വീഡിയോയിൽനിന്ന്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചുകൊണ്ട് ബി.ജെ.പി. ഐ.ടി. സെൽ അധ്യക്ഷൻ അമിത് മാളവ്യ ഒരു വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് ആശയവ്യക്തതയില്ലെന്നും കൃത്യമായി ഒരു വാക്യം പോലും പൂർത്തിയാക്കാൻ കഴിയില്ലെന്നുമാണ് മാളവ്യയുടെ ആരോപണം. ഒപ്പം, രാഹുലിന്റെ മോശം നേതൃത്വത്തിൽ ചിലർ അഭിരമിക്കുകയാണെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.
വീഡിയോയുടെ പരിഭാഷ- 'പക്ഷെ, ഇത് കുറവാണ്. രാജസ്ഥാനിലെ ഓരോ കുട്ടിക്കും ഇംഗ്ലീഷ് പഠിക്കാനുള്ള അവസരമുണ്ടാകണം. ഓരോ കുട്ടിക്കും തോന്നണം എനിക്ക് ഹിന്ദി പഠിക്കാനാകും, തന്റെ മാതൃഭാഷ പഠിക്കാനാകും, ലോകത്തോട് മുഴുവൻ സംവദിക്കാനാകുമെന്ന്. ആവശ്യമെങ്കിൽ അമേരിക്കയിൽ ചെന്ന് ഇന്ത്യയുടെ പതാക ഉയർത്താൻ തനിക്കാകുമെന്നും തോന്നണം.
അമിത് മാളവ്യയുടെ ആരോപണങ്ങളിലെ വസ്തുത പരിശോധിക്കാം.
അന്വേഷണം
ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ ആൽവാറിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ പ്രസംഗത്തിന്റെ പൂർണരൂപം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 23 മിനിട്ടോളം ദൈർഘ്യമുള്ള ഈ പ്രസംഗത്തിൽനിന്ന് 31 സെക്കന്റ് മാത്രം അടർത്തിയെടുത്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും മറ്റ് ബി.ജെ.പി. നേതാക്കളെയും ലക്ഷ്യംവച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. രാജ്യത്തെ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസ വിഷയത്തിൽ ബി.ജെ.പി. നേതാക്കൾ ഇരട്ടത്താപ്പ് കാണിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ജനങ്ങളോട് അവരുടെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കരുത് എന്ന് പറയുമ്പോൾ ബി.ജെ.പിയിലെ എല്ലാ മന്ത്രിമാരുടെയും എം.പിമാരുടെയും എം.എൽ.എമാരുടെയും മക്കൾ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത്.
പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകി, അവരുടെ ഭാവി ജീവിതം മെച്ചപ്പെടുത്താൻ ബി.ജെ.പി. അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കുന്നതിനോടൊപ്പം തന്നെ ഇംഗ്ലീഷും പഠിക്കണം. ലോകത്തോട് സംവദിക്കണമെങ്കിൽ ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലുള്ളത്.
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ 1,700 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ആരംഭിച്ചു. പുതുതായി 10,000 ഇംഗ്ലീഷ് അധ്യാപകർക്ക് നിയമനം നൽകി. ഗെഹ്‌ലോട്ട് സർക്കാറിന്റെ നടപടിയെ പ്രശംസിച്ച രാഹുൽ പക്ഷെ ഇത് മതിയാകില്ലെന്ന് പറയുന്നു. തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിലെ 31 സെക്കൻറ് ദൃശ്യങ്ങളാണ് അമിത് മാളവ്യയുടെ ട്വീറ്റിലുള്ളത്.
ഇത്ര ഭാഗം മാത്രമെടുത്ത് രാഹുൽ ഗാന്ധി സംസാരിക്കുന്നതിൽ ആശയ വ്യക്തതയില്ലെന്ന് വരുത്താൻ ശ്രമിക്കുകയാണ് മാളവ്യ. ബി.ജെ.പി. നേതാക്കൾക്കെതിരായ രാഹുലിന്റെ പ്രസംഗം ദേശീയ മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം: https://www.youtube.com/watch?v=eNVKbwhqc1U
വാർത്താ ലിങ്ക്- https://indianexpress.com/article/india/bjp-children-poor-farmers-labourers-english-rahul-gandhi-alwar-bharat-jodo-yatra-rajasthan-8333078/
വാസ്തവം
രാഹുൽ ഗാന്ധിക്ക് കൃത്യമായി സംസാരിക്കാനറിയില്ല എന്ന ആരോപണത്തോടെയുള്ള ബി.ജെ.പി. നേതാവ് അമിത് മാളവ്യയുടെ ട്വീറ്റിൽ വസ്തുതയില്ല. രാജ്സ്ഥാനിൽ അമിത് ഷാ അടക്കമുള്ള ബി.ജെ.പി. നേതാക്കൾക്കെതിരായ രാഹുലിന്റെ പ്രസംഗത്തിലെ ഏതാനും ഭാഗങ്ങൾ അടർത്തിയിടുത്താണ് മാളവ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Content Highlights: Rahul Gandhi, Amit Malavya, Bharat Jodo Yatra, Rajasthan, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..