പ്രചരിക്കുന്ന സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് | കടപ്പാട്: ഫേസ്ബുക്ക് & വാട്‌സാപ്പ്
'കുട്ടികളെ കാണ്മാനില്ല', 'സംശയകരമായ സാഹചര്യത്തിൽ കുട്ടിയെ കണ്ടെത്തി' എന്നിങ്ങനെ ഫോട്ടോ സഹിതമുള്ള പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ പതിവാണ്. ഇത്തരത്തിൽ, 'കേരളത്തിൽനിന്നുള്ള ഒരു കുട്ടിയെ തമിഴ്‌നാട്ടിൽ ട്രെയിനിൽ കണ്ടെത്തി' എന്ന അവകാശവാദത്തോടെ ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാല് വയസ്സോളം പ്രായം തോന്നിക്കുന്ന കുട്ടിയുടെ ചിത്രത്തോടൊപ്പമാണ് പ്രചാരണം.
ഇതിന്റെ വാസ്തവമെന്തെന്ന് പരിശോധിക്കാം.
അന്വേഷണം
സന്ദേശത്തിൽ കുട്ടിയെ കണ്ടെത്തിയ സ്ഥലം, തീയതി, ബന്ധപ്പെടേണ്ട നമ്പർ തുടങ്ങിയ വിവരങ്ങളൊന്നും തന്നെ നൽകിയിട്ടില്ലാത്തതിനാൽ സംഭവത്തെക്കുറിച്ച് വ്യക്തതക്കുറവുണ്ട്. തുടർന്ന്, ഇത് യഥാർത്ഥത്തിലുള്ളതാണോ എന്നറിയാൻ കേരള പോലീസിന്റെ ഇൻഫർമേഷൻ സെന്ററിൽ ബന്ധപ്പെട്ടു. സന്ദേശത്തിനൊപ്പമുള്ള ചിത്രം ഏതാനും വർഷങ്ങളായി പ്രചരിക്കുന്നതാണെന്ന് അവർ അറിയിച്ചു. മലയാളിയായ കുട്ടിയെ അയൽ സംസ്ഥാനത്ത് കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കേരള പോലീസിന്റെ എമർജൻസി നമ്പറിൽ (112) ഈ അടുത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിലെ റെയിൽവേ പോലീസിലും ഡിസ്ട്രിക്റ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലും സന്ദേശത്തിൽ പറയുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളില്ലെന്നും അവർ വ്യക്തമാക്കി.
വസ്തുതാ പരിശോധനയ്ക്കായി തമിഴ്‌നാട് റെയിൽവേ പോലീസിന്റെ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടു. പ്രചാരണങ്ങളിൽ പറയുന്നതുപോലൊരു സംഭവത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. മുൻ വർഷങ്ങളിലെപ്പോഴെങ്കിലുമുണ്ടായ സംഭവമാണോ എന്നത് സംബന്ധിച്ചും വിവരം ലഭ്യമല്ല. സാധാരണഗതിയിൽ ഇത്തരം സംഭവങ്ങളിൽ രക്ഷിതാക്കളെ കണ്ടെത്തി കുട്ടികളെ കൈമാറുകയോ അവരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയോ ചെയ്യാറാണ് പതിവ്. എന്നാൽ, ഈ ചിത്രത്തിലെ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റെയിൽവേ പോലീസ് അറിയിച്ചു.
തുടർന്നുള്ള അന്വേഷണത്തിൽ, ഈ ചിത്രം 2017 മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തി. എന്നാൽ, ചിത്രത്തിന്റെ ഉറവിടം, കുട്ടിയുടെ പേര് തുടങ്ങിയ വിവരങ്ങൾ ലഭ്യമായില്ല.
മുൻ വർഷങ്ങളിൽ പ്രചരിച്ച ചില പോസ്റ്റുകൾ,
വാസ്തവം
കേരളത്തിൽനിന്നുള്ള കുട്ടിയെ തമിഴ്‌നാട്ടിൽ കണ്ടെത്തി എന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വളരെ പഴയതാണ്. പ്രചാരണങ്ങളിൽ പറയുന്നതുപോലൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് തമിഴ്‌നാട് റെയിൽവേ പോലീസ് വ്യക്തമാക്കിയത്.
Content Highlights: Malayalee Boy Missed, Tamilnadu, Missing Case, Found, Fact Check


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..