പ്രചരിക്കുന്ന വീഡിയോയുടെ സ്‌ക്രീൻഷോട്ട് | കടപ്പാട് : https://fb.watch/ijk71B08c5/
പേപ്പറുകൊണ്ട് നിർമ്മിച്ച, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്മാർട്ട് ഫോണുകളോ? ഡിസ്‌പോസബിൾ സ്മാർട്ട് ഫോൺ വിപണിയിൽ ഇറങ്ങാൻ പോകുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അതിനൂതന സാങ്കേതികവിദ്യയാണ് ഇതെന്നാണ് അവകാശവാദം. ഇതിലെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
ഒരു മൊബൈൽ സ്റ്റോറിലെത്തിയ രണ്ട് പേരുടെ മുന്നിൽ ജീവനക്കാരൻ പേപ്പർ ഫോണുകൾ പരിചയപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിൽ. പ്രീ പെയ്ഡ് കാർഡ് പോലെ ഒറ്റത്തവണ ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കാൻ കഴിയുന്ന ഫോണാണിതെന്ന് ജീവനക്കാരൻ പറയുന്നു. തുടർന്ന്, പ്രവർത്തനരീതി വിശദീകരിക്കുകയും പേപ്പർ ഫോണിൽനിന്ന് കോൾ ചെയ്ത് കാണിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
ഈ വീഡിയോയിൽ ട്രൂ ടിവി എന്ന ചാനലിന്റെ ലോഗോ കാണാം. അതോടൊപ്പം ദൃശ്യങ്ങളുടെ അവസാന ഭാഗത്തായി 'ദി കാർബനാരോ എഫക്ട്' എന്ന് എഴുതി കാണിക്കുന്നുമുണ്ട്. പ്രശസ്തമായ വാർണർ ബ്രദേഴ്സ് ഡിസ്‌കവറി എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിവി ചാനലാണ് ട്രൂ ടിവി. വിശദമായ പരിശോധനയിൽ, ട്രൂ ടിവിയുടെ യൂട്യൂബ് ചാനലിൽനിന്നു പ്രചരിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട മറ്റൊരു വീഡിയോ കണ്ടെത്തി.
നിലവിലെ പ്രചാരണങ്ങളിൽ പറയുന്നത് വിപണിയിൽ ഉടൻ ഇറങ്ങാൻ പോകുന്ന ഫോണാണിത് എന്നാണ്. എന്നാൽ, ട്രൂ ടിവിയുടെ ഈ വീഡിയോ പ്രസിദ്ധീകരിച്ചതാവട്ടെ 2016 ജൂൺ 17-നും. ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന 'ദി കാർബനാരോ എഫക്ട്' എന്ന പരിപാടിയിലെ ഒരു എപ്പിസോഡാണിത്. മജീഷ്യനായ മൈക്കൽ കാർബനാരോ അവതരിപ്പിച്ച പ്രശസ്തമായ പരിപാടിയാണ് 'ദി കാർബനാരോ എഫക്ട്.'
മൈക്കൽ മൊബൈൽ സ്റ്റോർ ജീവനക്കാരനായി വേഷപ്രച്ഛന്നനായി എത്തുന്നതാണ് പ്രസ്തുത എപ്പിസോഡിലുള്ളത്. കടയിലെത്തുന്ന ഉപഭോക്താക്കൾക്ക് മുന്നിൽ പുതിയ ഉത്പന്നമെന്ന തരത്തിൽ ഇദ്ദേഹം പേപ്പർ ഫോൺ അവതരിപ്പിക്കുന്നു. തുടർന്ന് മൈക്കൽ നടത്തുന്ന മാജിക് ട്രിക്കാണ് ഫോൺ ഷേപ്പിലുള്ള പേപ്പർ ഷീറ്റിൽനിന്നു കോളും മെസ്സേജും ചെയ്യുന്നത്. ഇത് കണ്ട് ഉപഭോക്താക്കൾ ആശ്ചര്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്.
വാസ്തവം
ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പേപ്പർ ഫോണുകൾ വിപണിയിലെത്തുന്നു എന്ന പ്രചാരണം വ്യാജമാണ്. അമേരിക്കയിലെ ട്രൂ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന 'ദി കാർബനാരോ എഫക്ട്' എന്ന പരിപാടിയിൽ നിന്നുളള മാജിക് ദൃശ്യങ്ങളെടുത്താണ് തെറ്റായ തരത്തിൽ പ്രചരിപ്പിക്കുന്നത്.
Content Highlights: Paper Phone, Throw Away, Single Use, True TV, Magic, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..