കൊച്ചി: ലോക്ഡൗണിലാണ് തുടക്കം. പലരും പല ആശയങ്ങള്‍ അവതരിപ്പിച്ച് വിജയിച്ചിട്ടുണ്ടെങ്കിലും ഫോര്‍ട്ട്‌കൊച്ചിക്കാരന്‍ മുഹമ്മദ് സഹദിന് അതു മതിയായിരുന്നില്ല. ഒരു ലോക റെക്കോഡ് തന്നെയായിരുന്നു നോട്ടം. ഒരു ജോടി ഡംബല്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഈ ഇരുപതുകാരന്‍ ലോക റെക്കോഡിലേക്ക് പുഷ് അപ് എടുത്തുകയറി.

വെറും വ്യായാമമല്ലിത്

ലോക്ഡൗണ്‍ കാലത്ത് വ്യായാമത്തിനായി തുടങ്ങിയ ചില നമ്പറുകള്‍ പിന്നീട് വഴിത്തിരിവായ കഥയാണ് സഹദിന്റേത്. പുഷ് അപ്പിനോട് മികച്ച രീതിയില്‍ ശരീരം പ്രതികരിച്ചു തുടങ്ങിയതോടെ റെക്കോഡിനായി ശ്രമിച്ചാലോ എന്ന ആശയം മനസ്സില്‍ വന്നു. അങ്ങനെയാണ് വ്യത്യസ്തമായ പുഷ് അപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂന്ന് സ്റ്റീല്‍ ഗ്ലാസുകളിലാണ് സഹദിന്റെ പ്രകടനം. കമഴ്ത്തിവെച്ച ഗ്ലാസുകള്‍ക്കു മുകളില്‍ രണ്ട് കൈകളും ഒരു ഗ്ലാസില്‍ കാലുകളും കുത്തിയാണ് പുഷ് അപ് എടുക്കുന്നത്. 30 സെക്കന്‍ഡില്‍ 33 പുഷ് അപ് എടുത്താണ് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ചത്. അവിടെ നിര്‍ത്താന്‍ സഹദ് തയ്യാറായില്ല. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സായിരുന്നു അടുത്ത കടമ്പ.

ഒരു കാല്‍ ഉയര്‍ത്തിക്കൊണ്ട് പുഷ് അപ് എടുക്കുന്ന വണ്‍ ലെഗ് റേറ്റ് പുഷ് അപ്പിലാണ് മത്സരിച്ചത്. 30 സെക്കന്‍ഡില്‍ എടുത്തത് 37 പുഷ് അപ്പുകള്‍. അടുത്ത പ്രകടനം കൈകള്‍ കൊണ്ടായിരുന്നു. വെറും കൈ കൊണ്ട് മതില്‍ ഇടിച്ച് നേടിയത് മറ്റൊരു ഇന്ത്യന്‍ റെക്കോഡ്. രണ്ട് കൈകളും കൊണ്ട് 230 പഞ്ചുകളാണ് ഈ ഇരുപതുകാരന്‍ മതിലില്‍ പ്രയോഗിച്ചത്. പഞ്ചിങ് ബാഗില്‍ തുടങ്ങിയ പരിശീലനമാണ് സഹദിനെ റെക്കോഡിലെത്തിച്ചത്.

തളരാതെ മുന്നോട്ട്

നിരന്തര പരിശീലനം കൊണ്ട് മാത്രമാണ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് സഹദ് പറയുന്നു. പെട്ടെന്ന് വരുതിയിലാക്കാന്‍ കഴിയാത്ത വ്യായാമമുറകള്‍ പലതുമുണ്ട്. നിരവധി ശ്രമങ്ങള്‍ ഇതിനായി വേണ്ടിവന്നു. തിരിച്ചടികളില്‍നിന്നാണ് സഹദ് തിരിച്ചുവന്നത്. പുഷ് അപ്പില്‍ നാലുതവണ റെക്കോഡിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വീണ്ടും തളരാതെ ശ്രമിച്ചതാണ് ലോക റെക്കോഡിലേക്ക് എത്തിച്ചത്. ആത്മവിശ്വാസം ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. വലിയ വിലയുള്ള ഉപകരണങ്ങളിലല്ല കാര്യമെന്നും കൃത്യമായി മുന്നൊരുക്കത്തോടെ പിന്തുടര്‍ന്നാല്‍ പുഷ് അപ് ശരീര സൗന്ദര്യത്തെ മാറ്റിമറിക്കുമെന്നും സഹദ് പറയുന്നു. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ സഹദിന്റെ നേട്ടത്തിനു പിന്നില്‍ അച്ഛന്‍ എം.എ. ഷക്കീറിന്റെയും അമ്മ ഷൈനിയുടെയും ഉറച്ച പിന്തുണയുമുണ്ട്.