വാല്യു ആഡഡ് സ്‌പൈസസ്(Value Added Spices) കയറ്റുമതി ചെയ്യുന്ന ലോകത്തിലെ തന്നെ മുന്‍നിര കമ്പനികളിലൊന്നാണ്, എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് കടയിരുപ്പില്‍ സ്ഥിതിചെയ്യുന്ന സിന്തൈറ്റ്(Synthite). ഉത്പന്നത്തിന്റെ ഗുണമേന്മയുടെ കാര്യത്തിലും തൊഴിലാളി സൗഹൃദാന്തരീക്ഷത്തിന്റെ കാര്യത്തിലും കേരളത്തിനുതന്നെ മാതൃകയായാണ് സിന്തൈറ്റ് അറിയപ്പെടുന്നത്. 1972-ല്‍ 20 തൊഴിലാളികളുമായി സി.വി.ജേക്കബ് ആരംഭിച്ച കമ്പനി നാലര പതിറ്റാണ്ടുകൊണ്ട് രണ്ടായിരത്തിലേറെ തൊഴിലാളികളും ആയിരം കോടിയിലേറെ ടേണ്‍ ഓവറുമുള്ള വന്‍സംരംഭമായി പടര്‍ന്നു. 2008ല്‍ ലോക മാര്‍ക്കറ്റിന്റെ തന്നെ 30 ശതമാനത്തോളം കൈപ്പിടിയിലാക്കുന്ന രീതിയില്‍ കേരളത്തില്‍നിന്നുള്ള ഈ കമ്പനി വളര്‍ന്നു. എന്നാല്‍, ഇപ്പോള്‍ കടയിരുപ്പിലുള്ള സിന്തൈറ്റ് ഹെഡ് ഓഫീസിലെ ഒരു വിഭാഗം തൊഴിലാളികള്‍ സമരത്തിലാണ്. എന്താണ് സിന്തൈറ്റില്‍ സംഭവിക്കുന്നത്? ഒരന്വേഷണം.

ഏഴു തൊഴിലാളികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടാണ് സിന്തൈറ്റിലെ സമരം. തങ്ങളെ സ്ഥലം മാറ്റിയത് ചട്ടവിരുദ്ധമായാണെന്നും ഇതംഗീകരിക്കാനാവില്ലെന്നും തൊഴിലാളികളും മാറ്റിയ സ്ഥലങ്ങളിലേക്ക് പോയേതീരൂ എന്ന നിലപാടില്‍ മാനേജ്‌മെന്റും ഉറച്ചുനിന്നതോടെ ഒരു വിഭാഗം തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങി. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കളക്ടര്‍ വരെ ചര്‍ച്ച നടത്തിയെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. സമവായവും ഉണ്ടായിട്ടില്ല.

സിന്തൈറ്റില്‍ എന്താണ്  സംഭവിക്കുന്നത്?

തൊഴിലാളികള്‍ പറയുന്നത്: സിന്തൈറ്റില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ യൂണിയന്‍ രൂപീകരിച്ചതാണ് മാനേജ്‌മെന്റും തൊഴിലാളികളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് സ്ഥലംമാറ്റപ്പെട്ട തൊഴിലാളികളില്‍ ഒരാളായ അനുരാജ് പറയുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇവിടെ യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതിനായി ലേബര്‍ ഓഫീസര്‍ ഉള്‍പ്പെടെ എത്തിയിരുന്നു. എന്നാല്‍, യൂണിയന്‍ നിലവില്‍ വന്നതോടെ അതില്‍ സജീവമായി പ്രവര്‍ത്തിച്ച ഏഴുപേരെ കമ്പനി സ്ഥലം മാറ്റുകയായിരുന്നു. കമ്പനിയുടെ നിലവിലുള്ള നിയമമനുസരിച്ച് കമ്പനിയ്ക്ക് ഇവിടെയും(കടയിരുപ്പ്) ഒരു കിലോമീറ്റര്‍ അപ്പുറമുള്ള പാങ്കോടും മാത്രമേ യൂണിറ്റുകളുള്ളൂ. ഇതല്ലാത്ത ഒരു സ്ഥലത്തേക്കുള്ള സ്ഥലംമാറ്റത്തിന് സാധുതയില്ല. ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ പലതവണ ചര്‍ച്ച നടന്നിട്ടും മാനേജ്‌മെന്റ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിട്ടില്ല -അനുരാജ് പറയുന്നു.

