ചെങ്ങമനാട് : സൗദിയിൽ കോവിഡ് ബാധിച്ച് ഭാര്യയും തുടർന്ന് നവജാത ശിശുവും മരിച്ചതിനെ തുടർന്ന് നാട്ടിലെത്തിയ യുവാവ് ജീവനൊടുക്കിയ നിലയിൽ. കപ്രശ്ശേരി പൊട്ടയിൽ (വലിയ വീട്ടിൽ) കുഞ്ഞുമോന്റെയും ഉഷയുടെയും മകൻ വിഷ്ണു (32) ആണ് ഭാര്യ മരിച്ച് ഒരു മാസം തികഞ്ഞ ദിവസം മരിച്ചത്. വ്യാഴാഴ്ച രാവിലെ വിഷ്ണു ഉണരാത്തതിനെ തുടർന്ന് കിടപ്പുമുറിയുടെ വാതിൽ തകർത്ത് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

സൗദിയിലായിരുന്നു വിഷ്ണുവും ഭാര്യ ഗാഥയും. ഒരേ ഓഫീസിലാണ് ഇവർ ജോലിചെയ്തിരുന്നത്. ആറു മാസം ഗർഭിണിയായിരുന്ന ഗാഥയെ പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ നടത്തിയ സമയത്താണ് കോവിഡ് ബാധിച്ചത്. ജൂലായ് 26-ന് നില വഷളായതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഗാഥ മരിച്ചു. അതി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുഞ്ഞ് രണ്ട് ദിവസത്തിനു ശേഷം മരിച്ചു.

ഓഗസ്റ്റ്‌ ഒന്നിന് ദമാമിൽ ഗാഥയുടെ സംസ്കാരം നടത്തിയ ശേഷം മൂന്നിനാണ് വിഷ്ണു നാട്ടിലെത്തിയത്. മനസ്സുതകർന്ന നിലയിലായിരുന്നു വിഷ്ണുവെന്ന് വീട്ടുകാർ പറഞ്ഞു. ഗാഥ കരിങ്കുന്നം തടത്തിൽ കുടുംബാംഗമാണ്. നെടുമ്പാശ്ശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Wife and daughter died in Saudi Husband commit suicide