യുക്രൈനിൽ മോദി യുദ്ധം നിർത്തിവെപ്പിച്ചെന്ന് അമിത് ഷാ! വാസ്തവം മറ്റൊന്ന് | Fact Check


സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക്

സെലൻസ്‌കി, നരേന്ദ്ര മോദി, വ്‌ലാദിമിർ പുതിൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് റഷ്യ-യുക്രൈൻ യുദ്ധം 72 മണിക്കൂർ താൽക്കാലികമായി നിർത്തിവെപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുദ്ധഭൂമിയിൽനിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപ്പെടുത്താനായിരുന്നു ഇതെന്നാണ് വാദം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'ന്യൂസ് 18 ഇന്ത്യ' എന്ന ഹിന്ദി ചാനൽ നടത്തിയ പ്രത്യേക പരിപാടിക്കിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും നേരത്തെ സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. നവംബർ നാലിന് ഹിമാചൽ പ്രദേശിൽ സംഘടിപ്പിച്ച ഒരു ഇലക്ഷൻ റാലിക്കിടെ ആയിരുന്നു ഇത്. വാസ്തവമെന്തെന്ന് അന്വേഷിക്കുന്നു.

അന്വേഷണം

2022 മാർച്ച് രണ്ടിനായിരുന്നു ഖാർക്കിവിലെ യുദ്ധമുഖത്തുനിന്ന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ആദ്യസംഘത്തെ രക്ഷപ്പെടുത്തിയത്. ഇതിനു ശേഷമാണ് മോദിയുടെ ഇടപെടലുകളെ പറ്റിയുള്ള അവകാശവാദങ്ങൾ ഉയരാൻ തുടങ്ങിയത്. റഷ്യ, യുക്രൈൻ പ്രസിഡന്റുമാരുമായി നരേന്ദ്ര മോദി നടത്തിയ ഫോൺ സംഭാഷണത്തിനെ തുടർന്ന് യുദ്ധം ആറു മണിക്കൂർ നിർത്തി എന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ, മാർച്ച് മൂന്നിന് നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു.

കേന്ദ്ര സർക്കാർ ഇരു രാജ്യങ്ങളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ യുദ്ധഭൂമിക്ക് പുറത്തെത്തിച്ചത്. അവർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന സുരക്ഷിതമായ വഴികളേതെല്ലാമെന്ന് ഇരു ഭാഗത്തുനിന്നും വിവരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, ഇന്ത്യയുടെ ഇടപെടലിനെ തുടർന്ന് ബോംബാക്രമണം നിർത്തിവെപ്പിച്ചുവെന്നത് അതിശയോക്തി മാത്രമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിച്ചുവെന്നത് സത്യമാണ്. മാർച്ച് രണ്ടിനാണ് പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിനെ ആദ്യമായി വിളിച്ചത്. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ യുദ്ധം താൽക്കാലികമായി നിർത്തി എന്നത് വാസ്തവവിരുദ്ധമാണ്. 2022 മാർച്ച് രണ്ടിനും മാർച്ച് മൂന്നിനും ഖാർകിവ് നഗരത്തിലും സമീപപ്രദേശങ്ങളിലും ബോംബാക്രമണങ്ങൾ നടന്നിരുന്നു.

അരിന്ദം ബാഗ്ചിയുടെ പ്രസ്താവനയ്ക്ക് ശേഷം മോദിയുടെ ഇടപെടലിനെ തുടർന്ന് യുദ്ധം നിർത്തിവച്ചിരുന്നോ എന്നാണ് പിന്നീട് അന്വേഷിച്ചത്. മാർച്ച് ഏഴിന് റഷ്യ, യുക്രൈൻ പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി വീണ്ടും ഫോണിൽ സംസാരിച്ചിരുന്നു. യുദ്ധമേഖലയിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ സംബന്ധിച്ച് അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. ഇന്ത്യൻ വിദ്യാർത്ഥികളെയും യുദ്ധമേഖലയിൽ അകപ്പെട്ട യുക്രൈൻകാരെയും രക്ഷപ്പെടുത്താൻ മാനുഷിക ഇടനാഴി സൃഷ്ടിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുന്നതായി റഷ്യൻ പ്രസിഡൻറ് മോദിയെ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽനിന്നു മോദി ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ വെടിനിർത്തൽ സംബന്ധിച്ച് റഷ്യ തീരുമാനം കൈക്കൊണ്ടിരുന്നു എന്ന് മനസ്സിലാക്കാം.

