കാഞ്ഞിരമറ്റം: മകളുടെ വിവാഹാവശ്യത്തിന് സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്തത് തിരിച്ചടക്കാനാവാതെ ജപ്തി നടപടി നേരിട്ട കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. യൂസഫലിയുടെ കൈത്താങ്ങ്.

കാഞ്ഞിരമറ്റം പാഴുവേലില്‍ സെയ്തുമുഹമ്മദും ഭാര്യ ആമിനയും ചേര്‍ന്ന് 2015-ല്‍ കീച്ചേരി സഹകരണ ബാങ്കില്‍ നിന്ന് 2,70,000 രൂപ വായ്പയെടുത്തിരുന്നു. സെയ്തുമുഹമ്മദ് രോഗിയാവുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തു. ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതോടെ ആശങ്കയിലായ ആമിനയുമ്മ നോട്ടീസുമായി നെട്ടൂരിലെത്തി യൂസഫലിയെ കാണുകയായിരുന്നു.

ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ സഹായിച്ച ദമ്പതിമാരെ കാണാനെത്തിയ യൂസഫലിയോട് സങ്കടംപറഞ്ഞതോടെ ബാങ്കിലെ ബാധ്യത തീര്‍ത്തുനല്‍കാന്‍ യൂസഫലി തന്റെ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു.

പണം ബാങ്കിലടച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ആമിനയുമ്മയും ഭര്‍ത്താവ് സെയ്തു മുഹമ്മദും ബാങ്കിലെത്തി പത്തു സെന്റ് പുരയിടത്തിന്റെ ആധാരം തിരിച്ചെടുത്തു. വായ്പത്തുകയും പലിശയും കൂടി 3,81,160 രൂപയാണ് അടച്ചത്. പുരയിടത്തിന്റെ ആധാരം ബാങ്ക് പ്രസിഡന്റ് ആര്‍. ഹരിയില്‍ നിന്ന് ആമിനയുമ്മയും സെയ്തുമുഹമ്മദും ചേര്‍ന്ന് ഏറ്റുവാങ്ങി.