കോതമംഗലം: കനത്തമഴയിൽ പെരിയാറിലെ വെള്ളം കലങ്ങിമറിയുന്നു. ചെളിയുടെ അംശം കൂടിയതോടെ നേര്യമംഗലത്തിന് സമീപം ആവോലിച്ചാലിൽ ജല അതോറിറ്റിയുടെ പമ്പ്ഹൗസിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചു. അടുത്ത ദിവസങ്ങളിൽ ചെളി കുറഞ്ഞില്ലെങ്കിൽ പമ്പ്ഹൗസ് പൂർണമായും നിർത്തിവയ്ക്കേണ്ടിവരും.
  ബുധനാഴ്ച രാവിലെ മുതലാണ് ചെളി കൂടി പെരിയാറിലെ വെള്ളത്തിന് നിറവ്യത്യാസം കണ്ടത്. ആവോലിച്ചാൽ പമ്പ് ഹൗസിന്റെ പ്രവർത്തനം നിലച്ചത് കവളങ്ങാട് പഞ്ചായത്തിലെ കുടിവെള്ള വിതരണത്തെ താളംതെറ്റിക്കും. ഫിൽട്ടർ ചെയ്യുന്നിടത്ത് ചെളി അടിഞ്ഞ് കൂടി പമ്പിങ് നടത്താൻ സാധിക്കാത്ത അവസ്ഥയാണെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. ഹൈറേഞ്ച് ഭാഗത്ത് കഴിഞ്ഞ ദിവസം കാര്യമായ മഴ പെയ്തിട്ടില്ലെന്നും പറയുന്നു. ഡാമുകൾ തുറന്നതായും അറിയിപ്പില്ല. പെരിയാറിന്റെ തീരത്ത് അനിയന്ത്രിതമായ മണ്ണെടുപ്പ് മൂലമാണ് വെള്ളത്തിൽ ചെളി കൂടിയതെന്ന് അറിയുന്നു.
 ചെളിയുടെ അംശം കുറഞ്ഞില്ലെങ്കിൽ അത് പെരിയാറിനെ ആശ്രയിച്ചുള്ള പമ്പ്ഹൗസുകളുടെ പ്രവർത്തനത്തെ ബാധിക്കാനും സാധ്യതയുണ്ട്. എറണാകുളം ജില്ലയിലെ ഭൂരിഭാഗം കുടിവെള്ള വിതരണവും പെരിയാറിനെ ആശ്രയിച്ചാണ് നടക്കുന്നത്.