യൂണിയന്‍ പറയുന്നത്: തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് സിന്തൈറ്റില്‍ സിഐടിയു യൂണിയന്‍ ആരംഭിക്കുന്നതെന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.കെ.ഏലിയാസ് പറയുന്നു. വളരെ നാളായി യൂണിയന്‍ ആരംഭിക്കണമെന്ന ആവശ്യം ഇവര്‍ ഉന്നയിക്കുന്നു. എന്നാല്‍, അതില്ലാതെ തന്നെ കാര്യങ്ങള്‍ നേരെയാക്കാനാണ് ഞങ്ങള്‍ നിര്‍ദേശിച്ചത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിന്റെ മുന്നിലെത്തിക്കുക എന്നതായിരുന്നു യൂണിയന്റെ ലക്ഷ്യം. എന്നാല്‍ യൂണിയനിലുള്ള ഏഴുപേരെ സ്ഥലംമാറ്റുകയാണ് ചെയ്തത്. ട്രാന്‍സ്ഫര്‍ നിയമവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും വാക്കാല്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്ക് ശേഷവും അതംഗീകരിക്കാതെ വന്നപ്പോഴാണ് പ്രത്യക്ഷ സമരം ആരംഭിച്ചത്. അപ്പോഴാണ് മിനിമം വേതനം 18,000 ആക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചത് - ഏലിയാസ് പറഞ്ഞു. 

എന്താണ് വാല്യു ആഡഡ് സ്‌പൈസസ് ?

മുളക്, ഏലം, കുരുമുളക്, ഗ്രാമ്പൂ, കാപ്പി, തേയില തുടങ്ങിയ വിവിധ വിളകളെ സംസ്‌കരിച്ച് ഏറ്റവും ശുദ്ധമായ സത്തെടുക്കുന്ന പ്രക്രിയയാണ് സിന്തൈറ്റില്‍ നടക്കുന്നത്. 100 കിലോ മുളക് സംസ്‌കരിച്ചാല്‍ ഒരു കിലോ ഒക്കെയാകും ഉത്പന്നം ലഭിക്കുകയെന്ന് ഇവിടത്തെ ജീവനക്കാര്‍ പറയുന്നു. ഓരോ ഉത്പന്നത്തിന്റെയും ഏറ്റവും കാതലായ ഗുണമേന്‍മയാകും വേര്‍തിരിച്ചെടുക്കുക. മുളകാണെങ്കില്‍ അതിന്റെ എരിവും നിറവുമാകും സംസ്‌കരിച്ച് വേര്‍തിരിച്ചെടുക്കുക. ഭക്ഷ്യവസ്തുക്കളില്‍ ചേരുവകളായും ഔഷധ നിര്‍മാണത്തിനും കളര്‍ ചേര്‍ക്കാനുമെല്ലാം ഇതുപയോഗിക്കുന്നു. 

സമരത്തിലില്ലാത്ത ജീവനക്കാര്‍ പറയുന്നത്: അതേസമയം, സമരം അനാവശ്യമാണെന്ന നിലപാടിലാണ് കമ്പനിയിലെ മറ്റു വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍. മാനേജ്‌മെന്റിന് അനുകൂലമായി ഇവര്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ശമ്പളവും മറ്റും പോരെന്നാണ് സമരക്കാര്‍ പറയുന്നതെന്നും അവ പരിഹരിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതാണെന്നും പായ്ക്കിങ് ആന്‍ഡ് ഫില്ലിങ് വിഭാഗത്തിലെ ജോണ്‍ പി. ഡാനിയല്‍ പറഞ്ഞു. 'മാനേജ്‌മെന്റ് ഒരു ഡേറ്റ് പറഞ്ഞിരുന്നെങ്കിലും അതിനുമുമ്പേ സമരം തുടങ്ങുകയായിരുന്നു. നിലവില്‍ മാനേജ്‌മെന്റ് നല്ല ശമ്പളവും മറ്റു സൗകര്യങ്ങളുമൊക്കെ നല്‍കുന്നുണ്ട്. തൊഴിലാളികള്‍ക്ക് ഏത് പ്രശ്‌നവും പറയാവുന്ന മാനേജ്‌മെന്റാണിത്. എന്നിട്ടും സമരം ചെയ്യുന്നത് ഒരുപക്ഷേ ബാഹ്യശക്തികളുടെ പ്രേരണ കൊണ്ടായിരിക്കാം.'  ജോണ്‍ പറഞ്ഞു.

