐ. പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറി. ഇതിലൊരു പ്രതിഷേധത്തിന്റെ വീഡിയോയാണ് ഇപ്പോൾ കർണാടക ഇലക്ഷനുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്.

മെയ് 9-ന് പാക് പ്രധാന മന്ത്രി ഷെഹബാസ് ഷെരീഫിന്റെ ലാഹോറിലെ വീട് പി.ടി.ഐ. പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില വാർത്തകളിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് നൽകിയിട്ടുണ്ട്. പക്ഷെ, ഇത് ലാഹോറിൽ നിന്നുള്ള വീഡിയോ തന്നെയാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല.

വാസ്തവം

കർണാടകയിലെ കോൺഗ്രസ് വിജയത്തിന് പിന്നാലെ വിഘടനവാദപരമായ മുദ്രാവാക്യം മുഴക്കി തീവ്ര ഇസ്ലാമിക് പാർട്ടികൾ ബാംഗ്ലൂരിൽ പ്രകടനം നടത്തിയെന്ന പ്രചാരണം വ്യാജമാണ്. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിനെതിരെ അവിടെ നടന്ന ഒരു പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്.

Content Highlights: Karnataka State Assembly Election 2023, Congress Win, SDPI Rally, ISF, Pakistan, Fact Check

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
text

2 min

മതപരമായ പരാമർശമുള്ള പാഠപുസ്തകം കേരള സർക്കാരിന്റേതല്ല | Fact Check

Jun 3, 2023


rahul

2 min

രാഹുൽ ഗാന്ധിയുടെ ന്യൂയോർക്ക് പരിപാടിയുടെ സംഘാടകർ മുസ്ലിം സംഘടനകളാണെന്ന പ്രചാരണം വ്യാജം | Fact Check

Jun 2, 2023


form

2 min

2000 രൂപയുടെ നോട്ട് മാറാൻ അപേക്ഷ സ്ലിപ്പ് ആവശ്യമോ? | Fact Check

May 31, 2023

Most Commented