കടപ്പാട് : ഫേസ്ബുക്
വന്യമൃഗങ്ങൾ ജനവാസ മേഖലകളിലിറങ്ങുന്ന സംഭവങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാവുകയാണ്. ഇത്തരത്തിൽ കാടുവിട്ടിറങ്ങിയ ഒരു പുള്ളിപ്പുലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശബരിമല സന്നിധാനത്തെ അരവണ പ്ലാന്റിലാണ് പുലി കയറിയതെന്നാണ് വാദം. പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
ഫാക്ടറിയുടെ ഉൾവശം പോലെ തോന്നിക്കുന്ന ഒരു മുറിയിൽ കുടുങ്ങിപ്പോയ പുള്ളിപ്പുലിയാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ചിലർ മറ്റൊരു മുറിയിൽനിന്ന് പുലിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതും കാണാം. പുലി ഇവർക്ക് നേരെ ചീറിയടുക്കുന്നതും ഈ വീഡിയോയിലുണ്ട്.
വിശദമായ അന്വേഷണത്തിൽ, പ്രചരിക്കുന്ന ദൃശ്യങ്ങൾ തെലങ്കാനയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. സംഗറെഡ്ഡി ജില്ലയിലെ ഗഡ്ഡപൊത്താരം വ്യവസായ മേഖലയിലുള്ള ഹെട്രോ ഫാർമ എന്ന മരുന്ന് നിർമ്മാണ യൂണിറ്റിൽ കയറിയ പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണിത്. 2022 ഡിസംബർ 16-നായിരുന്നു സംഭവം.
ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ ഇത് സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. വാർത്ത പ്രകാരം, മരുന്ന് കമ്പനിയിലെ റെയിൻ വാട്ടർ ഔട്ട്ലെറ്റിലൂടെ പുലി അകത്ത് കടക്കുകയായിരുന്നു. കുറച്ച് നാളായി ഫാക്ടറിയിൽ ഉപയോഗിക്കാതെ കിടക്കുന്ന മെഷിനറി- എക്വിപ്മെന്റ് ഏരിയയിലാണ് ഇതെത്തിയത്. രാത്രി മുഴുവൻ പുലി ഇവിടെ കഴിഞ്ഞതായാണ് വാർത്തകളിൽ പറയുന്നത്. പുലർച്ചെ നാലു മണിയോടെ സുരക്ഷാ ജീവനക്കാർ സിസിടിവിയിൽ പുലിയെ കാണുകയും തുടർന്ന് ഈ മുറി അടച്ചു പൂട്ടുകയുമായിരുന്നു.
ഹെട്രോ ഫാർമയിലെ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പിന്നീട്, ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിൽനിന്ന് വിദഗ്ധ സംഘമെത്തി മയക്കുവെടി വെച്ചാണ് പുലിയെ പിടികൂടിയത്. തുടർന്ന്, മഹ്ബൂബ് നഗറിലെ അംറാബാദ് വനമേഖലയിലെ മണനൂർ കടുവാ സങ്കേതത്തിൽ പുലിയെ തുറന്ന് വിട്ടതായും വാർത്തകളിലുണ്ട്.
https://www.thenewsminute.com/article/zoo-officials-capture-leopard-strayed-hetero-pharma-facility-telangana-171045
https://www.deccanchronicle.com/nation/current-affairs/171222/leopard-enters-heteros-drug-manufacturing-lab-in-sangareddy.html
https://www.thehindu.com/news/national/telangana/leopard-spotted-at-hetero-drugs-unit-released-into-amrabad-forest/article66297925.ece
https://telanganatoday.com/leopard-strays-into-hetero-pharma-unit-in-sangareddy
ഗഡ്ഡപൊത്താരം വ്യവസായ മേഖലയിൽ ഇതാദ്യമായല്ല പുലിയിറങ്ങുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലും ഹെട്രോ കമ്പനിയിൽ പുലി കയറിയിരുന്നു. സംഗറെഡ്ഡി മേദക് ജില്ലകളിലായി കിടക്കുന്ന നർസാപ്പൂർ വനമേഖലയിൽനിന്ന് ഇവിടേക്ക് പുലി ഇറങ്ങുന്നത് സാധാരണയാണ്.
വാസ്തവം
ശബരിമല സന്നിധാനത്തെ അരവണ പ്ലാന്റിൽ പുള്ളിപ്പുലി കയറി എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2022 ഡിസംബർ 16-ന് തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലുള്ള മരുന്ന് നിർമ്മാണ കമ്പനിയിൽ പുലി കയറിയതിന്റെ ദൃശ്യങ്ങളാണിത്.
Content Highlights: Sabarimala, Aravana Plant, Sannidhanam, Leopard, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..