അറുപതില്‍ താഴെ തൊഴിലാളികള്‍ മാത്രമേ സമരത്തില്‍ പങ്കെടുക്കുന്നുള്ളൂവെന്ന് സിന്തൈറ്റിലെ മറ്റൊരു ജീവനക്കാരനായ അജേഷും പറയുന്നു. സമരത്തിന് എത്തുന്ന ബാക്കിയുള്ളവര്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ആളുകളാണ്. അവര്‍ ഒരു പ്രത്യേക അജണ്ടയുമായി കമ്പനിയെ തകര്‍ക്കാന്‍ ഇറങ്ങിയിരിക്കുയാണെന്നാണ് സംശയമെന്നും അജേഷ് കൂട്ടിച്ചേര്‍ത്തു.

Synthite
സ്ഥലം മാറ്റപ്പെട്ട ജയമോഹനും (ഇടതു നിന്ന് രണ്ടാമത്) അനുരാജും (ഇടതു നിന്ന് മൂന്നാമത്)
സിന്തൈറ്റിന് മുന്നില്‍ മറ്റു സമരക്കാര്‍ക്കൊപ്പം.

സ്ഥലം മാറ്റപ്പെട്ടവര്‍ ആരോപിക്കുന്നത്: കമ്പനിയ്ക്കകത്ത് കടുത്ത വിവേചനമാണ് നിലനില്‍ക്കുന്നതെന്ന് കോയമ്പത്തൂരേക്ക് സ്ഥലംമാറ്റപ്പെട്ട ജയമോഹന്‍ ആരോപിക്കുന്നു. പിഎഫിലും ഇഎസ്ഐയിലും ക്രമക്കേടുണ്ട്. ബോണസ് ഒന്നിച്ചു തരുന്നില്ല. ഓരോ മാസത്തെയും ശമ്പളത്തിനൊപ്പം ചേര്‍ത്താണ് നല്‍കുന്നത്. കാഷ്വല്‍ ലേബേഴ്സിന് കാന്റീനിലും വിവേചനമുണ്ട്. അവര്‍ക്ക് പ്രതികരിക്കാന്‍ പേടിയാണ്. ഉയര്‍ന്ന കോണ്‍സന്‍ട്രേഷനിലുള്ള കെമിക്കലുകളും മറ്റുമുപയോഗിച്ച് അപകടകരമായ സാഹചര്യത്തില്‍ ജോലിചെയ്യുന്ന ഞങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ പോലും ഇവിടെയില്ല. കമ്പനിയ്ക്ക് വേണ്ടി എപ്പോഴും എവിടെയും ജോലി ചെയ്യാന്‍ ഞങ്ങള്‍ തയാറാണ്. എന്നാല്‍, യൂണിയനില്‍ ചേര്‍ന്നെന്ന ഒറ്റക്കാരണം കൊണ്ടാണ് ഏഴുപേരെ സ്ഥലം മാറ്റിയത്.

മാനേജ്മെന്റിന് പറയാനുള്ളത്: സമരം സംബന്ധിച്ച് പ്രതികരിക്കാന്‍ സിന്തൈറ്റ് മാനേജ്‌മെന്റ് തയാറായില്ല. പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന മറുപടിയാണ് മാനേജ്‌മെന്റില്‍ നിന്നും ലഭിച്ചത്.

Content highlights: synthite employee strike