വിദേശകാര്യ മന്ത്രാലയമിറക്കിയ പത്രക്കുറിപ്പുകൾ:
https://mea.gov.in/press-releases.htm?dtl/34933/Prime_Minister_speaks_with_His_Excellency_Vladimir_Putin_President_of_the_Russian_Federation
https://www.mea.gov.in/press-releases.htm?dtl/34932/Prime_Minister_speaks_with_His_Excellency_President_Volodymyr_Zelenskyy_of_Ukr-aine

യുദ്ധത്തിലേർപ്പെട്ട ഇരുരാജ്യങ്ങളും ചേർന്നാണ് മാനുഷിക ഇടനാഴികൾ പ്രഖ്യാപിക്കുന്നത്. ഇടനാഴികൾ സജീവമായിരിക്കുന്ന മണിക്കൂറുകളിൽ ഇരുപക്ഷവും പ്രസ്തുത പ്രദേശത്ത് താത്ക്കാലികമായി ആക്രമണങ്ങൾ നിർത്തിവെക്കും. സാധാരണ പൗരന്മാരുടെ ജീവഹാനി കുറക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ഇടപെടൽ നടത്തുന്നത്.

ഈ മാനുഷിക ഇടനാഴികൾ വഴിയാണ് യുദ്ധഭൂമിയിൽനിന്നു വിദ്യാർഥികളെ രക്ഷപ്പെടുത്തിയത്. മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിനായി സമാന ഇടപെടലുകൾ നടത്തിയിരുന്നു.

ഖാർകിവ് മെട്രോ സ്റ്റേഷനിൽ അഭയം പ്രാപിച്ചവർ കടപ്പാട്: twitter.com/AlexKhrebet

വടിനിർത്തലിനും മാനുഷിക ഇടനാഴികൾ തുറക്കുന്നതിനും വേണ്ടിയുള്ള ചർച്ചകൾ ഫെബ്രുവരിയിൽ തന്നെ തുടങ്ങിയിരുന്നു. ലോകരാജ്യങ്ങളും ലോകാരോഗ്യ സംഘടനയുൾപ്പടെയുള്ള അന്താരാഷ്ട്ര സംഘടനകളും ഇതിനായി റഷ്യയ്ക്കുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇന്ത്യ മാത്രമല്ല, റഷ്യയുടെ സുഹൃത് രാഷ്ട്രമായ ചൈനയും വെടിനിർത്തലിന് ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ ആകെ ഫലമാണ് പല ദിവസങ്ങളിലായി പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലുകൾ.

ഫെബ്രുവരിയിൽ നടന്ന റഷ്യ യുക്രൈൻ ചർച്ചയുടെ വാർത്തയുടെ ലിങ്ക്:
https://www.euractiv.com/section/global-europe/news/ukraine-ceasefire-talks-begin-sides-very-very-far-apart/

മാർച്ച് ഏഴു മുതലാണ് മാനുഷിക ഇടനാഴികൾ തുറക്കാൻ ആരംഭിച്ചത്. മോദിയുടെ അഭ്യർത്ഥന പ്രകാരം ഏതെങ്കിലും പ്രദേശത്ത് വെടിനിർത്തൽ പ്രഖ്യാപിച്ചതായി രേഖകളൊന്നും തന്നെ ലഭ്യമല്ല. എന്നാൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെയും ജർമൻ ചാൻസലർ ഒലാഫ് ഷോൽസിന്റെയും പ്രത്യേക ആവശ്യപ്രകാരം മാർച്ച് ഏഴിന് മരിയൂപോൾ മുതൽ സപൊരീഷിയ വരെയുള്ള പ്രദേശങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മാനുഷിക ഇടനാഴി തുറക്കുകയും ചെയ്തിരുന്നു. റഷ്യയുടെ പ്രതിരോധ മന്ത്രാലയം തന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. മാർച്ച് മാസത്തിൽ മാത്രം എട്ട് ദിവസങ്ങളിലായി 56-ഓളം ഇടനാഴികൾ തുറക്കുകയും വിദേശ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഫ്രഞ്ച് പ്രസിഡന്റിന്റെയും ജർമൻ ചാൻസലറിന്റെയും ആവശ്യത്തെത്തുടർന്ന് മാനുഷിക ഇടനാഴി തുറന്നതുമായി ബന്ധപ്പെട്ട വാർത്ത:
https://tass.com/defense/1430657

വാസ്തവം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ മൂലം റഷ്യയും യുക്രൈനും 72 മണിക്കൂർ യുദ്ധം നിർത്തിവെച്ചുവെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യുദ്ധഭൂമിയിൽ അകപ്പെട്ട തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിനായി ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ വെടിനിർത്തൽ ആവശ്യം ഉന്നയിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളും റഷ്യക്ക് മേൽ സമ്മർദം ശക്തമാക്കി. തത്ഫലമായാണ് താൽക്കാലിക വെടിനിർത്തലുകൾ ഉണ്ടായത്.

Content Highlights: Russia Ukraine War, Narendra Modi, Evacuation, Fact Check

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented