കൊച്ചി: നഗരത്തിൽ മാലിന്യം തള്ളുന്നത് ഇപ്പോൾ ഒരു പുതുമയല്ലാത്ത കാര്യമായിരിക്കുകയാണ്. എത്ര ക്യാമറകൾ വെച്ചാലും മാലിന്യം തള്ളുമെന്നുറപ്പിച്ചവർ തള്ളുകതന്നെ ചെയ്യും. അതിന് ഇതാ മറ്റൊരു ഉദാഹരണം കൂടി.

ഐ.എം.എ.യ്ക്ക് സമീപമുള്ള സ്റ്റേഡിയം ലിങ്ക് റോഡിലാണ് പുതിയ മാലിന്യക്കാഴ്ച. കലൂർ, കടവന്ത്ര ഭാഗങ്ങളിലേക്ക് വരുന്ന നിരവധി വാഹനങ്ങൾ ഗതാഗതക്കുരുക്കൊഴിവാക്കി കടന്നുപോരുന്ന വഴിയാണിത്. ഇവിടെയാണ് മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്.

വലിയ ചാക്കുകളിൽ കെട്ടിയ നിലയിലാണ് മാലിന്യം. പ്ലാസ്റ്റിക്, പേപ്പർ, തുണി, കാർഡ്‌ബോർഡ് തുടങ്ങി അത്യാവശ്യം എല്ലാത്തരത്തിലുള്ള മാലിന്യവും സ്ഥലത്തുണ്ട്. മൂക്കുപൊത്തി വേണം ഇതിലേ നടക്കാൻ.

രാത്രിയിലാണ് മാലിന്യം തള്ളുന്നതെന്നാണ് പരിസരവാസികൾക്കിടയിലെ സംശയം. മാലിന്യം വേണ്ടുവോളം ഉള്ളതുകൊണ്ടുതന്നെ ഇവിടെ നായ്ക്കളുടെ ശല്യവുമുണ്ട്. മാലിന്യം നായ്ക്കൾ കടിച്ചു വലിച്ച് റോഡിലേക്കിടുന്നുണ്ട്. പ്രദേശത്തുനിന്ന് എത്രയുംവേഗം മാലിന്യം നീക്കണമെന്നും ഇത്തരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി ഉചിതമായ ശിക്ഷ നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.